ഒരു ക്രിസ്മസ് കൂടി വരികയാണ്. മഞ്ഞും നിലാവും നക്ഷത്രങ്ങളും ക്രിസ്മസ് പാട്ടുകളും ആരാധനയും ക്രിസ്തുമസ് കേക്കും ക്രിസ്തുമസ് ഗിഫ്റ്റുകളും… അങ്ങനെയങ്ങനെ സാംസ്കാരികവും ആത്മീയവും പാരിസ്ഥിതികവുമായ നിരവധി അടയാളങ്ങളോടുകൂടിയാണ് ക്രിസ്മസിനെ ഓര്‍മ്മിക്കുന്നത്. ബെെബിളിലെ തിരുപ്പിറവിയുടെ ആഖ്യാനങ്ങളിന്‍മേല്‍ പല കാലഘട്ടങ്ങളിലായി കൂട്ടിച്ചേര്‍ക്കപ്പെട്ട സാംസ്കാരികമായ അടയാളപ്പെടുത്തലുകളും ചേരുമ്പോഴാണ് ക്രിസ്മസ് കരോള്‍, സാന്റാക്ലോസ്, ക്രിസ്മസ് ട്രീ, ക്രിസ്മസ് നക്ഷത്രം, ക്രസ്മസ് കേക്ക്, ദേവാലയ ശുശ്രൂഷകള്‍ ഒക്കെയും ചേര്‍ന്ന ക്രിസ്മസ് ചിത്രം രൂപപ്പെടുന്നത്. പക്ഷെ, ക്രിസ്മസ് അതിന്റെ ആഹ്ലാദചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതോടൊപ്പം മറ്റുചില ആശയങ്ങളും ജീവിതപ്രതിസന്ധികളും പങ്കിടുന്നുണ്ട്.
ചരിത്രത്തിലെ ആദ്യത്തെ ക്രിസ്മസ് ആഖ്യാനം പരിശോധിക്കുമ്പോള്‍ ദെെവപുത്രന്‍ നേരിട്ട ശ്രദ്ധേയമായ പ്രശ്നം, ജനിക്കാന്‍ ഇടമില്ലായിരുന്നു എന്നതാണ്. ‘അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു. വഴിയമ്പലത്തില്‍ അവര്‍ക്ക് സ്ഥലമില്ലാതിരുന്നതിനാല്‍ പുതപ്പുകൊണ്ട് നല്ലവണ്ണം പൊതിഞ്ഞു പശുത്തൊട്ടിയില്‍ കിടത്തി.’ (ലൂക്കോസ് 2:7) ഭൂമിയില്‍ പിറക്കുമ്പോഴേ ഭൗതികമായ ഇടമില്ലായ്മയിലേയ്ക്കാണ് ദിവ്യശിശു പിറന്നുവീണത്. യാത്ര, ക്ഷീണം, തിരക്കുകള്‍, ഇടമില്ലായെന്ന മറുപടികള്‍ എന്നിവയാല്‍ ദെെവപുത്രന്റെ ജനനാവസരം പ്രശ്നഭരിതമായിരുന്നു. ഇടമില്ലായ്മയുടെ ലോകത്ത് ജനിച്ച് രോഗികളും ഭ്രഷ്ടരുമായ ഇടമില്ലാത്തവരോടൊപ്പം ജീവിച്ച് കടംകൊണ്ട കല്ലറയില്‍ കബറടങ്ങിയ മനുഷ്യപുത്രന്റെ ജനനമാണ് ക്രിസ്മസ് ഓര്‍മിപ്പിക്കുന്നത്. അതേ, ഇടമില്ലായ്മയുടെ ഒരു ലോകത്ത് ജനിച്ച് എല്ലാവര്‍ക്കും ഇടമുണ്ടാകാന്‍ ആഗ്രഹിച്ച ദെെവപുത്രനാണ് യേശുക്രിസ്തു. രോഗികളെയും പരദേശികളെയും ഭ്രഷ്ടരെയും തന്റെ ഒപ്പം കൂട്ടിക്കൊണ്ട് ഈ ലോകത്തിന്റെ സ്ഥല സങ്കല്പത്തെ യേശു പുനര്‍നിര്‍വചിച്ചു.
