22 December 2024, Sunday
KSFE Galaxy Chits Banner 2

മണ്ണും നനവും

ശ്യാം സുധാകർ
April 2, 2023 9:45 am

ഏകദേശം ഒരു വനവാസക്കാലം കഴിഞ്ഞ് ഗോവിന്ദനുണ്ണി വീണ്ടും എഴുതി തുടങ്ങുന്നു. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്നു. ചില കവിതകൾ ഫേസ്ബുക്കിൽ പങ്കുവെക്കുന്നു. കവിയുടെ നീണ്ട മൗനം കവിതകളെ പുതുക്കിയിരിക്കുന്നു. ഞാനും ഗോവിന്ദനുണ്ണിയും ഒരേ വീട്ടിൽ രണ്ടു കാലത്തിൽ ജനിച്ചു. ചിലപ്പോഴൊക്കെ ഒന്നിച്ചു ജീവിച്ചു. രക്തം കൊണ്ടും ഭാഷ കൊണ്ടും ഇണങ്ങിയും പിണങ്ങിയും നടന്നു. കവിതയുടെ തട്ടകം എന്നെ പരിചയപ്പെടുത്തുന്നത് ഗോവിന്ദനുണ്ണിയാണ്. ആ കവിയെപ്പറ്റി എനിക്കല്ലാതെ മറ്റാർക്കാണ് പറയാനാവുക? ജനപ്രിയ കവിതകലെഴുതാൻ ഗോവിന്ദനുണ്ണിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. 

ഇന്നത്തെ മലയാള കവിതാ ഭാവുകത്വത്തിൽ ജനപ്രിയം എന്നത് പ്രധാനമായും രണ്ടു ധാരാകാളായാണ് ഒഴുകുന്നത്. ഒന്ന്, ബാലചന്ദ്രൻ ചുള്ളിക്കാടിൽ നിന്നും തുടങ്ങി ഷീജ വക്കത്തിൽ എത്തി നിൽക്കുന്ന കാല്പനികതയുടെ ചാരുതയുള്ള സാർവ്വത്രികഭാവമുള്ള കവിതകൾ. രണ്ട്, കെ ജി ശങ്കരപ്പിള്ളയുടെയും പി എൻ ഗോപീകൃഷ്ണന്റെയും ശ്രീജിത്ത് അരിയല്ലൂരിന്റെയും പോലുള്ള മുഖ്യധാരാ രാഷ്ട്രീയചിന്തകളിലും സമകാലിക വ്യവഹാരങ്ങളിലും ഊന്നിയുള്ള കവിതകൾ. ഇരുകൂട്ടരും അഭിസംബോധന ചെയ്യുന്നത് പൊതുഇടങ്ങളെയാണ്. ഈ രണ്ട് ഗണത്തിലും പെടുത്താനാകാത്ത നിരവധി പ്രധാനപ്പെട്ട കവികൾ മലയാളത്തിൽ ഉണ്ടെങ്കിലും അവരിൽ പലർക്കും ജനപ്രീതി കിട്ടാതെ പോകുന്നു. നല്ല വായനക്കാർ ഇവരുടെ കവിതകൾ ഏകാന്തതയിലിരുന്നു വായിക്കുകയും ആസ്വദിക്കുകയും ചെയുന്നുണ്ട്. അന്തർമുഖരായ ഈ കവികളിൽ പലരും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. അവരത് ആഗ്രഹിക്കാറുമില്ല. പയറുമണിക്കുള്ളിൽ ജീവിക്കുന്ന ചെറു പ്രാണികളെ പോലെ സ്വന്തം ലോകത്തിന്റെ ഊഷ്മളതയും ആഴവും അവർ ആരുമറിയാതെ സ്വന്തം രീതിയിൽ ആവിഷ്കരിക്കുന്നു. ഗോവിന്ദനുണ്ണി അതിലൊരാൾ. 

