സംസ്ഥാന ഏക ലിവിങ് വിൽ കൗണ്ടറുള്ള കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ അപേക്ഷിക്കാനെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. ഇവിടെ ഇതുവരെ രജിസ്റ്റർ ചെയ്തത് 85 പേരാണ്. നവംബർ ഒന്നിനായിരുന്നു കൗണ്ടർ പ്രവർത്തനമാരംഭിച്ചത്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം പോലെ അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഉറപ്പുനല്കുന്നതാണിത്. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പാകുന്ന ഘട്ടത്തിൽ മരണത്തെ പിടിച്ചു നിറുത്താൻ ആഗ്രഹിക്കാത്തവരും ഉണ്ട്. ജീവൻ നഷ്ടമായ ശേഷവും വെന്റിലേറ്ററിൽ ദിവസങ്ങളോളം കിടത്തി സ്വകാര്യ ആശുപത്രികൾ പണം പിടുങ്ങുന്നുവെന്ന പരാതിയും വ്യാപകമാണ്.
ഗുരുതര രോഗബാധയോ ചികിത്സിച്ച് ഭേദമാക്കാനാകാത്ത വിധമുള്ള ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് ആ ആളിന് തന്നെ മുൻകൂട്ടി എഴുതി തയ്യാറാക്കി വയ്ക്കാവുന്ന ലിവിംഗ് വിൽ എന്ന പേരിലുള്ള താൽപര്യപത്രത്തിന് സ്വീകാര്യത ഏറുകയാണെന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ പറഞ്ഞു. തീരുമാനമെടുക്കാനാവാത്ത അവസ്ഥയിൽ മരണം ഏതു രീതിയിൽ വേണമെന്നത് ഈ മരണതാൽപര്യപത്രത്തിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിന് നിശ്ചയിക്കാം. 2018 ലെ സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ളതാണിത്. കടുത്ത നിബന്ധനകളായിരുന്നതിനാൽ 2023 ൽ ഇളവ് വരുത്തി.
പാരിപ്പള്ളി മെഡിക്കൽ കോളജിലെ പാലിയേറ്റീവ് കെയർ ഡിവിഷനിലാണ് ലിവിംഗ് വിൽ കൗണ്ടർ പ്രവർത്തിക്കുന്നത്. താൽപര്യമുള്ളവർക്ക് ഇതിന്റെ നിയമവശങ്ങളും ഗുണങ്ങളും പറഞ്ഞു നല്കും. പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിച്ചുനല്കണം. കുടുംബാംഗത്തിന്റെയും സാക്ഷിയുടെയും ഒപ്പുവേണം. നിർബന്ധപൂർവ്വം ചെയ്യിക്കുന്നതല്ലെന്ന് ഉറപ്പാക്കുന്നതിന് ഗസറ്റഡ് ഓഫീസറുടെയോ നോട്ടറിയുടെയോ ഒപ്പും സാക്ഷ്യപത്രവും വേണം.
പത്രത്തിന്റെ ഒരു പകർപ്പ് വീട്ടിൽ സൂക്ഷിക്കുന്നതോടൊപ്പം ഒരു പകർപ്പ് പഞ്ചായത്തിലേക്ക് രജിസ്റ്റേർഡായും നല്കണം. വ്യക്തിയുടെ മക്കൾക്കോ മറ്റ് അടുത്ത ബന്ധുക്കൾക്കോ ഈ പത്രം ആശുപത്രിക്ക് സമർപ്പിക്കാം. ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് വിലയിരുത്തും. ഇത് ഡിഎംഒ അംഗീകരിച്ച് മൂന്നംഗ സെക്കൻഡറി മെഡിക്കൽ ബോർഡോ പാനലോ പരിശോധിക്കും. തുടർന്ന് ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കുന്നതോടെയാകും അന്തിമ തീരുമാനം. ഒരിക്കൽ എഴുതിവെച്ചത് ഏതെങ്കിലും ഘട്ടത്തിൽ മാറ്റം വരുത്തുന്നതിന് തടസ്സമില്ല. 18 വയസ്സ് കഴിഞ്ഞ ആർക്കും തയ്യാറാക്കാം. മുൻപ് വിദേശ രാജ്യങ്ങളിൽ മാത്രമുണ്ടായിരുന്ന ഈ രീതി സുപ്രീംകോടതി വിധിയോടെയാണ് ഇന്ത്യയിലും നടപ്പായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.