22 December 2024, Sunday
KSFE Galaxy Chits Banner 2

മണിപ്പൂര്‍ റിപ്പോര്‍ട്ട്; എഡിറ്റേഴ്സ് ഗില്‍ഡിന്റെ സംരക്ഷണം നീട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2023 10:22 pm

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ പേരില്‍ എഡിറ്റേഴ്സ് ഗില്‍ഡിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളില്‍ അറസ്റ്റ് വിലക്കിയ ഉത്തരവ് സുപ്രീം കോടതി നീട്ടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എഡിറ്റേഴ്‌സ് ഗില്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സെപ്റ്റംബര്‍ ആറിലെ ഉത്തരവാണ് 15 വരെ നീട്ടിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസ് റിപ്പോര്‍ട്ടിന്റെ പേരിലുള്ളതാണെന്നും മണിപ്പൂരില്‍ ആരെങ്കിലും എന്തെങ്കിലും ചെയ്തതിന്റെ പേരിലുള്ളതല്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. എഫ്ഐആര്‍ റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേസ് മണിപ്പൂര്‍ ഹൈക്കോടതിയിലേക്കോ ഡല്‍ഹി ഹൈക്കോടതിയിലേക്കോ മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. കേസ് വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
മണിപ്പൂര്‍ കലാപം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെയെന്ന് വിലയിരുത്താന്‍ പോയ എഡിറ്റേഴ്സ് ഗില്‍ഡിന്റെ സംഘത്തിലുണ്ടായിരുന്ന സീമാ ഗുവാ, ഭരത് ഭൂഷന്‍, സഞ്ജയ് കപൂര്‍ എന്നിവരുള്‍പ്പെട്ട വസ്തുതാ പഠന സംഘത്തിനെതിരെയും എഡിറ്റേഴ്സ് ഗില്‍ഡ് അധ്യക്ഷ സീമാ മുസ്തഫക്കെതിരെയുമാണ് മണിപ്പൂര്‍ സര്‍ക്കാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പക്ഷപാതപരമെന്ന സംഘത്തിന്റെ കണ്ടെത്തല്‍ പുറത്തുവിട്ടതാണ് കേസിനാസ്പദമായ വിഷയം.

Eng­lish sum­ma­ry; Manipur Report; Pro­tec­tion of Edi­tors Guild extended

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.