22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 10, 2024
November 8, 2024
November 7, 2024
November 6, 2024
November 5, 2024
November 4, 2024
November 4, 2024

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രന് ജാമ്യം

Janayugom Webdesk
കാസർകോട്
October 25, 2023 12:20 pm

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ജാമ്യം. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സുരേന്ദ്രനോടും മറ്റ് അഞ്ച് പ്രതികളോടും കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി ഒക്ടോബര്‍ 10ന് കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്രൻ വിടുതൽ ഹരജി സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നവേളയിലാണ് സുരേന്ദ്രനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്. സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടർന്ന്, മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ് കേസെടുത്തത്. പിന്നീട് ക്രൈംബ്രാഞ്ചിന്‌ കൈമാറിയ കേസിൽ പട്ടികജാതി / പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

2023 ജനുവരി 10നാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. സുരേന്ദ്രന്റെ ചീഫ്‌ ഇലക്ഷൻ ഏജന്റായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ മറ്റു പ്രതികൾ.
കേസ് പല തവണ കോടതി പരിഗണിച്ചെങ്കിലും ഇതുവരെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ഹാജരായിരുന്നില്ല. ഇതിനിടയിലാണ് കേസ് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികൾ വിടുതൽ ഹർജി ഫയൽ ചെയ്തത്. സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജി പരിഗണിക്കവേയാണ് ഇവരോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.

Eng­lish Summary:Manjeswaram elec­tion cor­rup­tion: K Suren­dran grant­ed bail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.