22 January 2026, Thursday

മറാത്ത്‌വാഡ ദുരന്തം ആവര്‍ത്തിക്കുന്നു; 10 മാസത്തിനുള്ളിൽ 899 കർഷക ആത്മഹത്യകൾ

Janayugom Webdesk
മുംബൈ
November 19, 2025 10:07 pm

മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖല കർഷക ആത്മഹത്യകളുടെ ഭീഷണിയിൽ. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള 10 മാസത്തിനിടെ 899 കർഷക ആത്മഹത്യകൾ മേഖലയിൽ റിപ്പോർട്ട് ചെയ്തതായി ഛത്രപതി സംഭാജിനഗർ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കുന്നു. പ്രളയവും അകാല മഴയും കാരണം വ്യാപകമായ വിളനാശം നേരിട്ട മെയ് 1 നും ഒക്ടോബർ 31 നും ഇടയിലുള്ള ആറ് മാസങ്ങളിൽ മാത്രം 537 കർഷകർ ജീവനൊടുക്കിയെന്നാണ് കണക്കുകള്‍. ബീഡ്, ഛത്രപതി സാംഭാജി നഗർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ രേഖപ്പെടുത്തിയത്. ആറുമാസത്തിനിടെ ഛത്രപതി സംഭാജിനഗറിൽ 112 ആത്മഹത്യകളും ജൽനയിൽ 32 ഉം പർഭാനിയിൽ 45ഉം ഹിംഗോളിയിൽ 33 ഉം നാന്ദേഡിൽ 90ഉം ബീഡിൽ 108 ഉം ലാത്തൂരില്‍ 47, ധാരാശിവിൽ 70 എന്നിങ്ങനെയും ആത്മഹത്യകൾ രേഖപ്പെടുത്തി. ഈ ആറുമാസ കാലയളവിൽ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം മേഖലയിൽ വൻ നാശനഷ്ടങ്ങളുണ്ടായി. അനവസരത്തിലുള്ള തുടര്‍ച്ചയായ മഴയും അതേത്തുടര്‍ന്നുള്ള പ്രളയവും നീണ്ടുനിന്ന കാലവര്‍ഷവും പഴവര്‍ഗങ്ങള്‍ക്കും വിളകള്‍ക്കും കടുത്ത നാശം വരുത്തിയിരുന്നു. ഛത്രപതി സംഭാജിനഗർ, ജൽന, നാന്ദേഡ്, പർഭാനി, ഹിംഗോളി, ലാത്തൂർ, ബീഡ്, ധാരാശിവ് എന്നീ ജില്ലകളിലെ ദുരിതബാധിത കർഷകർക്ക് നഷ്ടപരിഹാരമായി 32,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 

കര്‍ഷക തൊഴിലാളിയും മുന്‍ എംപിയുമായ രാജു ഷെട്ടി ആത്മഹത്യകളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. വാഴത്തോട്ടമുള്ള ഒരു കര്‍ഷകന്‍ തന്റെ 100 ടണ്‍ വിളവ് വിളവ് ടണ്‍ ഒന്നിന് 25000 രൂപ വിലയുറപ്പിച്ചുവെങ്കിലും കൃഷിനാശമുണ്ടായപ്പോള്‍ നഷ്ടപരിഹാരമായി കിട്ടിയ ആകെ 25,0്00 രൂപയാണ്. ഇത് കൃഷിക്കാരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് രാജു ഷെട്ടി പറഞ്ഞു. സംസ്ഥാന സർക്കാർ വിഷയം ഗൗരവമായി എടുക്കുകയാണെന്ന് കൃഷി സഹമന്ത്രി ആശിഷ് ജയ്‌സ്വാൾ പറഞ്ഞു. കർഷക പദ്ധതികൾക്കും പ്രോത്സാഹനങ്ങൾക്കുമായി സർക്കാർ ഏകദേശം ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ഇത് കൃഷിവകുപ്പിന്റെ വാർഷിക ബജറ്റായ 23,000 കോടി രൂപയേക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാറിയ കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് ദീർഘവീക്ഷണമുള്ള പദ്ധതികൾക്ക് രൂപം നൽകണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് പദ്ധതികൾ തയ്യാറാക്കാനുമായി കോവിഡ് കാലത്തെ മാതൃകയാക്കി ഒരു പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. മറാത്ത്‌വാഡയിലെ ദുരന്തനിവാരണ മാനദണ്ഡങ്ങൾ കാലോചിതമായി പുനർനിർവചിക്കണമെന്നും അവർ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.