22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024

ഇവര്‍ കുറ്റവാളികള്‍…

രാമചന്ദ്ര ഗുഹ
November 8, 2023 4:30 am

ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളും ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന വേട്ടയും മുതലാക്കി മാസങ്ങളായിത്തുടരുന്ന മണിപ്പൂരിന്റെ ദുരവസ്ഥ മുഖ്യാധാരാ മാധ്യമങ്ങള്‍ മറച്ചു. ഇരുട്ടുകൊണ്ട് ആനയെ മറയ്ക്കുന്ന ഭരണകൂടമാകട്ടെ ഇതവസരമാക്കുകയും ചെയ്തു. മണിപ്പൂരിലെ കലാപം ദേശീയ പ്രതിസന്ധിയായി ബിജെപി കണക്കാക്കുന്നില്ല. എന്നാല്‍ ഫ്രാൻസിലെ പ്രതിഷേധം അവര്‍ക്ക് ഒരു ദേശീയ പ്രതിസന്ധിയാണ്. പാകിസ്ഥാൻ യുവതി ഇന്ത്യക്കാരനെ വിവാഹം കഴിച്ചാല്‍ അതും ദേശീയ പ്രതിസന്ധിയാണ്. രാജ്യത്ത് ഏതെങ്കിലുമൊരു ഉള്‍ഗ്രാമത്തില്‍ ഒരു മുസ്ലിം ഹിന്ദുവിനെ വിവാഹം കഴിക്കുന്നതും ബിജെപിക്ക് ദേശീയ പ്രതിസന്ധിയാണ്. ഓപൺഹെയ്മർ (Oppen­heimer) സിനിമപോലും ദേശീയ പ്രതിസന്ധിയാണ്. പക്ഷേ ബിജെപിയുടെ ദേശീയവ്യഥകളില്‍ മണിപ്പൂരിന്റെ വിലാപത്തിനിടമില്ല. പ്രകൃതിഭംഗി, സംഗീത‑നൃത്ത പാരമ്പര്യങ്ങളുടെ സമൃദ്ധി, സ്ത്രീകളുടെ സ്വാതന്ത്ര്യം തുടങ്ങി മണിപ്പൂര്‍ വേറിട്ടൊരു ചൈതന്യവഴിയിലായിരുന്നു. പക്ഷെ, കഴിഞ്ഞ ഏതാനും മാസങ്ങളായി, മെയ്തികളും കുക്കി-സോ വിഭാഗങ്ങളും അന്യോന്യം ശത്രുക്കളായി. അധിക്ഷേപകരമായ പരാമർശങ്ങൾക്കും കുറവില്ല. മണിപ്പൂരിലെ വംശഹത്യ ഗോദി മീഡിയ മറച്ചുവയ്ക്കുകയും അവഗണിക്കുകയും ചെയ്യുന്നു. മണിപ്പൂരിലെ പ്രതിസന്ധി ഇത്രയും മാസങ്ങളായി നിലനിൽക്കുന്നതും അത് ശമിക്കുന്നതിന്റെ പ്രകടമായ ഒരു ലക്ഷണവുമില്ലാത്തതും മോഡിയും അമിത്ഷായും നാഴികയ്ക്ക് നാല്പതുവട്ടം വായിട്ടലയ്ക്കുന്ന ‘ഇരട്ട എന്‍ജിൻ സർക്കാരിന്റെ’ സമ്പൂർണ പരാജയത്തിന്റെ അടയാളമാണ്.


