ഇന്ന് കേരള വികസനത്തിലെ നിർണായക പങ്കുള്ള സ്ഥാപനമാണ് കിഫ്ബിയെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്ദ് റിയാസ്. കിഫ്ബി ഇതുവരെ 1147 പദ്ധതികൾക്ക് അനുമതി നൽകി. 874,086,200 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി നൽകിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ്ബി ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിക്കുന്നത് അടിസ്ഥാന സൌകര്യ വികസന പദ്ധതികൾക്ക് വേണ്ടിയാണ്. അതിൽത്തന്നെ ഏറ്റവും കൂടുതൽ പദ്ധതികൾ പൊതുമരാമത്ത് പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് വഴി മാത്രം 511 പദ്ധതികൾ കിഫ്ബി അംഗീകരിച്ചിട്ടുണ്ട്. 33101 കോടി രൂപയാണ് ഇതിൻറെ ഭാഗമായി അനവദിക്കപ്പെട്ടത്. പതിറ്റാണ്ടുകളായി നമ്മുടെ നാട് ആഗ്രഹിച്ച പദ്ധതികൾ യാഥാർത്ഥ്യമായത് കിഫ്ബി വഴിയാണ്. ഒരിക്കലും നടക്കില്ലെന്ന് ഉറപ്പിച്ച വികസന പദ്ധതികളാണ് കിഫ്ബി വഴി യാഥാർത്ഥ്യമായതെന്നും മുഹമ്മദ്ദ് റിയാസ് വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങൾക്കും പശ്ചാത്തല വികസനം സാധ്യമാക്കി എന്നതാണ് കിഫ്ബിയുടെ ഏറ്റവും വലിയ പ്രത്യേകത. നാട്ടിൻ പുറങ്ങളിലടക്കം വികസന പ്രവർത്തനങ്ങൾ നടന്നു. നല്ല റോഡുകളും യാഥാർത്ഥ്യമായി. ഉന്നത നിലവാരമുള്ള പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കിയത്. 223 റോഡുകൾ, 91 പാലങ്ങൾ, 57 റയിൽവേ മേൽപ്പാലങ്ങൾ, 15 ഫ്ലൈ ഓവറുകൾ, ഒരു അടിപ്പാത, എന്നിവയെല്ലാം നിർമ്മിച്ചത് കിഫ്ബി വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയും കിഫ്ബി മുതൽമുടക്കിലാണ് നിർമ്മിച്ചത്. റയിൽവേ ഓവർ ബ്രിഡ്ജുകളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ പ്രധാന പങ്കാളിത്തം കിഫ്ബിയുടേതാണ്. ദേശീയ പാതയുടെ ഭൂമി ഏറ്റെടുക്കലിന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട 5580 കോടി രൂപയും കിഫ്ബി വഴിയാണ് സംസ്ഥാന സർക്കാർ നൽകിയത്. എന്നാൽ ഇത് കേന്ദ്രം സംസ്ഥാനത്തിൻറെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയത് മൂലം കിഫ്ബിക്ക് ദേശീയ പാത വികസനത്തിൻറെ പേരിൽ മൊത്തം 11,000 കോടിയിലേറെ രൂപയാണ് നഷ്ടം വന്നത്. സ്ഥലം ഏറ്റെടുക്കൽ അടക്കം കിഫ്ബി വഴി 15,000 കോടിയോളം രൂപയുടെ നൂറോളം പദ്ധതികൾ നിലവിൽ പൂർത്തിയാക്കി കഴിഞ്ഞു. 7200 കോടി രൂപയുടെ 132ഓളം പദ്ധതികൾ നിർമ്മാണത്തിൻറെ വിവിധ ഘട്ടങ്ങളിലാണ്. ഇവയും സമയബന്ധിതമായി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
കഴിഞ്ഞ 9 വർഷങ്ങൾകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിയതിലെ സുപ്രധാന പങ്ക് കിഫ്ബിയാണ്. കേരളം നമ്പർ വൺ എന്നതിലേക്ക് എത്തുന്നതിൽ കിഫ്ബി വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.