
ഛത്തീസ്ഗഢിലെ സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി ബസവരാജു ഉള്‍പ്പെടെയുള്ള 27 മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് വധം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബസവരാജുവിനെ നിയമപരമായി അറസ്റ്റ് ചെയ്യുന്നതിന് പകരം കൊലപ്പെടുത്തിയത് ജനാധിപത്യ മാനദണ്ഡങ്ങളോടുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയില്ലായ്മയാണ് വെളിപ്പെടുത്തുന്നത്. ഇത് ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
മാവോയിസ്റ്റ് നേതാവിനെയും ആദിവാസികളെയും കൊലപ്പെടുത്തിയതിനെ സിപിഐ ശക്തമായി അപലപിക്കുന്നെന്നും ഡി രാജ പറഞ്ഞു. കലാപവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടത്തിയ നിയമവിരുദ്ധ നടപടിയാണിത്. ബസവരാജു എവിടെയുണ്ടെന്നത് സംബന്ധിച്ച് അധികാരികള്‍ക്ക് വിശ്വസനീയമായ വിവരം ലഭിച്ചെങ്കില്‍ നിയമപരമായി അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്? ഭരണഘടന ഉറപ്പുനല്‍കുന്ന നടപടിക്രമങ്ങള്‍ നഗ്നമായി അവഗണിക്കപ്പെട്ടത് എന്തുകൊണ്ടാണ്. സംഭവത്തെക്കുറിച്ചും ഓപ്പറേഷന്‍ കാഗറിനെ പറ്റിയും സ്വതന്ത്രമായ അന്വേഷണം വേണമെന്നും രാജ ആവശ്യപ്പെട്ടു.
ജനങ്ങള്‍ ഇതേക്കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങള്‍ അറിയേണ്ടതുണ്ട്. ഛത്തീസ്ഗഢ് സംസ്ഥാനത്തെ ജഡ്ജിയും ജൂറിയും ആരാച്ചാരും ആകാന്‍ ജനാധിപത്യ സമൂഹം അനുവദിക്കില്ലെന്നും രാജ പറഞ്ഞു. എല്ലാ ജനാധിപത്യ, പുരോഗമന ശക്തികളും ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തണം. മാവോയിസത്തിനെതിരായ ഇന്ത്യയുടെ മൂന്ന് പതിറ്റാണ്ടത്തെ പോരാട്ടത്തിനിടെ ആദ്യമായാണ് ജനറല്‍ സെക്രട്ടറി പദവിയിലുള്ള നേതാവിനെ സുരക്ഷാ സേന കൊല്ലുന്നതെന്നും രാജ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.