കാലികളെ പാര്‍പ്പിക്കുന്ന ഇടത്താണ് ഭൂമിയില്‍ പിറന്ന ദെെവപുത്രനെ ആദ്യം കാണുന്നത്. തിരുപ്പിറവിയുടെ ആദ്യസാക്ഷികള്‍ കന്നുകാലികളും ഇടയന്‍മാരുമാണ്. അവരുടെ കാതുകളില്‍ മാലാഖമാരുടെ സംഗീതം മുഴങ്ങുന്നതായി ബെെബിള്‍ എഴുതുന്നു. സന്തോഷം, സന്‍മനസ്, സമാധാനം എന്നിവയെയാണ് ആ പാട്ട് ആഖ്യാനം ചെയ്തത്. ഈ ക്രിസ്തുമസ് ഗീതം സന്‍മനസുള്ളവര്‍ക്കൂയി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സമാധാനത്തെയാണ് വിഷയമാക്കുന്നത്. ഇടങ്ങളെ നിര്‍മ്മിക്കുന്നതിന്റെ ഏകകമായി വര്‍ത്തിക്കുന്ന സന്‍മനസിനെ ഈ പാട്ടില്‍ നിന്ന് മനസിലാക്കാം. പൂര്‍ണഗര്‍ഭിണിയായ ഒരു സ്ത്രീക്കും ദരിദ്രനായ അവളുടെ പുരുഷനും നേരിടേണ്ടി വന്ന നിരാസത്തെ മറികടക്കുന്ന സമാധാനസന്ദേശമാണ് ക്രിസ്തുമസിന്റെ ഒരടയാള വാക്യം.
പ്രഭുക്കന്മാരെയും രാജകന്യകകളെയും വിട്ടിട്ട് ഒരു സാധാരണ പെണ്‍കുട്ടി ദെെവപുത്രന്റെ/മനുഷ്യപുത്രന്റെ അമ്മയാകുന്ന അനുഭവവും ക്രിസ്മസ് വായനകളിലുണ്ട്. അവളുടെ ഗര്‍ഭപാത്രം ദെെവപുത്രന് ഉരുവം കൊള്ളാനുള്ള ഇടമാകുന്നു. അതെ, തന്റെ ശരീരത്തെ പിറവിയുടെ ഇടമായി തിരിച്ചറിഞ്ഞ കന്യാമറിയം ക്രിസ്തുമസിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ടതാണ്. തന്റെ കുഞ്ഞല്ല എന്നറിഞ്ഞു കൊണ്ടുതന്നെ ആ അമ്മയെയും കുഞ്ഞിനെയും എല്ലാവിധമായ കഷ്ടപ്പാടുകളിലും ചേര്‍ത്തുപിടിക്കുന്ന ജോസഫ് എന്ന പുരുഷന്റെ മനസിന്റെ വിശാലലോകവും ഇടങ്ങളെ പുനര്‍വായിക്കുന്നതില്‍ ഒരു വലിയ പങ്കുവഹിക്കുന്നു. സ്ത്രീശരീരം പൊതുവെ വലിയ അനുശാസകപാഠങ്ങളാല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നതാണ്. അത്തരമൊരു പാഠപരിസരത്തില്‍ കന്യാമറിയത്തിന്റെയും വിശുദ്ധജോസഫിന്റെയും ഭാഗധേയങ്ങള്‍ പ്രധാനപ്പെട്ടതാണ്. ദെെവത്തിനിടം കൊടുത്ത അവരുടെ ജീവിതം പ്രശ്നപരമ്പരകളിലൂടെയാണ് മുന്നോട്ടുപോയത്. ജോസഫിന്റെ സന്ദേഹങ്ങള്‍, തിരിച്ചറിവുകള്‍, ജനസംഖ്യാ കണക്കെടുക്കാന്‍ ഗര്‍ഭിണിയായ മറിയവുമൊത്തുള്ള യാത്ര, അലച്ചില്‍, ഈജിപ്തിലേക്കുള്ള പലായനം, പ്രവാസജീവിതം, ഭരണാധികാരികളുടെ ക്രൂരതകള്‍ അങ്ങനെ ക്രിസ്തുമസ് തിരുപ്പിറവിക്കൊപ്പം മറ്റുപല അനുഭവങ്ങളോടും ചേര്‍ന്നാണ് ക്രിസ്മസ് ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്.
