17 October 2024, Thursday
KSFE Galaxy Chits Banner 2

പ്രഹസനമായി മാറിയ മണിപ്പൂർ സമാധാന ചർച്ച

Janayugom Webdesk
October 17, 2024 5:00 am

മണിപ്പൂരിൽ കഴിഞ്ഞ പതിനേഴ് മാസത്തിൽ ഏറെയായി തുടരുന്ന വംശീയ കലാപത്തിന് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹിയിൽ വിളിച്ചുചേർത്ത കുക്കി, മെയ്തി, നാഗ വിഭാഗങ്ങളിൽപെട്ട നിയമസഭാംഗങ്ങളുടെ യോഗം ഫലപ്രദമായ തീരുമാനങ്ങൾ ഒന്നുംകൂടാതെ അവസാനിച്ചു. ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിൽനിന്നും ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ വിട്ടുനിന്നതാണ് ഏറെ വൈകിയെങ്കിലും വിളിച്ചുചേർത്ത യോഗത്തിന്റെ പരാജയത്തിന്റെ മുഖ്യ കാരണം. മണിപ്പൂർ നിയമസഭയിലെ ഭരണ പക്ഷത്തെ അല്ലാതെ പ്രതിപക്ഷ നേതാവ് കെയ്ഷം മേഘചന്ദ്ര സിങ്ങ് തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും, യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല എന്നത് പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നു. പ്രതിപക്ഷത്തെ മാത്രമല്ല, പ്രശ്നത്തിന്റെ ഉറവിടമെന്ന് പരക്കെ കരുതപ്പെടുന്ന മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ അസാന്നിധ്യവും യോഗത്തിന്റെ ഉദ്ദേശശുദ്ധിയിൽ സംശയം ജനിപ്പിക്കുന്നു.

യോഗത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ‘എല്ലാ സമുദായങ്ങളോടും ഇനിയും ജീവനാശം സംഭവിക്കാതിരിക്കാൻ അക്രമത്തിന്റെ പാത ഉപേക്ഷിക്കാൻ’ ഔദ്യോഗിക പ്രസ്താവനയിലൂടെ ആഹ്വാനം നൽകി അവസാനിപ്പിക്കുകയാണ് ഉണ്ടായത്. എന്നാൽ യോഗം അത്തരം യാതൊരു പ്രമേയവും അംഗീകരിച്ചിട്ടില്ല എന്നാണ് അഭിജ്ഞ വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. യോഗം, സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് അർത്ഥപൂർണമായ നിർദേശങ്ങൾ ഏതെങ്കിലും പരിഗണിക്കുകയോ ചർച്ചചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. പകരം മന്ത്രാലയത്തെയും ബിജെപിയെയും പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തവർ മണിപ്പൂർ നിയമസഭാംഗങ്ങളോട് സംസ്ഥാനത്ത് തിരികെപ്പോയി സമാധാന സ്ഥാപനത്തിന് മുന്‍കയ്യെടുക്കാൻ നിർദേശിക്കുകയും മറ്റൊരു യോഗം താമസിയാതെ വിളിച്ചുചേർക്കുമെന്ന് അറിയിക്കുകയും മാത്രമാണ് ഉണ്ടായത്.

