1 January 2026, Thursday

Related news

November 22, 2025
November 7, 2025
October 18, 2025
October 8, 2025
September 2, 2025
August 26, 2025
August 19, 2025
August 18, 2025
August 18, 2025
August 5, 2025

വിപണി ഇടപെടല്‍ ഫലപ്രദം; 26 മുതൽ ഓണക്കിറ്റ് വിതരണം: മന്ത്രി ജി ആര്‍ അനില്‍

ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭ്യമാക്കും
Janayugom Webdesk
കൊച്ചി
August 19, 2025 11:08 pm

വിപണി ഇടപെടലിന്റെ ഭാഗമായി ഓണം പ്രമാണിച്ച് ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോയുടെ ശബരി ബ്രാൻഡിലെ പുതിയ ഉല്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ ഏറ്റവുമധികം വിലക്കയറ്റമുണ്ടാകേണ്ടത് കേരളത്തിലാണ്. എന്നാൽ മാതൃകാപരമായ വിപണിയിടപെടൽ മുഖേന അത് ഫലപ്രദമായി തടഞ്ഞുനിർത്താൻ സർക്കാരിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. 

ബിപിഎൽ-എപിഎൽ വ്യത്യാസമില്ലാതെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അരി ലഭ്യമാക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറിൽ ഇത്തവണ സബ്സിഡി ഉല്പന്നങ്ങൾ വില്പന നടത്തുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം 26 മുതൽ സെപ്റ്റംബർ നാലു വരെ ഓണക്കിറ്റ് വിതരണം ചെയ്യും. അന്ത്യോദയ, അന്നയോജന റേഷൻ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യുക. തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടായിരിക്കുക. പഞ്ചസാര‑ഒരു കിലോ, വെളിച്ചെണ്ണ‑അരലിറ്റർ, തുവരപ്പരിപ്പ്-250 ഗ്രാം, ചെറുപയർ പരിപ്പ്-250 ഗ്രാം, വൻപയർ-250 ഗ്രാം, കശുവണ്ടി-50 ഗ്രാം, നെയ്യ്-50 എംഎൽ, തേയില‑250 ഗ്രാം, പായസം മിക്സ്-200 ഗ്രാം, സാമ്പാർ പൊടി-100 ഗ്രാം, ശബരി മുളക്-100 ഗ്രാം, മഞ്ഞൾപ്പൊടി-100 ഗ്രാം, മല്ലിപ്പൊടി-100 ഗ്രാം, ഉപ്പ്-ഒരുകിലോ-എന്നിവയാണ് സാധനങ്ങൾ. ഓണച്ചന്ത ഓഗസ്റ്റ് 25 മുതൽ തുടങ്ങും. വെളിച്ചെണ്ണ വില കുറയ്ക്കാനുള്ള തീരുമാനങ്ങൾ അന്തിമ ഘട്ടത്തിലാണ്. വില ഇനിയും കുറയുമെന്നും മന്ത്രി വ്യക്തമാക്കി. 

വലിയ തോതിലുള്ള വിപണി ഇടപെടലാണ് സപ്ലൈകോ നടത്തുന്നത്. കഴിഞ്ഞ മാസം 32 ലക്ഷം ജനങ്ങള്‍ സപ്ലൈകോയിൽ എത്തി. 168 കോടിയുടെ ഉല്പന്നങ്ങളാണ് വാങ്ങിയത്. ഇത് ഒരു ചെറിയ സംഖ്യയല്ല. സപ്ലൈകോ വിപണിയിൽ വലിയതോതിൽ ഇടപെടൽ നടത്തുന്നില്ല എന്ന ആക്ഷേപങ്ങൾക്കുള്ള മറുപടിയാണ് ഇത്രയും കോടി രൂപയുടെ വില്പന. ഇന്നലെ വരെ 21 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോയിൽ വന്നത്. ഉല്പന്നങ്ങളുടെ വില്പന 200 കോടി കടന്നു. ഓണം ലക്ഷ്യമിടുന്നത് കുറഞ്ഞത് 300 കോടിയാണ്. 50 ലക്ഷത്തില്പരം കുടുംബങ്ങൾ സപ്ലൈകോയിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ എന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലാതല ഓണം ഫെയറുകൾക്ക് തുടക്കമാവും. വെളിച്ചെണ്ണ വിലവർധനയിൽ സപ്ലൈകോ ഇടപെടൽ വളരെ ഫലപ്രദമായിരുന്നു എന്നാണ് കുറയുന്ന വെളിച്ചെണ്ണ വില കാണിക്കുന്നത്. ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലയിൽ നിന്ന് 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യാനുസരണം വാങ്ങാം. നേരത്തെ ഒരു ബില്ലിന് ഒരു ലിറ്റർ കേര വെളിച്ചെണ്ണ മാത്രം എന്ന നിബന്ധന, ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മാറ്റിയിട്ടുണ്ട്. 

സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ ഒരു ലിറ്റർ സബ്സിഡി വെളിച്ചെണ്ണ 349 രൂപയ്ക്കും, സബ്സിഡിയിതര വെളിച്ചെണ്ണ 429 രൂപയ്ക്കും നൽകുന്നുണ്ട്. ഈ മൂന്നിനം വെളിച്ചെണ്ണയുടേയും വില ഓണത്തിനു മുമ്പ് ഇനിയും കുറയും. സൺഫ്ലവർ ഓയിൽ, പാം ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയ മറ്റു ഭക്ഷ്യഎണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. ഓണത്തിനായി രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.