ഞാൻ ചെന്നെയിലായിരുന്ന കാലത്ത് ഞങ്ങൾ അല്പം അകന്നു. കവിതകളുടെ ആദ്യ വായനക്കാരിൽ ഒരാൾ ഞാനല്ലാതെയായി. കുറേ നാൾ കവിതകളേ ഇല്ലാതെയായി. എഴുതുന്ന കാലത്തും അത്ര ലളിതമായിരുന്നില്ല ഗോവിന്ദനുണ്ണിക്കവിതകൾ. പ്രമേയത്തിലും ബിംബകല്പനകളിലും ഗോവിന്ദനുണ്ണി വള്ളുവനാടൻ കവികളെ അനുസ്മരിപ്പിക്കുന്നില്ലെന്ന് കവി എസ് കണ്ണൻ സംഭാഷണത്തിനിടക്ക് പറഞ്ഞപ്പോൾ ശരിയെന്ന് തോന്നി. ശിഥിലമായിരുന്നു അയാളുടെ മാനസിക ഘടന. അമൂർത്തമായിരുന്നു കാവ്യ സങ്കല്പങ്ങൾ. കവിത നിർമ്മിക്കുന്നതിനു വേണ്ടി ഒന്നും ചെയ്തില്ല, ഒരു തർജമ പോലും. എന്നാൽ രാവും പകലും ഇല്ലാതെ ഒരു കാലത്തു വായിച്ചു. സ്വന്തം ദേശം, ഭാഷ, മണ്ണ് എന്നിവയെ ഒരേ സമയം സ്നേഹിക്കുകയും തള്ളിപ്പറയുകയും ചെയ്തു.
എം ടി ഒരിക്കൽ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ വെച്ച് പറഞ്ഞത് പോലെ ജീവിതത്തിന്റെ കോടതിയിൽ ഒരു അന്യായക്കാരനായി ഗോവിന്ദനുണ്ണി നിലകൊണ്ടു. എളുപ്പം പിടികൊടുക്കാനാകാത്ത രചനാതന്ത്രവും ഇസങ്ങളിലേക്ക് എടുത്തു വെക്കാനുള്ള ബുദ്ധിമുട്ടും കാരണമായിരിക്കണം ഒരു കേമന്മാരും ഓമനിച്ചില്ല. ഒരു പാർട്ടിയിലും അക്കാദമിയിലും മെമ്പറായില്ല. 

നിസാരനായ ‘ഞാൻ’ ആണ് ഗോവിന്ദനുണ്ണി കവിതകളിൽ എന്നും മിടിച്ചും മുഴച്ചും നില്കുന്നത്. വ്യക്തിയുടെ (indi­vid­ual) വികാരവിചാരങ്ങളും കല്പനകളും സ്വപ്നങ്ങളും ഭയങ്ങളുമാണ് കവിതകളിൽ നിഴലിക്കുന്നത്. പൊതുസമൂഹത്തെ (pub­lic) കുറിച്ചുള്ള വ്യാകുലതകളും സാർവ്വലൗകിക ചിന്തകളും (uni­ver­sal) ഈ കവിക്കില്ല. ഏകാഗ്രതയിൽ നിന്ന് തനിയെ വാർന്ന് വീഴുന്ന സങ്കീർത്തനത്തിന്റെ രുചിയും പണ്ടെങ്ങോ വായിച്ചു മറന്ന പാശ്ചാത്യ കഥകളുടെ ഗന്ധവും ഒരു പക്ഷെ കവി പോലുമറിയാതെ ഈ കവിതകളെ പിന്തുടരുന്നു. കഥകളിയിൽ തുടങ്ങി നിസ്സഹായതയുടെ ഇരുട്ടിൽ അവസാനിക്കുന്ന കവിതയാണ് ‘വേഷം’. വെയിൽ ഋതുപർണനും ഭൂമി ദമയന്തിയും കാലം കഥയുമായി വേഷം കേട്ടുമ്പോൾ ഒരിക്കലും സ്വക്ഷേത്രത്തിലേക്ക് തിരിച്ചു വരുവാനാവാതെ വിഷംതീണ്ടി നിൽക്കുന്ന ബാഹുകൻ എന്ന ‘വ്യക്തി‘യിലാണ് കവിത അവസാനിക്കുന്നത്. 

