
മഹാരാഷ്ട്ര മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണവുമായി വിവിധ രാഷ്ട്രീയ നേതാക്കളും വോട്ടർമാരും രംഗത്ത്. മായ്ക്കാനാകാത്ത മഷിക്ക് പകരം പല ബൂത്തുകളിലും മാർക്കർ പേനകൾ ഉപയോഗിച്ചതാണ് പ്രധാന വിവാദമായിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കുന്ന ‘ഇൻഡെലിബിൾ ഇങ്ക്’ (മായ്ക്കാനാകാത്ത മഷി) ഉപയോഗിക്കുന്നതിന് പകരം സാധാരണ മാർക്കർ പേനകളാണ് പലയിടത്തും ഉപയോഗിച്ചതെന്ന് എം എൻ എസ് അധ്യക്ഷൻ രാജ് താക്കറെ ആരോപിച്ചു. ഇത് കള്ളവോട്ടിന് വഴിതുറക്കുമെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, വോട്ടർ മഷിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. മുൻപും പലയിടങ്ങളിലും മാർക്കറുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും അവ എളുപ്പത്തിൽ മായ്ച്ചുകളയാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർ പട്ടികയിലെ അപാകതകളെക്കുറിച്ചും ബൂത്ത് മാറ്റങ്ങളെക്കുറിച്ചുമുള്ള പരാതികൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് നടപടികളിലെ അതൃപ്തി രേഖപ്പെടുത്തി ശിവസേന (ഷിൻഡെ വിഭാഗം) നവി മുംബൈ കേരള വിഭാഗ് നേതാവ് ജയൻ പിള്ള വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ജനാധിപത്യ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായാണ് വോട്ട് ഒഴിവാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംവിധാനം സുതാര്യമല്ലെന്നും പൊതുജന വിശ്വാസം തകർന്നുവെന്നും ജയൻ പിള്ള ആരോപിച്ചു.കൂടാതെ, വോട്ടെടുപ്പ് ദിവസത്തെ ഗുരുതരമായ ക്രമക്കേടുകൾ കല്യാൺ ഡി സി സി വൈസ് പ്രസിഡന്റ് മനോജ് അയ്യനേത്തും ചൂണ്ടിക്കാട്ടി. ബൂത്തുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും, മണിക്കൂറുകളോളം വരി നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേർ മടങ്ങിയെന്നും അദ്ദേഹം പരാതിപ്പെട്ടു. ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയ നേതാക്കൾ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.