1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 21, 2025
January 24, 2025
October 6, 2024
July 9, 2024
June 8, 2024
May 22, 2024
March 24, 2024
February 2, 2024
November 11, 2023

വിവാദ പൊലീസ് ഓഫീസര്‍ ഗിരിലാലിനെതിരെ നിരവധി പരാതികള്‍

Janayugom Webdesk
തിരുവനന്തപുരം
August 24, 2022 10:29 pm

മന്ത്രി ജി ആര്‍ അനിലിനോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെതിരെ നിരവധി പരാതികള്‍. പൊലീസ് സ്റ്റേഷനിലായാലും കുടുംബത്തിലായാലും ഗിരിലാലെന്ന പൊലീസുകാരന് കൂട്ട് ക്രിമിനലുകളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊതുപ്രവർത്തകരും നിരപരാധികളും ഇയാളുടെ ക്രൂരതയ്ക്ക് ഇരകളാവുന്നത് നിത്യ സംഭവമാണ്. കരകുളത്ത് നീതി നിഷേധിക്കപ്പെട്ട വീട്ടമ്മയുടെ പരാതി അന്വേഷിക്കാൻ സ്ഥലം എംഎൽഎയും ഭക്ഷ്യ മന്ത്രിയുമായ അഡ്വ. ജി ആർ അനിലിന്റെ ഫോൺ വിളി എത്തുമ്പോൾ ഇയാൾ മദ്യപാന സദസിലായിരുന്നുവെന്ന് ആരോപണമുണ്ട്.

കടയ്ക്കൽ, കൊട്ടാരക്കര, നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ ജോലി നോക്കുമ്പോൾ അകാരണമായി നാട്ടുകാരെ തല്ലിയതിന് പലവട്ടം നടപടിക്ക് വിധേയനായി. മെഡിക്കൽ കോളജ് സ്റ്റേഷനിലായിരിക്കെ, നിരപരാധിയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരുദ്യോഗസ്ഥൻ ബോധരഹിതനായത് വാർത്തയായിരുന്നു. പേട്ട സ്റ്റേഷനിൽ വാഹന സംബന്ധമായ പരാതി നൽകിയതിന് ഒരു വ്യാപാരിയെയും ഭാര്യയെയും മാസങ്ങളോളം പിന്തുടർന്ന് കേസുകളിൽ കുരുക്കി ഉപദ്രവിച്ചു. പെറ്റി, ക്രിമിനൽ കേസുകളും ഉൾപ്പടെ 16 കേസുകളാണ് ഈ ദമ്പതികൾക്കെതിരെ ഇയാൾ ചുമത്തിയത്. ഈ ഉദ്യോഗസ്ഥനിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ അപമാനവും ഭീഷണിയും ഭയന്നു പലരും പുറത്തു പറയുന്നില്ലെന്നേയുള്ളു. പാറ ക്വാറികൾ ധാരാളമുള്ള വട്ടപ്പാറ സ്റ്റേഷൻ പരിധിയിൽ തനി മാടമ്പി വാഴ്ചയായിരുന്നു ഇയാളുടേത്. നിയമാനുസരണം പ്രവർത്തിക്കുന്ന ക്വാറികൾ അടപ്പിക്കും. പാരിസ്ഥിതിക അനുമതി ഇല്ലാത്തവയ്ക്ക് പാറ കടത്താൻ മാസപ്പടി വാങ്ങി മാഫിയാ സംഘങ്ങൾക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുമെന്നാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍.

നന്ദിയോട് പഞ്ചായത്തിലെ വനാതിർത്തി ഗ്രാമമായ കാലങ്കാവിലെ വിജന പ്രദേശമാണ് പതിവ് കൂടിച്ചേരലുകള്‍ക്കായി തിരഞ്ഞെടുക്കുന്ന സുരക്ഷിത താവളം. ഒരു റിട്ട. ജയിൽ ഉദ്യോഗസ്ഥന്റെയും ബന്ധുക്കളായ ചിലരുടെയും സഹായത്തോടെ കാട്ടുപന്നി വേട്ടയും ചാരായ വാറ്റുമാണ് ഇവിടെ നടക്കുന്നത്. ഔദ്യോഗിക വാഹനത്തിൽ എല്ലാ ആഴ്ചയും മുടങ്ങാതെ എത്തുന്ന ഇയാൾക്ക് ചില അനാശാസ്യ ഇടപാടുകളുണ്ടെന്ന ആക്ഷേപവും ശക്തമാണ്. അടുത്തിടെ, സന്തത സഹചാരിയായ ഒരു പൊലീസുകാരനുമായി സ്ഥിരം വീട്ടിൽ എത്തി മടങ്ങും വഴി ജീപ്പ് ഒരു വീടിന്റെ മതിലിടിച്ച് തകർത്തിരുന്നു. ബന്ധുക്കൾ ഇടപെട്ട് നഷ്ടപരിഹാരം നൽകി പറഞ്ഞൊതുക്കിയ ശേഷം, സിഐയെയും ഡ്രൈവറെയും ഓട്ടോയിൽ കയറ്റി വിടുകയാണുണ്ടായത്.

കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെ ഔദ്യോഗിക വാഹനത്തിൽ കാലങ്കാവിനു സമീപം പുലിയൂരുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ഇയാൾ മദ്യപിച്ച് ലക്കുകെട്ട് പലരോടും ഏറ്റുമുട്ടി. മദ്യലഹരിയിലാണ് മന്ത്രിയെ ന്യായം പഠിപ്പിക്കാൻ ഇയാൾ മുതിർന്നതെന്ന് പുലിയൂർ നിവാസിയും ഇയാളുടെ അടുത്ത ബന്ധുവുമായ ഗൃഹനാഥൻ ജനയുഗത്തോട് വെളിപ്പെടുത്തി. കല്ലറ മുതുവിള സ്വദേശിയായ ഇയാൾ, ഫയർ ആന്റ് റസ്ക്യൂ വകുപ്പിൽ ഫയർമാനായാണ് സർവീസിൽ പ്രവേശിച്ചത്. ഇതര സംസ്ഥാനക്കാരിയും ബിജെപി വക്താവുമായ ഉയർന്ന പൊലീസ് ഓഫീസറെ സ്വാധീനിച്ച് പൊലീസ് സേനയിൽ ഇടം പിടിച്ചു. സബ് ഇൻസ്പെക്ടർ ആയിരിക്കെ കമ്മ്യൂണിസ്റ്റുകാരെ തിരഞ്ഞുപിടിച്ച് മർദ്ദിച്ചതിന് ഇയാൾക്കെതിരെ നിരവധി പരാതികളുണ്ട്.

വെഞ്ഞാറമൂട്ടിൽ ഒരു മന്ത്രി പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ മദ്യപിച്ചെത്തിയ ഇയാൾക്കെതിരെ സ്ഥലത്തെ പത്രപ്രവർത്തകർ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉന്നത വനിതാ പൊലീസ് ഓഫീസറാണ് ഇവിടെയും ഇയാൾക്ക് സംരക്ഷണമൊരുക്കിയത്. കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ഡിവൈഎസ്‌പി സ്റ്റുവർട്ട് കിലർ പൊലീസ് സൂപ്രണ്ടിന് നൽകിയ അന്വേഷണ റിപ്പോർട്ടിൽ സിഐ ഗിരിലാലിന്റെ കിരാത വാഴ്ചയും നിയമ ലംഘനങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ഗിരിലാലിനെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് എന്നിവർ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry : Many com­plaints against police offi­cer Girilal

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.