25 December 2024, Wednesday
KSFE Galaxy Chits Banner 2

ഇഞ്ചിക്ക് വിപണിയിൽ ക്ഷാമം; വിലയും കൂടി

ജോമോൻ ജോസഫ്
കല്‍പ്പറ്റ
March 27, 2023 9:04 am

വിപണിയിൽ ഇഞ്ചിക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതോടെ വിലയിലും വർധന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇഞ്ചിക്ക് ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും വിപണിയിൽ ഇഞ്ചിക്ക് ക്ഷാമമാണ്. ഇന്നലെ ചാക്കിന് 3000 രൂപയാണ് വിപണിയിലെ വില. വേനൽ കടുത്തതും ഇഞ്ചി കിട്ടാനില്ലാത്തതും വില വർധനവിന് കാരണമായിട്ടുണ്ട്. നേരത്തെ വിളവെടുത്ത് സ്റ്റോക്ക് ചെയ്ത ഇഞ്ചിയാണ് ഇപ്പോൾ വിപണിയിലെത്തുന്നതെന്ന് കച്ചവടക്കാർ പറയുന്നു. വിലയിലുണ്ടായ വർധനവ് കർഷകർക്ക് ഗുണം ചെയ്യുന്നില്ല. പലരും ഇതിനകം ഇഞ്ചി വില്പന നടത്തിക്കഴിഞ്ഞിരുന്നു. 

ജില്ലയിലെ ഭൂരിഭാഗം ഇഞ്ചി കർഷകരും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. വിളവെടുത്ത ഇഞ്ചി വിറ്റ് നാട്ടിലേക്ക് വണ്ടികയറാൻ കർഷകരിൽ പലരും ഒരുങ്ങുന്നതിനിടെയാണ് വില ഉയരാൻ തുടങ്ങിയത്. ഈ വില ഉല്പാദനച്ചെലവിന് ഒന്നുമാകില്ലെങ്കിലും നഷ്ടത്തിന്റെ ലഘൂകരണത്തിന് ആശ്വാസമാണെന്ന് കർഷകർ വ്യക്തമാക്കുന്നു. ഒരേക്കറിൽ ഇഞ്ചി കൃഷി ചെയ്യുന്നതിന് കർഷകന് ആറ് ലക്ഷം രൂപ വരെ ചെലവ് വരും. ഒരേക്കർ കരഭൂമിക്ക് 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് 18 മാസത്തെ പാട്ടത്തുക. 

ജലസേചന സൗകര്യമുള്ള വയൽ ഏക്കറിന് ഒന്നര ലക്ഷം രൂപ വരെ പാട്ടമായി നൽകണം. വിത്ത്, വളം, ജലസേചനം, പണിക്കൂലി എന്നീ ഇനങ്ങളിലും വലിയ തുക മുടക്കണം. കർണാടകയിൽ മൈസൂരു, മാണ്ഡ്യ, ചാമരാജ്നഗർ, കുടക്, ഷിമോഗ ജില്ലകളിലാണ് കേരളത്തിൽനിന്നുള്ള കർഷകർ ഇഞ്ചി കൃഷി ചെയ്യുന്നത്. ബാങ്കുകളില്‍ നിന്ന് വൻതുക വായ്പയെടുത്തും മറ്റുമാണ് ഇതര സംസ്ഥാനങ്ങളിൽ ഇഞ്ചിക്കൃഷി നടത്തി വരുന്നത്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പലരും. വൻതോതിലുള്ള കൃഷി തുടരാനുള്ള ശേഷിയും ഇക്കൂട്ടർക്ക് ഇല്ല. പാട്ടക്കൃഷിക്കാർക്ക് കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സർക്കാരുകളുടെ സഹായം ലഭിക്കുന്നില്ല. പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഭൂവുടമകള്‍ക്കാണ് അനുവദിക്കുന്നത്. പാട്ടക്കൃഷിക്കാരെ നിക്ഷേപകരായി കണക്കാക്കാനും കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങൾ തയ്യാറാകുന്നില്ലെന്നതും കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. 

Eng­lish Summary;Market short­age for gin­ger; The price also increased

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.