ഇതുകൂടി വായിക്കൂ: മണിപ്പൂരിനൊപ്പം


2023 മേയ് മാസത്തിന് മുമ്പും കുക്കികളും മെയ്തികളും പൂർണ യോജിപ്പോടെ സഹകരിക്കുന്നവരായിരുന്നില്ല. മതം അവരെ വേർതിരിച്ചിരുന്നു. കുക്കികളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളും മെയ്തികളില്‍ കൂടുതല്‍ ഹിന്ദുക്കളുമായിരുന്നു. കുക്കികൾ മലനിരകളില്‍ വാസമുറപ്പിച്ചു. മെയ്തികള്‍ ഇംഫാൽ താഴ്‌വരയിൽ ആധിപത്യം സ്ഥാപിച്ചു. മെയ്തി രാഷ്ട്രീയം തങ്ങള്‍ക്കുമേല്‍ പുലര്‍ത്തുന്ന മേലാള മനോഭാവം കുക്കികളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. കുക്കികളുടെ പട്ടികവർഗ പരിഗണന സർക്കാർ ജോലി നേടുന്നതില്‍ അവര്‍ക്ക് നേട്ടം നൽകുന്നതായി മെയ്തികളും പരാതിപ്പെട്ടു. മെയ്തി-കുക്കി സംഘർഷം അക്രമത്തിന്റെ തോതിലും പ്രത്യേകിച്ച് സമ്പൂർണ ധ്രുവീകരണത്തിന്റെ കാര്യത്തിലും വേറിട്ടുനിൽക്കുന്നു. സംഘര്‍ഷത്തില്‍ കുക്കികൾ നേരിടുന്നത് മെയ്തികള്‍ക്കൊപ്പം അവര്‍ക്ക് സ്വാധീനമുള്ള ഭരണകൂടത്തെയുമാണ്. പൊലീസും ബ്യൂറോക്രസിയും റിപ്പോർട്ട് നല്‍കുന്നത് മെയ്തികളുടെ പക്ഷം നില്‍ക്കുന്ന ഇത്തരം രാഷ്ട്രീയ നേതൃത്വത്തിനാണ്. ഈ അസമത്വത്തിന്റെ അടയാളമായാണ് 200ലധികം ദേവാലയങ്ങള്‍ കത്തിച്ചുകളഞ്ഞതിനെ കൂട്ടിവായിക്കേണ്ടത്. മേയ് മാസം മുതല്‍ കുക്കി-മെയ്തി ബന്ധം വിഷലിപ്തമാണ്. കുക്കികൾക്ക് ഇംഫാൽ താഴ്‌വരയിൽ താമസിക്കാനും ജോലി കണ്ടെത്താനും മലകളില്‍ ജോലി ചെയ്യാനും ഉതകുന്ന സഹിഷ്ണുത നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ വംശീയ വേർതിരിവ് ഏതാണ്ട് പൂർണമായിക്കഴിഞ്ഞു. കുക്കികൾ താഴ്‌വരയിൽ നിന്ന് പൂര്‍ണമായും ഒഴിഞ്ഞു. മെയ്തികള്‍ വിപരീത ദിശയിലും. മണിപ്പൂരിന്റെ അതിദാരുണമായ വര്‍ത്തമാനത്തിന് മൂന്നു പേരാണ് ഉത്തരവാദികള്‍. ഒന്നാമന്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ്. തികഞ്ഞ പക്ഷപാതിത്തത്തോടെ മെയ്തികളോടൊപ്പം നില്‍ക്കുന്നു. മണിപ്പൂര്‍ കലാപം ഭരണകൂടത്തിന്റെ ആശയപരമായ പക്ഷപാതിത്തവും ഭരണപരമായ കഴിവില്ലായ്മയും തന്നെയാണ്. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് വലിയ തോതില്‍ ആയുധങ്ങൾ കൊള്ളയടിക്കുന്നതിന് സംസ്ഥാന സർക്കാർ വഴിയൊരുക്കി. ആറ് മാസം കഴിഞ്ഞിട്ടും കൊള്ളയടിച്ച ആയുധങ്ങളുടെ ഒരു ചെറിയ ശതമാനം മാത്രമേ വീണ്ടെടുക്കാനായിട്ടുള്ളൂ. മെയ്തി തീവ്ര വലതുപക്ഷ ഗ്രൂപ്പായ അരാംബൈ ടെങ്കോളിലെ സായുധരായ അംഗങ്ങളുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തിവന്നിരുന്നു.

സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ പൊലീസ് ആയുധപ്പുര കൊള്ളയടിക്കാൻ ശ്രമിക്കുന്നതു സംബന്ധിച്ചായിരുന്നു അത്. ദുരന്തത്തിന് ഉത്തരവാദിയായ രണ്ടാമത്തെ വ്യക്തി കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. ഒരു ഹ്രസ്വ സന്ദർശനം നടത്തി ഒഴിഞ്ഞു എന്നതല്ലാതെ അക്രമം തടയാൻ വേണ്ടതൊന്നും ചെയ്തിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ വോട്ടുപിടിത്തത്തിലായിരുന്നു ശ്രദ്ധ. മൂന്നാമന്‍ സംസ്ഥാനം സന്ദർശിക്കാന്‍ പോലും തയ്യാറാകാത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. അതേസമയം പ്രതിസന്ധി പരിഹരിക്കാൻ എന്തെങ്കിലും ചെയ്യാതിരിക്കാൻ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉറച്ച പിന്തുണ അദ്ദേഹം നൽകുന്നുമുണ്ട്. അത് സംവേദനക്ഷമതയോ അഹങ്കാരമോ ആയാലും, മണിപ്പൂര്‍ ജനതയോടുള്ള പ്രകടമായ താല്പര്യക്കുറവ് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് യോജിച്ചതല്ല. നരേന്ദ്രമോഡിയുടെ സംസ്ഥാന സന്ദര്‍ശനം മെയ്തികളായാലും കുക്കികളായാലും മറ്റുള്ളവരായാലും മണിപ്പൂരികളോട് അദ്ദേഹത്തിന് കരുതലുണ്ടെന്ന സൂചന നൽകുമായിരുന്നു. ഇത് സാമൂഹിക അനുരഞ്ജനത്തിലേക്കുള്ള ആദ്യചുവടുവയ്പായിക്കണ്ട് ഇരുസമുദായങ്ങളിലെയും നേതാക്കൾ തമ്മിലുള്ള സംഭാഷണം പോലും നടക്കുമായിരുന്നു. മെയ്തി മേൽക്കോയ്മയോടൊപ്പം നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാന്‍ അതുപകരിക്കുമെന്നു തന്നെയാണ് ബിരേൻ സിങ് വിശ്വസിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് അമിത് ഷായും നരേന്ദ്ര മോഡിയും മണിപ്പൂരിനെയും മണിപ്പൂരികളെയും മനഃസാക്ഷിയില്ലാത്തവിധം അവഗണിച്ചത്? കുക്കികളെ അന്യവല്‍ക്കരിക്കുന്നത് വരുംതെരഞ്ഞെടുപ്പുകളില്‍ ഹിന്ദുവോട്ട് ഏകീകരിക്കാൻ സഹായിക്കുമെന്ന് അവർ കരുതുന്നുണ്ടാകാം. ഭരണപാടവമില്ലായ്മയും കാരണമാണ്. കാരണം, സർദാർ വല്ലഭായ് പട്ടേലിൽ നിന്ന് വ്യത്യസ്തമായി, മോഡിയും ഷായും സ്വയംപ്രചാരണത്തില്‍ വൈദഗ്ധ്യമുള്ളവരാണ്. എന്നാല്‍ അവർക്ക് വിവേകത്തോടെ ഭരിക്കാനോ ശ്രദ്ധാപൂര്‍വം വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങള്‍ വിലയിരുത്താനോ ഉള്ള പട്ടേലിന്റെ കഴിവില്ല. തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിലും ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും മണിപ്പൂരിനെക്കുറിച്ച് ഉരിയാടാതെ വാ പൂട്ടിനിന്നു. എന്നാല്‍, ആര്‍എസ്എസ് സർസംഘചാലക് തന്റെ വിജയദശമി പ്രസംഗത്തിൽ മണിപ്പൂരിനെ സ്പർശിച്ചു.