പ്രണയത്തെയും രതിയെയും കുറിച്ചുള്ള കവിസങ്കൽപ്പങ്ങൾ തികച്ചും വൈയക്തികവും അകാല്പനികവുമാണ്. കൂട്ടുകാരിയെത്തേടി പലനട്ടുച്ചകളും കടന്ന് മറുകരയെത്തുന്ന കാമുകന്റെ അനുരാഗം നക്ഷത്രപ്പൊട്ടിൽ തൊടുമ്പോൾ പൊള്ളിപ്പോകുന്നതും മല്ലിപ്പൂക്കളെല്ലാം ദുർഗന്ധങ്ങളാകുന്നതും കാലിലെ വ്രണം പേറി വേച്ചു വേച്ചു നടക്കുന്നവൻ ജീവിതത്തിന്റെ നിലയില്ലാ കയങ്ങളിലേക്ക് താഴ്ന്നുപോകുന്നതുമായ (‘ദൂരം’) വിഭ്രമാത്മകമായ ദൃശ്യങ്ങൾ നാമിവിടെ കാണുന്നു.
ഒരു ചുംബനത്തെ വിഷദംശമായി (‘നളൻ’) കാണുന്ന കവി വെളുത്ത മെത്തയിൽ കാമുകിയുടെ കാലുകൾ മലർന്നു പിളരുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ വിഷണ്ണനാകുന്നു (‘താമസം’). അവളുടെ വീട്ടിൽ നിന്നും കൊണ്ട് വന്ന അമരവിത്ത് മുളപ്പിക്കുന്ന കവി അറിയുന്നുണ്ട്, അത് തന്റെയുള്ളിൽ വളരുന്നതും പൂക്കുന്നതും അമരവള്ളിക്ക് കിളികളുടെ കാലടികൾ താങ്ങാനാവുന്നതും. എന്നാൽ, അമര കൊണ്ടുണ്ടാക്കിയ വിഭവം വിളമ്പുമ്പോൾ കഴിഞ്ഞ നാൽപതു വർഷം ഒരു വ്യക്തിയെന്ന നിലയിൽ താനനുഭവിച്ച ഏകാന്തത കവി തിരിച്ചറിയുന്നു (‘അമരതാരകം’).

മലയാള കവിതയിൽ ഇന്നേ വരെ ഒരാൾ അമ്മയെക്കുറിച്ച് ഇത്ര ഇരുട്ടു പിടിച്ച ചിത്രം വരച്ചിട്ടുണ്ടോ എന്ന് സംശയമാണ്. കരിപ്പാത്രങ്ങളുടെയും കണയറ്റ ചിരട്ടക്കയിലുകളുടേയും ഇടയിൽ മുഖം പോലുമില്ലാതെ അടുപ്പിന്റെ ചോരകങ്ങിയ വാലിൽ കത്തിക്കെട്ടു പോയ ഒരു വിറകിന്റെ കൊള്ളി, എളുപ്പം ചാകുന്ന ഒരു നിശാശലഭം, തണുത്ത് ഉറുമ്പരിക്കുന്ന എച്ചിൽ- “നിലത്തൊരു പാണ്ടിക്കിണ്ണം കുറച്ചു ചോറും/ഇറച്ചിയും തലനാരുപിണഞ്ഞൊരെല്ലും” (‘അമ്മ’).
പുതിയ പുസ്തകത്തിലെത്തുമ്പോൾ പല ഭയങ്ങളും കവിയെ വിട്ടു പോയ പോലെ. അവസ്ഥകൾ മാറുന്നില്ലെങ്കിലും വരുന്നവയെ സ്വീകരിക്കാൻ ഇദ്ദേഹം പഠിച്ചിരിക്കുന്നു. മനുഷ്യരാശിയുടെ മഞ്ഞിലൂടെ കാലം ഏകാകിയാക്കിയ ഒരു മഹാരൂപം ഒറ്റക്ക് നടന്ന് പോകുന്നത് ‘യതി’ എന്ന കവിതയിൽ കാണാം. കോവിഡ് മഹാമാരി കാലത്ത് വ്യക്തിയനുഭവിച്ച ദുരന്തപൂർണമായ ഏകാന്തതയും ഭയങ്ങളും ഇതുവരെ താൻ പതിപ്പിച്ച കാലടിപ്പാടുകൾ മഞ്ഞു വന്ന് മൂടുന്നത് നോക്കിനിന്നവന്റെ നിസ്സഹായതയും ഈ കവിയുടെ ഭാഷയിൽ, പ്രമേയങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.
‘മരത്തക്കാളിയുടെ മണത്തിൽ’ സായിപ്പിന്റ ഇനിയും പൊട്ടാത്ത വെടിമരുന്നിന്റെ മണം, ‘കാലൻകോഴിയിൽ’ പഴയ പട്ടാളത്തോക്കുകളുടെ ഓർമ, ഒരു കവിത വേൽമുരുകന്. അങ്ങനെ ഇമ്പമുള്ള സ്വന്തം ആത്മാവിലേക്ക് നിറയൊഴിക്കുന്ന അൻപതിൽ പരം കവിതകൾ.
ആദ്യ പുസ്തകമായ നിശ്ചലത്തിനും (കറന്റ് ബുക്സ്, തൃശ്ശൂർ) ഇടശ്ശേരി അവാർഡ് ലഭിച്ച അമരതാരകത്തിനും (ഡിസി ബുക്സ്) ശേഷം ഗോവിന്ദനുണ്ണിയുടെ അടുത്ത പുസ്തകമായ ആടുകളുടെ വാതിൽ ഇറങ്ങുമ്പോൾ എത്രപേർ അതിലെ ആഴത്തെ ഉൾക്കൊള്ളും? താൻ നിൽക്കുന്ന കപ്പൽ ഉപ്പാൽ ദ്രവിച്ചു തീരുന്നതറിഞ്ഞിട്ടും ഒന്നും ചെയ്യാനറിയാത്ത (നിലവിളിച്ചാലും ആരു കേൾക്കാൻ! ) ഒരു പ്രാചീന നാവികനായി ഗോവിന്ദനുണ്ണി ജീവിക്കും, അതും ഒരു വശം മുഴുവൻ കടലുള്ള ഒരു സംസ്ഥാനത്ത്.
അയാൾ ശ്വസിക്കുന്നത് അനുഭവങ്ങളുടെ ഉപ്പുകാറ്റ്, മല്ലടിക്കുന്നത് ആശാന്തമായ തിരകളോട്. ചുറ്റും കാണുന്നതോ, ഒരിക്കലും ഒടുങ്ങാത്ത സമുദ്രനീലിമ. 

