23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024

കലാപമൊഴിയാതെ മണിപ്പൂര്‍; സൈന്യത്തെ ബന്ദിയാക്കി


*അക്രമികളെ വിട്ടുനല്‍കി ഒടുവില്‍ ഒത്തുതീര്‍പ്പ്
*പ്രതിഷേധിച്ചത് 1200 ഓളം വരുന്ന മെയ്തി വിഭാഗം
*ഭരണകൂട പരാജയത്തിന്റെ ഉദാഹരണമെന്ന് പ്രതിപക്ഷം
Janayugom Webdesk
ഇംഫാല്‍
June 25, 2023 9:05 pm

മണിപ്പൂരില്‍ സൈന്യത്തെ ബന്ദിയാക്കി 12 സായുധ ഗ്രൂപ്പ് അംഗങ്ങളെ മോചിപ്പിച്ച്‌ ജനക്കൂട്ടം. 1200 ലധികം മെയ്‌തി വിഭാഗക്കാരാണ് പിടിയിലായ കാങെയ് യവോള്‍ കന്ന ലപ് (കെവൈകെഎല്‍) സായുധ ഗ്രൂപ്പ് അംഗങ്ങളെ മോചിപ്പിച്ചത്.
ഇതാം ഗ്രാമത്തില്‍ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് മെയ്തി വിഭാഗത്തില്‍പ്പെട്ട 12 പേരെ സൈന്യം പിടികൂടിയത്. 2015ല്‍ സൈന്യത്തിന്റെ ഡോഗ്ര യൂണിറ്റിന് നേരെ ആക്രമണം നടത്തിയതിലടക്കം പങ്കുള്ളവരെയാണ് പിടികൂടിയത്. എന്നാല്‍ ഇവരെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് മോചിപ്പിക്കുകയായിരുന്നു. മണിക്കൂറുകളോളം സൈന്യവും ജനക്കൂട്ടവും നേര്‍ക്കുനേര്‍ നിന്ന സംഘര്‍ഷത്തിനൊടുവില്‍ പ്രതികളെ വിട്ടുകൊടുക്കുകയായിരുന്നു.
ദോഗ്ര ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സ്വയം പ്രഖ്യാപിത നേതാവ് ലെഫ്. കേണല്‍ മൊയ്‌റംഗ്തം താംബ എന്നയാളും വിട്ടയച്ചവരില്‍ ഉള്‍പ്പെടുന്നു. മാനുഷിക മുഖത്തോടെ സ്വീകരിച്ച തീരുമാനമാണിതെന്നും സാധാരണക്കാരായ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കരുതെന്നതിനാല്‍ പിന്മാറുകയായിരുന്നുവെന്നും സൈന്യം പറയുന്നു. പ്രതികളെ വിട്ടുനല്‍കി ഗ്രാമത്തില്‍നിന്ന് പൂര്‍ണമായി പിന്മാറേണ്ടി വന്നത് സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും പരാജയമായി മാറി.
കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തുവെങ്കിലും സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായിട്ടില്ല. അതേസമയം ഇന്നലെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥയ്ക്ക് ശമനമായെന്ന വിവരമാണ് ധരിപ്പിച്ചിരിക്കുന്നത്. സര്‍വകക്ഷി യോഗത്തിലും മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു.
ഭൂരിപക്ഷ വിഭാഗമായ മെയ്തി സംഘടനകളാണ് അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തതെന്നാണ് വിവരം. 35 ലേറെ കുക്കി സംഘടനകള്‍ ഇതിനോടകം ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവയ്ക്കുകയും ആയുധങ്ങള്‍ അടിയറ വയ്ക്കുകയും ചെയ്തിട്ടുണ്ട്. മെയ്തി സംഘടനകള്‍ അക്രമം അവസാനിപ്പിച്ചാല്‍ മറ്റ് കുക്കി സംഘടനകളും ആയുധങ്ങള്‍ കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ ഫലം കണ്ടിട്ടില്ല. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ നിഷ്ക്രിയത്വവും പക്ഷപാത സമീപനവും സംസ്ഥാനത്തെ ക്രമസമാധാന നില വഷളാക്കുകയാണെന്ന് സിപിഐ മണിപ്പൂര്‍ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ ദിവസം മണിപ്പൂര്‍ പൊലീസ് ട്രെയിനിങ് കോളജിലെ ആയുധ ഡിപ്പോയില്‍ നിന്ന് ആയുധങ്ങള്‍ മോഷണം പോയത് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ രണ്ടായിരത്തോളം വരുന്ന മെയ്തി വനിതകള്‍ തടഞ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയ്യായിരത്തോളം യന്ത്രത്തോക്കുകള്‍ മെയ്തി സംഘടനകള്‍ കവര്‍ന്നതായാണ് സൂചന. ഇവയില്‍ ആയിരത്തോളം തോക്കുകള്‍ മാത്രമേ തിരിച്ചെടുക്കാനായിട്ടുള്ളൂ.

ഇംഫാലില്‍ ബിജെപി
ഓഫിസിന് തീവച്ചു

ഇന്റര്‍നെറ്റ് നിരോധനം നീട്ടി

മെയ്തി-കുക്കി വംശീയകലാപം തുടരുന്ന മണിപ്പൂരില്‍ അക്രമങ്ങള്‍ തുടരുന്നു. ഇംഫാലില്‍ ബിജെപി ഓഫിസിന് ഒരു സംഘമാളുകള്‍ തീയിട്ടു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം അഞ്ച് ദിവസം കൂടി നീട്ടി.
തൈചുങ്ങില്‍ മണിപ്പൂർ റൈഫിൾസും കുക്കി വിഭാഗവും തമ്മില്‍ വെടിവയ്പുണ്ടായി. പട്രോളിങ്ങിനിടെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം നടത്തി. ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഹോളൻഫായ് ഗ്രാമത്തിന് സമീപവും ഏറ്റുമുട്ടലുണ്ടായി.
കഴിഞ്ഞദിവസം ഇംഫാല്‍ ഈസ്റ്റില്‍ മന്ത്രി എല്‍ സുസിന്ദ്രോയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിന് തീയിട്ടിരുന്നു. കലാപത്തില്‍ ഇതുവരെ 120 ലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പതിനായിരങ്ങള്‍ അഭയാര്‍ത്ഥികളായി അയല്‍ സംസ്ഥാനങ്ങളില്‍ അഭയം തേടി.

eng­lish summary;Manipur with­out riot­ing; The army was tak­en hostage

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.