‘അവിരേചിത ഭിക്ഷാന്ന- മുദരത്തില്‍ നിറയ്ക്കയാല്‍ നല്ലതൊന്നും രുചിക്കാതെ നാവാല്‍ ജീര്‍ണത തേടുവോര്‍’ കവി വി മധുസൂദനന്‍ നായരുടെ ‘ഉപനിഷത്’ എന്ന കവിതയിലെ ഈ വരികള്‍ വര്‍ത്തമാനകാല ഭാരത രാഷ്ട്രീയത്തില്‍ അന്വര്‍ത്ഥമാണ്. നല്ലതൊന്നും രുചിക്കാതെ നാവില്‍ ജീര്‍ണത തേടുന്നവരാണ് നമ്മെ ഭരിക്കുന്നത്. വംശവിദ്വേഷത്തിന്റെയും വര്‍ഗീയ ഫാസിസത്തിന്റെയും മതനിരപേക്ഷ ധ്വംസനത്തിന്റെയും ഏകമതമേധാവിത്ത്വത്തിന്റെയും ജീര്‍ണത നിറഞ്ഞ വാക്കുകളാണ് നരേന്ദ്രമോഡിയുടെ കേന്ദ്രഭരണത്തില്‍ അരങ്ങേറുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനവേദി വര്‍ഗീയ സദസാക്കി നരേന്ദ്രമോഡി പരിണമിപ്പിച്ചു. ഗണപതി പൂജയും ഹോമവും മോഡിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കാണെന്ന ഭരണഘടനാ തത്വസംഹിതയെയാകെ മോഡി വെല്ലുവിളിച്ച് കയ്യൊഴിഞ്ഞു. തമിഴ്‌നാട്ടിലെ കാഷായ വസ്ത്രധാരികളെ അണിനിരത്തി ഏകാഭിഷേക പട്ടാഭിഷേകം നരേന്ദ്രമോഡി നടത്തി. മതേതര ഇന്ത്യയില്‍ ഏക മതമേധാവിത്തം എന്ന തങ്ങളുടെ തത്വസംഹിത എങ്ങനെ സ്ഥാപിതമാക്കുവാന്‍ കഴിയുമെന്ന പരീക്ഷണശാലയായി പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തെ മാറ്റുകയായിരുന്നു നരേന്ദ്രമോഡി. ചെങ്കോല്‍ രാജാധികാരത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അടയാളമാണ്. അതിനുമുന്നില്‍ സാഷ്ടാംഗമായി പ്രണാമം നടത്തിയതുവഴി നരേന്ദ്രമോഡി രാജാധികാരത്തെയും സാമ്രാജ്യത്വത്തെയും കാലില്‍ വണങ്ങി സ്തുതിക്കുകയായിരുന്നു. കാഷായ വസ്ത്രധാരികളെ ആനയിച്ചുകൊണ്ട് പുതു പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോള്‍ ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കാണ് എന്ന ഭരണഘടനാ തത്വത്തെ നഗ്നമായി ലംഘിക്കുകയാണ് നരേന്ദ്രമോഡി ഭരണകൂടം ചെയ്തിരിക്കുന്നത്.
ഡോ. സതീഷ് ചന്ദ്ര ‘മധ്യകാല ഇന്ത്യ’ എന്ന പുസ്തകത്തില്‍ മോഡി പറയുന്ന ചോളസാമ്രാജ്യത്തെക്കുറിച്ച് ഈവിധമെഴുതുന്നു. ‘നെയ്ത്ത്, സ്വര്‍ണപ്പണി, വെള്ളികൊണ്ടുള്ള നിര്‍മ്മാണങ്ങള്‍, ലോഹസംസ്കരണം മുതലായ ഇന്ത്യന്‍ കെെത്തൊഴിലാളികളുടെ ഉന്നത നിലവാരത്തില്‍ അക്കാലത്ത് ശോഷണം സംഭവിച്ചില്ല. ഇന്ത്യന്‍ കാര്‍ഷികരംഗവും അഭിവൃദ്ധി നേടിക്കൊണ്ടിരുന്നു…’ ആ ചരിത്രഗ്രന്ഥത്തില്‍ ഒരിടത്തും ചെങ്കോലിനെക്കുറിച്ച് പരാമര്‍ശമേയില്ല. ഒമ്പതാം നൂറ്റാണ്ടിലാണ് ചോളസാമ്രാജ്യം രൂപംകൊണ്ടത്. പല്ലവ രാജാവിന്റെ സാമന്തനായിരുന്ന വിജയാലയനാണ് ചോള സാമ്രാജ്യത്തിന്റെ സ്ഥാപകന്‍. അതുമുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ചെങ്കോല്‍ കെെമാറ്റ അധമ രാഷ്ട്രീയം, രാജാധിപത്യ രാഷ്ട്രീയം കാണാനാവുകയില്ല. ഏറ്റവും മികച്ച മതനിരപേക്ഷ നിലപാടുകളുണ്ടായിരുന്ന, വിട്ടുവീഴ്ചയില്ലാതെ മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ട പണ്ഡിറ്റ് നെഹ്രുവിനെ അവഹേളിതനാക്കി ചരിത്രത്തെ വക്രീകരിക്കുകയാണ് നരേന്ദ്രമോഡിയും അമിത് ഷായും സംഘവും. പുതു പാര്‍ലമെന്റ് മന്ദിരം വര്‍ഗീയതയുടെയും വിഭാഗീയതയുടെയും പ്രതീകമായി സവര്‍ക്കറുടെയും ഗോഡ്സെയുടെയും പരമഭക്തനായ നരേന്ദ്രമോഡി കമഴ്ന്ന് കിടന്ന് മാറ്റിത്തീര്‍ത്തു. മോഡിയുടെ ആ കമഴ്ന്ന് കിടപ്പില്‍ ഇന്ത്യന്‍ മതനിരപേക്ഷതയുടെയും ജനാധിപത്യമൂല്യങ്ങളുടെയും ഭരണഘടനാ തത്വസംഹിതകളുടെയും തലതാഴ്ത്തിയുള്ള കൂപ്പുകുത്തല്‍ ദര്‍ശിക്കാനാവും. നിന്നെക്കുറിച്ചാരു പാടും? ദേവി! നിന്നെത്തിരഞ്ഞാരു കേഴും? സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ വരള്‍നാവു താഴുമീ വംശതീരങ്ങളില്‍ നിന്‍ നെഞ്ചിനുറവാരു തേടും-’ ഗംഗയെ തിരഞ്ഞാരും കേഴാനില്ല. ഗംഗയുടെ നെഞ്ചിനുറവു തേടാനുമാരുമില്ല. പക്ഷേ, ഗംഗ ഇന്ന് കേഴുകയാണ്. ഇന്ത്യയിലെ അബലവനിതകളുടെ നെഞ്ചിനുറവ് തേടി ഗംഗ വിങ്ങി വിങ്ങി വിലപിക്കുകയാണ്.