ഇതുകൂടി വായിക്കൂ: ഹരിയാന മറ്റൊരു മണിപ്പൂര്‍ ആകരുത്


അദ്ദേഹത്തിന്റെ പ്രസംഗം ഇങ്ങനെ: ‘ഇത്രയും കാലം ഒരുമിച്ചു ജീവിച്ച മെയ്തികളും കുക്കികളും എന്തുകൊണ്ടാണ് സംഘർഷത്തിലായത്? ഇതിൽ നിന്ന് ആർക്കാണ് നേട്ടം? ഏതെങ്കിലും ബാഹ്യശക്തികൾ ഉണ്ടായിരുന്നോ? ആഭ്യന്തരമന്ത്രി സംസ്ഥാനം സന്ദർശിച്ചു. എന്നിട്ടും ദുരന്തങ്ങൾ ആവര്‍ത്തിക്കുന്നു; ആരാണ് പിന്നില്‍? അവര്‍ കലാപം ഇന്ധനമാക്കുകയാണ്.’ മോഹൻ ഭാഗവതിന്റെ പ്രസംഗത്തിന് ശേഷം മണിപ്പൂർ പ്രതിസന്ധിയില്‍ ‘വിദേശ കെെ’ ഉണ്ടെന്ന് ഹിന്ദുത്വ പ്രചാരകര്‍ പറഞ്ഞുപരത്തി. കുക്കികൾ ഭൂരിപക്ഷവും ക്രിസ്ത്യാനികളായത് ‘വിദേശ കെെ’ പ്രയോഗത്തിന് ചെറുതോതിലെങ്കിലും ഉപകരിച്ചു. ഇംഫാലിലെയും ന്യൂഡൽഹിയിലെയും സ്വന്തം നേതാക്കളുടെ തെറ്റുകൾ മറയ്ക്കാന്‍ കുക്കികളെ അപകീർത്തിപ്പെടുത്താനാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങൾ ശ്രമിക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭൂരിപക്ഷമുണ്ടായിട്ടും, ക്രമസമാധാന പാലനത്തിന്റെയും പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും നിയന്ത്രണമുണ്ടായിട്ടും, മോ‍ഡി-ഷാ ഭരണം മണിപ്പൂരിനെയും മണിപ്പൂരികളെയും ദുരിതപൂര്‍ണമായ അവസ്ഥയിലെത്തിച്ചു. സർക്കാർ ശക്തമാണെന്ന് ആർഎസ്എസ് പ്രചാരകർ ആവര്‍ത്തിക്കുന്നു; മോഹൻ ഭാഗവതും അവകാശപ്പെടുന്നു. പക്ഷെ കേന്ദ്ര ഭരണകൂടത്തെ കഴിവുകെട്ടതും ജനങ്ങള്‍ക്ക് ഉപദ്രവകരമെന്നും വിശേഷിപ്പിക്കുന്നതാകും ഉചിതം. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയസാധ്യത വർധിപ്പിക്കുന്നതിന് അതിർത്തി സംസ്ഥാനത്ത് ഒരു ഭൂരിപക്ഷ അജണ്ട പ്രോത്സാഹിപ്പിക്കുന്നത് കേന്ദ്രഭരണകൂടത്തിന്റെ അതി ക്രൂരതയാണ്. ഇത് കാലം അടയാളപ്പെടുത്തും. (അവലംബം: ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.