വിപണിയിൽ വില കുതിച്ചുയർന്ന് പച്ചത്തേങ്ങ. ലഭ്യത ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ നിലവിൽ 61 രൂപയുള്ള പച്ചത്തേങ്ങയുടെ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. ക്വിന്റൽ പച്ചത്തേങ്ങയ്ക്ക് 6100 രൂപയാണ് വില. രാജാപ്പൂർ കൊപ്രയ്ക്ക് 21,000 രൂപയായും ഉണ്ട കൊപ്രയ്ക്ക് 18,500 രൂപയായും വില ഉയർന്നിട്ടുണ്ട്. മിൽ കൊപ്രയുടെ വില 17,800 രൂപയും കൊട്ടത്തേങ്ങയുടേത് 18,000 രൂപയുമാണ്. കഴിഞ്ഞ വർഷം മാർച്ചിൽ 9,900 രൂപ മാത്രമായിരുന്നു രാജാപ്പൂരിന് വില ലഭിച്ചത്. ഗ്രാമ നഗര പ്രദേശങ്ങളിൽ 70 രൂപയാണ് പച്ചത്തേങ്ങയുടെ ചില്ലറ വില.
വില കുതിച്ചു കയറുമ്പോഴും ഉല്പാദന കുറവ് കാരണം നേട്ടം കർഷകർക്ക് കിട്ടാത്ത അവസ്ഥയാണ്. സ്ഥിരമായുള്ള വിലത്തകർച്ചയെ തുടര്‍ന്ന് കര്‍ഷകര്‍ പിന്മാറിയത് ഉല്പാദനം കുറച്ചു. തമിഴ്നാട്, കർണാടക എന്നിവടങ്ങളിൽ നിന്നുള്ള നാളികേര ഉല്പന്നങ്ങളുടെ വരവും കുറഞ്ഞിട്ടുണ്ട്. ഇതെല്ലാം വില വർധനവിന് കാരണമായതായി വ്യാപാരികൾ പറയുന്നു. ചില സംസ്ഥാനങ്ങളിൽ ആവശ്യകത വർധിച്ചതും വില വർധിക്കാനുള്ള കാരണമായി.
നേരത്തെ പരമാവധി 30 രൂപ വരെയായിരുന്നു പച്ചത്തേങ്ങയുടെ ഉയർന്ന വില. 2018 ന് ശേഷം ആദ്യമായി കഴിഞ്ഞ സെപ്റ്റംബർ മാസം നാൽപതിലെത്തിയിരുന്നു. പിന്നീടിത് അമ്പത് രൂപയായി ഉയർന്നു. ഈ വർഷം തുടക്കം മുതൽ വില പിന്നെയും ഉയരാൻ തുടങ്ങി. ഉത്തരേന്ത്യയിൽ ദീപാവലി സീസണായതിനാൽ ജനുവരിയിൽ പച്ചത്തേങ്ങ വില 60 എത്തിയിരുന്നു. എന്നാൽ വീണ്ടും വില കുറയുകയായിരുന്നു. ഈ മാസം തുടങ്ങിയതോടെയാണ് വില വർധനവ് ഉണ്ടായത്. കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും കൂടിയ വിലയാണ് ഇത്. വില വർധിക്കുമ്പോഴും സംസ്ഥാനത്ത് ആവശ്യത്തിന് പച്ചത്തേങ്ങയില്ലാത്തത് പ്രതിസന്ധിയായി തുടരുന്നു. നാളികേര കൃഷിയിൽ നിന്ന് ആളുകൾ പിന്മാറിയതും ഭൂവിസ്തൃതി കുറഞ്ഞതുമെല്ലാം ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിവിധ രോഗങ്ങളും ഉല്പാദനത്തെ വലിയ രീതിയിൽ പിന്നോട്ട് വലിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.