കോഴിക്കോട് ജില്ലാ കലക്ടർക്ക് ലഭിച്ച മാവോവാദികളുടെ ഭീഷണിക്കത്ത് സംബന്ധിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്. നടക്കാവ് പൊലീസ് ആണ് അന്വേഷണം ആരംഭിച്ചത്. കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടുമെന്നാണ് കത്തിലെ ഭീഷണി. കലക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. ഹമാസ് സമ്മേളനം നടത്തിയത് വ്യാജ സഖാക്കന്മാരാണെന്നും പൊലീസ് ഇനിയും വേട്ട തുടർന്നാൽ കോഴിക്കോട്ടും പൊട്ടിക്കും എന്ന് കത്തിൽ പറയുന്നു.
മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണിക്കത്ത് വന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സിപിഐ(എം എൽ) റെഡ് ഫ്ലാഗിനുവേണ്ടി എന്നാണ് കത്തില്‍ പറയുന്നത്. ബുധനാഴ്ച വൈകിട്ടാണ് കത്ത് ലഭിച്ചത്. ഭീഷണിക്കത്തിനെക്കുറിച്ച് സംസ്ഥാന ഇൻറലിജൻസും അന്വേഷണം ആരംഭിച്ചു. വയനാട്ടിൽനിന്നും ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് മാവോവാദികളെ പിടികൂടിയിരുന്നത്. പിടികൂടിയവരിൽനിന്ന് എ കെ 47 ഉൾപ്പെടെ തോക്കുകൾ പിടിച്ചെടുത്തിരുന്നു. തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ വെടിയുതിർത്ത് രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചതോടെ ജില്ലയില്‍ പരിശോധനകളും സുരക്ഷയും ശക്തമാക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് അടുത്തയാഴ്ച നടക്കാനിരിക്കെ ഭീഷണിക്കത്തിനെ അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്. കേന്ദ്ര ഏജൻസികളും ഭീഷണിക്കത്തിനെ കുറിച്ച് വിവരം ശേഖരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് പ്രവർത്തകൻ തമിഴ്‌നാട് സ്വദേശി അനീഷ് ബാബു എന്ന തമ്പിയെ കഴിഞ്ഞ ആഴ്ച കൊയിലാണ്ടിയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ച് ജില്ലയിലൊട്ടാകെ ജാഗ്രതയിലാണ് പൊലീസ്.
English Summary:Maoist Threat Letter to Kozhikode District Collector; Police have started an investigation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.