മണിപ്പൂരില്‍ കുക്കി വിഭാഗക്കാരനെ മെയ്തി സായുധ സംഘം മൃഗീയമായി കൊലപ്പെടുത്തി. താംലോങ് സ്വദേശി ഹാജോയെല്‍ ഡൗങ്കെലാണ് കൊല്ലപ്പെട്ടത്. അസമിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് ഹാജോയെലിന്റെ ഭാര്യ നെന്‍ഗ്ബോയി ഡൗങ്കെല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ മൃതദേഹവും കണ്ടെത്തിയത്.
സംസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമായപ്പോഴാണ് ഹാജോയെല്‍ കുടുംബത്തെയും കൂട്ടി അസമിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. തുടര്‍ന്ന് ഭാര്യയുടെ പ്രസവത്തിന് പണം സ്വരൂപിക്കാന്‍ ജിരിഘട്ടിലേക്ക് പോകവെ മെയ്തി സായുധ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ജിരിബാമിലെ അംഗ്ലാപൂര്‍ ഗ്രാമത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
11 പേരുടെ കൊലപാതകത്തെ തുടര്‍ന്ന് അടുത്തിടെ മണിപ്പൂരിലെ സംഘര്‍ഷം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് 50 കമ്പനി അധികസേനയെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എട്ട് കമ്പനി സിഎപിഎഫ് സേന ഇന്നലെ മണിപ്പൂരിലെത്തിച്ചേര്‍ന്നു. കഴിഞ്ഞദിവസം 11 കമ്പനി എത്തിയിരുന്നു. നാല് കമ്പനി സിആര്‍പിഎഫ്, ബിഎസ്എഫ് സേനയെയും പ്രശ്നബാധിത മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
ഈ മാസം 16ന് വെസ്റ്റ് ഇംഫാലിലെ താങ്മെയ്ബാന്റ് മേഖലയിലുണ്ടായ ആക്രമണസംഭവങ്ങളില്‍ എംഎല്‍എ ജോയ‌്കൃഷ്ണന്‍ സിങിന്റെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയും 1.5 കോടി രൂപയുടെ സ്വര്‍ണവും മോഷണം പോയതായി അദ്ദേഹത്തിന്റെ അമ്മ പരാതി നല്‍കി. അക്രമകാരികള്‍ എംഎല്‍എയുടെ വീട് അടിച്ച് തകര്‍ത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.