ക്രിസ്മസ് പാട്ടുകളും വിശേഷഭക്ഷണങ്ങളും കൂടിച്ചേരലുകളും ആഹ്ലാദാരവങ്ങളും പൂത്തിരി കമ്പിത്തിരി മേളങ്ങളുംകൊണ്ട് നമ്മുടെ ജീവിതത്തെ സന്തോഷമുള്ളതാക്കുന്നു എന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ, ഈ ആനന്ദ വേളകളില്‍ ദെെവത്തിന് ഇടം കൊടുക്കുകയെന്നത് സഹനത്തിന്റെയും സംവഹനത്തിന്റെയും പാഠങ്ങള്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു എന്നത് മറന്നുകൂട. ദരിദ്രരും ചൂഷിതരും ഭ്രഷ്ടരും എല്ലാം ക്രിസ്മസില്‍ ചേര്‍ത്തുവയ്ക്കേണ്ടവര്‍ തന്നെയാണ്.
ആഹ്ലാദാരവങ്ങളുമായി എത്തുന്ന ക്രിസ്മസിനെ ഓർമ്മയിൽ നിലനിർത്തുവാൻ ഇഷ്ടപ്പെടുന്നുണ്ട്. നാട്ടിൻ പുറത്തെ ഗായക സംഘത്തിന്റെ പാട്ടുകൾ, രാത്രികാലങ്ങളിൽ തമ്പേറടിച്ച് വിളക്കും പിടിച്ചുകൊണ്ട് അത്ര മനോഹരമല്ലാത്ത ശബ്ദത്തിൽ ‘ഇസ്രയേലിൻ നാഥനായി…’ എന്നൊക്കെയുള്ള പാട്ടുകളുമായി എത്തുന്നവർക്ക് ചെറിയ പ്രതിഫലം കൊടുക്കാനായി പണം സൂക്ഷിച്ചുവച്ചിരുന്ന വീട്ടുകാർ. തോടും പറമ്പും, ഒക്കെ കടന്ന് അവരെത്തുന്നതും കാത്ത് ഉറങ്ങാതിരുന്ന കുഞ്ഞുങ്ങൾ, അടുക്കളയിലെ രുചികരമായ ഭക്ഷണത്തിനായുള്ള കാത്തിരിപ്പ്. എന്നും പലഹാരങ്ങൾ കഴിക്കാൻ പാങ്ങില്ലാതിരുന്ന കാലത്ത് ക്രിസ്മസ് പ്രഭാതം രുചിയുടെ ഉത്സവം കൂടിയായിരുന്നു. പാതിരാകുറുബാനക്ക് ശേഷം വീട്ടിലെത്തി ഒന്നുറങ്ങി ഉണർന്നു കഴിയുമ്പോൾ വെള്ളപ്പവും ഇറച്ചിക്കറിയും വിട്ടേപ്പവുമൊക്കെ കിട്ടുന്നത് സ്വപ്ന സാഫല്യയമായി കരുതിയിരുന്ന കുരുന്നുകളിൽ പലരും ഇന്ന് യൂറോപ്പിലോ ഓസ്ട്രേലിയയിലോ കുടിപ്പാർപ്പുകാർ ആയിക്കഴിഞ്ഞിരിക്കുന്നു. ക്രിസ്തുമസ് രുചികളെയും കൊച്ചു കൊച്ചു സന്തോഷങ്ങളെയും ഈ ഭൂമിയിലെ സാധാരണക്കാരുടെ ജീവിതത്തിൽ സൃഷ്ഠിച്ചിരുന്ന ഭൂതകാലത്തെ മറക്കാനാവുന്നില്ല. നക്ഷത്രവിളക്കും പുൽക്കൂടും അതിലെ ഉണ്ണീശോയും ഓർമ്മയിൽ ജീവിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.