18 December 2024, Wednesday
KSFE Galaxy Chits Banner 2

മാരിസും തെരേസയും മദർഷിപ്പില്‍; കൊച്ചി കപ്പല്‍ശാലയ്ക്ക് ചരിത്രനേട്ടം

Janayugom Webdesk
June 26, 2022 10:22 pm

കൊച്ചി കപ്പൽശാല നോർവെയ്ക്ക് വേണ്ടി നിർമ്മിച്ച മാരിസ്, തെരേസ എന്നീ ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സ്വയംനിയന്ത്രിത ഇലക്ട്രിക് വെസ്സലുകൾ നോർവെയിലേക്കു കയറ്റി അയച്ച് കൊച്ചിൻഷിപ്‌യാർഡിന് ചരിത്ര നേട്ടം. യാട്ട് സെർവന്റ് എന്ന കൂറ്റൻ മദർഷിപ്പിലാണ് വെസ്സലുകള്‍ നോര്‍‌വെയിലേക്ക് കൊണ്ടുപോകുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു കപ്പൽശാലയിൽ നിര്‍മ്മിച്ച വെസ്സലുകൾ മറ്റൊരു കപ്പലിൽ കയറ്റി കൊണ്ടുപോകുന്നത്. കപ്പലുകൾ കയറ്റുമതി ചെയ്യുന്ന ഡച്ച് കമ്പനിയായ യാട്ട് സെർവന്റിന്റെ കൂറ്റൻ കപ്പലിൽ എട്ട് മണിക്കൂർ നീണ്ട ശ്രമത്തിലൂടെയാണ് 67 മീറ്റർ നീളവും 600 ടൺ ഭാരവുമുള്ള ഇലക്ട്രിക് വെസ്സലുകൾ കയറ്റിയത്. 

210 മീറ്റർ വലിപ്പമുള്ള മദർഷിപ്പ് 8.9 മീറ്റർ കായലിലേക്ക് താഴ്ത്തി വെള്ളം നിറച്ച ശേഷം ടഗ്ഗ് ഉപയോഗിച്ച് രണ്ട് ഇലക്ട്രിക് വെസ്സലുകളും കപ്പലിലേക്ക് വലിച്ചു കയറ്റി. തുടർന്ന് കപ്പൽ ഉയർത്തി വെസ്സലുകൾ കയറ്റിയ ഭാഗത്തെ വെള്ളം ഒഴുക്കിക്കളഞ്ഞ് പൂർവസ്ഥിതിയിലാക്കി. മാരിസും തെരേസയുമായി ഇന്ന് വൈകുന്നേരം നോർവെയിലേക്ക് മദര്‍ഷിപ്പ് യാത്ര തിരിക്കും. ഒരു മാസം കടലിലൂടെ സഞ്ചരിച്ച് കപ്പൽ നോർവെയിലെത്തിച്ചേരും. നോർവെയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന ലോകപ്രശസ്തമായ അഴിമുഖപ്പാതയായ ഫ്യോർദിലായിരിക്കും കൊച്ചി കപ്പൽശാലയുടെ സൃഷ്ടിയായ മാരിസും തെരേസയും സർവീസ് നടത്തുക. 

നോർവെയിലെ സപ്ലൈ ചെയിൻ കമ്പനിയായ ആസ്കോ മാരിടൈമിന് വേണ്ടിയാണ് കൊച്ചിൻഷിപ്‌യാർഡ് ഇലക്ട്രിക് കപ്പലുകൾ നിർമ്മിച്ച് കൈമാറിയത്. ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച സ്വയംനിയന്ത്രിത ഇലക്ട്രിക് വെസ്സൽ കൂടിയാണിത്. നോർവീജിയൻ സർക്കാരിന്റെ ഭാഗിക ധനസഹായത്തോടെയാണ് ആസ്കോ മാരിടൈം കൊച്ചിൻ ഷിപ്‌യാർഡിൽ ഈ വെസ്സലുകൾ നിർമ്മിച്ചത്. 

Eng­lish Summary;Maris and There­sa in Moth­er­ship; His­toric achieve­ment for Kochi Shipyard
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.