മണ്ണിലിഴയുന്നനനവ് വേൽമുരുകന്

- പി എം ഗോവിന്ദനുണ്ണി

വേർകടല വിളവെടുക്കുന്ന കാലത്ത്
വന്നു ചേരാമെന്ന് പറഞ്ഞിരുന്നു
അവൻ;
പോയ തിരുവിഴയ്ക്ക്
മയിലിന്റെ ചന്തത്തിൽ
ആടിത്തിമിർത്തവൻ.
അവൾ കണ്ടു
കരകാട്ടത്തിന്റെ കൊട്ടിൽ
അവന്റെ വിരൽത്തഴമ്പിൽ
തന്റെ വരണ്ട മണ്ണിൽ
നനവൊലിപ്പിച്ച നോട്ടത്തിൽ
അന്നോളം പിറന്ന എല്ലാ ദൈവങ്ങളെയും.
വെള്ളുള്ളിയും വിയർപ്പും മണക്കുന്ന ഇരുട്ടിൽ
അവൾ കാത്തുകൊണ്ടേയിരുന്നു
വരണ്ട മണ്ണിനെത്തുളച്ച്
ഒരാവി ഉയരംവരിക്കുംവരെ,
അരണ്ട കാറ്റിന്റെ കരച്ചിൽ
ഓലച്ചാളയുടെ ചെറ്റപൊളിച്ച്
അകത്തു നിറയും വരെ.
ദൂരെ
മുടിഞ്ഞസൂര്യന്റെ താഴെ
മഞ്ഞിലാഴ്ത്തി വെച്ച മലകളിൽ
പൊട്ടിപ്പുകഞ്ഞ ഒച്ചകളിൽ
തോൽ തെറിച്ച മരങ്ങളിൽ
തുടുപ്പൊലിയ്ക്കുന്ന ഇലകളിൽ
പുല്ലിൽ
പിടഞ്ഞു വീണു ചത്തിട്ടും
ശ്വസിച്ചു കൊണ്ടേയിരുന്നു
അപ്പൊഴും
ഒരു മൃഗം.
അതിന്റെ പൊളിഞ്ഞു ചുവന്ന മോന്ത
തുറിച്ച കണ്ണ്
മണ്ണിലിഴയുന്ന നനഞ്ഞ നാവ്
അതിന്റെ കാല്ക്കൽ
മല കയറി വന്ന ചക്രങ്ങളുടെ
കറുത്ത പാട്
കാടുമെതിച്ച ബൂട്ടുകളുടെ
കൊഴുത്ത ചോരച്ചുര്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.