ബ്രിജ് ഭൂഷണ്‍ ശരണ്‍ എന്ന ബിജെപി എംപിയുടെ ലൈഗികാതിക്രമത്തിനെതിരെ പ്രക്ഷോഭം നടത്തിവരുന്ന, രാജ്യത്തിന്റെ അഭിമാന പതാക അന്താരാഷ്ട്രതലത്തില്‍ വാനോളം ഉയര്‍ത്തിയ ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തെ അനുനിമിഷം അപമാനിക്കുകയും അവഹേളിക്കുകയും അവഗണിക്കുകയുമാണ് മോഡി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത കായികതാരത്തിനു നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി എംപി, ഞാന്‍ ഒരാളെ വെടിവച്ചുകൊന്നുവെന്ന് ടെലിവിഷന്‍ ചാനലിലൂടെ വെളിപ്പെടുത്തിയ ബാബറി മസ്ജിദ് തകര്‍ക്കാന്‍ മുന്‍നിരയില്‍ നിന്ന, അനന്തരം മുംബൈ വര്‍ഗീയ ലഹളയ്ക്ക് തിരികൊളുത്തി ദാവൂദ് ഇബ്രാഹിമിനൊപ്പം നിന്ന ബ്രിജ് ഭൂഷണ്‍ സിങ് എന്ന ബിജെപി എംപി ഇപ്പോഴും സ്വൈരവിഹാരം നടത്തുന്നു. നരേന്ദ്രമോഡിയുടെ പാര്‍ലമെന്റ് ഹോമയാഗങ്ങളില്‍ അയാള്‍ വിശിഷ്ടാതിഥിയുമായിരുന്നു. ഈ ദുഷ്കരകാലത്ത് പീഡിതരായ ഗുസ്തി താരങ്ങളായ ഇന്ത്യന്‍ അഭിമാനങ്ങള്‍ക്ക് നീതി ലഭിക്കുന്നതെങ്ങനെ? മണിപ്പൂര്‍ കത്തിപ്പുകയുകയാണ്. 2002ല്‍ ബിജെപി — ആര്‍എസ്എസ് ഗുജറാത്തില്‍ നടത്തിയ വംശഹത്യാ പരീക്ഷണത്തിന്റെ ആവര്‍ത്തനമാണ് മണിപ്പൂരില്‍ അരങ്ങേറുന്നത്. ഗുജറാത്തില്‍ മുസ്ലീങ്ങളെങ്കില്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ എന്നുമാത്രം. ഗോള്‍ വാള്‍ക്കര്‍ ‘വിചാരധാര’യില്‍ പറഞ്ഞതുപോലെ ‘ഞങ്ങള്‍ക്ക് മൂന്ന് മുഖ്യശത്രുക്കള്‍. ഒന്ന് മുസ്ലീങ്ങള്‍, രണ്ട് ക്രിസ്ത്യാനികള്‍, മൂന്ന് കമ്മ്യൂണിസ്റ്റുകാര്‍’. ഈ സിദ്ധാന്തം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മണിപ്പൂരിലെ 160ലേറെ ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിക്കുന്നതും ഇരുന്നൂറോളം ആളുകളെ കൊന്നുതള്ളുന്നതും. വ്യാജ ഏറ്റുമുട്ടല്‍ സംഘ്പരിവാര്‍ ഭരണത്തിന്റെ മുഖ്യ അജണ്ടകളിലൊന്ന്. യുപിയില്‍ ഓരോ 14 മണിക്കൂറിനിടയിലും വ്യാജ ഏറ്റുമുട്ടലിലൂടെ നിരവധി മനുഷ്യര്‍ കൊല്ലപ്പെടുന്നു. മണിപ്പൂരിലും അതിന്റെ തനിയാവര്‍ത്തനമുണ്ടാവുന്നു. ‘മകനേ, ഇതിന്ത്യയുടെ നേര്‍പടം! വരകള്‍ക്കു മകമേ പതയ്ക്കുന്നു ഹൃദയമേ ഭാരതം’ — എന്ന് ഈ പാതകികള്‍ തിരിച്ചറിഞ്ഞിട്ടു ണ്ടെങ്കില്‍ നമുക്ക് രക്ഷാകവചം തീര്‍ക്കാമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.