യോഗത്തിൽ പങ്കെടുത്ത കുക്കി-സൊ എംഎൽഎമാരുടെ പ്രസ്താവന ‘അർത്ഥപൂർണമായ സമാധാനചർച്ചകൾക്ക് കുക്കി-സൊ സമുദായങ്ങൾക്ക് പ്രത്യേക ഭരണ സംവിധാനമെന്നത് അനിവാര്യമായ മുന്നുപാധി‘യാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ഈ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ), യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് (യുപിഎഫ്) എന്നീ സംഘടനകളുമായാണ് രാഷ്ട്രീയ ചർച്ചകൾ തുടരേണ്ടതുമെന്ന് പ്രസ്താവന നിർദേശിക്കുന്നു. യോഗത്തെ തുടർന്ന് പുറത്തുവന്ന രണ്ട് പ്രസ്താവനകളും പ്രശ്നത്തിൽ സമവായത്തിന്റേതായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സമ്പൂർണ പരാജയമാണ് തുറന്നുകാട്ടുന്നത്. മാത്രമല്ല, തങ്ങളുടെ സമുദായങ്ങളുമായി കൂടിയാലോചിക്കാതെ മെയ്തി, നാഗാ വിഭാഗങ്ങളുമായി സംയുക്ത യോഗങ്ങളോ കൂടിയാലോചനകളോ സാധ്യമല്ലെന്നും അവർ വ്യക്തമാക്കുന്നു. മണിപ്പൂർ പ്രശ്നപരിഹാരത്തിന്റെ സമ്പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിലും ആഭ്യന്തര മന്ത്രാലയത്തിലും നിക്ഷിപ്തമാണ്. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ നിഴൽ മാത്രമായി മാറിയിരിക്കുന്നു എന്നതാണ് യഥാർത്ഥ വസ്തുത. പ്രത്യക്ഷത്തിൽ സംസ്ഥാനത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല മുഖ്യമന്ത്രി ബീരേൻ സിങ്ങിനാണെങ്കിലും യഥാർത്ഥത്തിൽ നിയന്ത്രണം ഏകീകൃത കമാൻഡ് ചെയർമാൻ റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ കുൽദിപ് സിങ്ങിന്റെ കരങ്ങളിലാണ്. അയാളെ ആ പദവിയിൽ നിയോഗിച്ചിരിക്കുന്നത് ആഭ്യന്തര മന്ത്രി അമിത് ഷായും. വസ്തുതകൾ ഇതാണെന്നിരിക്കെ മണിപ്പൂർ ജനത അഭിമുഖീകരിക്കുന്ന കൊടിയ ദുരിതങ്ങളുടെ സമ്പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മാത്രമാണ്. ഇവിടെയാണ് യോഗത്തിലെ ഷായുടെ അഭാവം സമാധാന ചർച്ചകളുടെ ഉദ്ദേശശുദ്ധിയെ സംശയകരമാക്കുന്നത്. 2023 മേയ് മാസം മൂന്നിന് ആരംഭിച്ച കലാപത്തിൽ ഇതിനോടകം 237 പേർ കൊലചെയ്യപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു. 60,000ലധികം പേർ സ്ഥാനഭ്രംശരായി. സംസ്ഥാനത്തേക്കുള്ള രണ്ട് പ്രധാന ദേശീയപാതകളും അടഞ്ഞുകിടക്കുന്നു. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം തുടങ്ങി മനുഷ്യ നിലനില്പിന് അനിവാര്യമായ അവശ്യവസ്തുക്കൾ ലഭിക്കാതെ ജനങ്ങൾ വംശവ്യത്യാസം കൂടാതെ നട്ടംതിരിയുകയാണ്. മണിപ്പൂരിലെ ജനജീവിതം അനിശ്ചിതമായ നിശ്ചലതയിലാണ്. താഴ്‌വരയിൽ ഉള്ളവർക്ക് പർവത മേഖലകളിലേക്കോ അവടെയുള്ളവർക്ക് തിരിച്ചോ സഞ്ചരിക്കുക അസാധ്യമായിരിക്കുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമാണ് മാസങ്ങളായി നിഷേധിക്കപ്പെട്ടിരിക്കുന്നത്. ദിനംപ്രതിയെന്നോണം പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ജനജീവിതത്തെ നിരന്തരം ഭയത്തിന്റെയും ആശങ്കയുടെയും മുൾമുനയിൽ ആക്കിയിരിക്കുന്നു. അത്തരം ഊഹാപോഹങ്ങളുടെ ഉറവിടം മിക്കപ്പോഴും ഭരണവൃത്തങ്ങൾ തന്നെയാണ്. മ്യാന്‍മര്‍ അതിർത്തിയിൽനിന്നും 900 ആക്രമണകാരികൾ മണിപ്പൂരിലേക്ക് നുഴഞ്ഞുകയറിയെന്ന ഭീതിജനകവും അടിസ്ഥാനരഹിതവുമായ വാർത്തയുടെ ഉറവിടം ഏകീകൃത കമാൻഡ് ചെയർമാൻ കുൽദിപ് സിങ്ങായിരുന്നുവെന്നത് കേന്ദ്രസർക്കാരിന്റെ വിശ്വാസ്യതയേയും ഉദ്ദേശശുദ്ധിയേയും ചോദ്യംചെയ്യുന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ ഉയർന്നിട്ടുള്ള ഈ വെല്ലുവിളിയെ നേരിടാനും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനും കേന്ദ്രസർക്കാരിന്റെ മേൽ ശക്തമായ സമ്മർദം അനിവാര്യമായിരിക്കുന്നു. സമാധാന ശ്രമങ്ങൾ പ്രഹസനമാക്കി മാറ്റുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി തെരുവിൽ ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് പ്രതിപക്ഷ പാർട്ടികളുടെ അടിയന്തര കർത്തവ്യമായി മാറണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.