1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 21, 2025
March 15, 2025
March 3, 2025
March 3, 2025
March 2, 2025
February 10, 2025
February 3, 2025
January 12, 2025
January 10, 2025

മാസ്സായ ആന്റണി ക്ലാസാകുന്നത്…

രാജഗോപാല്‍ രാമചന്ദ്രന്‍ 
December 2, 2023 11:13 am

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അവിഹിത കേസില്‍ നാട്ടിലും ബന്ധുക്കളുടെയിടയിലുമുള്ള സദാചാര പോലീസിനാല്‍ പ്രതിയാക്കപ്പെട്ട ഒരു സുഹൃത്ത് ആ വിഷയം കത്തി നിന്ന സമയത്ത് എന്നോട് പറഞ്ഞ ഒരു വാചകമുണ്ട്. ”അവളോട് (അതായത് അദ്ദേഹത്തിന്റെ ഭാര്യയോട്) ഞാന്‍ പറഞ്ഞു ആ സ്ത്രീയെ (അവിഹിത കേസിലെ പ്രതിയാകപ്പെട്ട സ്ത്രീ) ഞാന്‍ എന്റെ ഒരു സഹോദരിയായാണ് കാണുന്നതെന്ന് പറഞ്ഞിട്ടുണ്ട്. ഭാര്യയ്ക് എന്നെ വിശ്വാസവുമുണ്ട്. പക്ഷേ അവളും എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്. സ്വന്തം സഹോദരിയെക്കാള്‍ നിങ്ങള്‍ എന്തിനാണ് ആ സ്ത്രീയുടെ കാര്യത്തില്‍ ഇടപെടുന്നത്. അതിന് എനിക്ക് മറുപടിയില്ലടേയ്…” ഇത് പറ‍യുമ്പോള്‍ കെണിയില്‍ പെട്ടുപോയ ഒരു എലിയുടെ ധൈന്യത ആ മനുഷ്യന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടിരുന്നു. തിരികെ ഒന്നും പറയാനാവാതെ ആ സുഹൃത്തിന്റെ കൈകളില്‍ ഒന്ന് മുറുക്കെ പിടിക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ആന്റണി കണ്ടപ്പോള്‍ മനസ്സിലൂടെ കടന്നുപോയത് ആ സുഹൃത്തിന്റെ കണ്ണില്‍ അന്ന് കണ്ട ദൈന്യതയാണ്. 

ജോജുവിന്റെ ആന്റണിയാണ് നായക കഥാപാത്രം. കല്യാണിയൊഴിച്ചുള്ള ചേരുവകള്‍ വച്ച് ജോഷി നേരത്തെ അണിയിച്ചൊരുക്കിയ പൊറിഞ്ചു മറിയം ജോസിന്റെ അത്ര തല്ലുരംഗങ്ങളില്‍ ആന്റണിയിടപെടുന്നില്ല. ആക്ഷന്‍ രംഗങ്ങള്‍ക്കപ്പുറം ഫാമിലിഡ്രാമയിലൂടെയാണ് കഥ മുന്നേറുന്നത്. കല്യാണി പ്രിയദര്‍ശന്റെ കരിയര്‍ ബെസ്റ്റാണ് ആന്റണിയിലെ ആന്‍ മരിയ. ബോക്സിംഗ് രംഗങ്ങളിലുള്‍പ്പെടെ കല്യാണിയെടുത്ത റിസ്ക് തിയേറ്ററില്‍ നല്ല കാഴ്ചയൊരുക്കുന്നുണ്ട്. ആന്റണിയുടെ ക്ലാസ്മേറ്റും പിന്നീട് വൈദികനുമായി മാറിയ പോളായാണ് ചെമ്പനെത്തുന്നത്. അവര്‍ തമ്മിലുള്ള കോമ്പനീഷരംഗങ്ങള്‍ പൊറിഞ്ചു — ജോസ് കോമ്പിനേഷനേക്കാള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. നൈലയുടെ മായയും കഥ നടക്കുന്ന അവറാന്‍ സിറ്റിക്ക് ആ പേര് വരാന്‍ കാരണമായ അവറാന്‍ മുതലാളിയായെത്തുന്ന വിജയരാഘവനും സ്വന്തം വേഷങ്ങള്‍ മനോഹരമാക്കി. ജിനു ജോസഫിന്റെ ലോറന്‍സാണ് പ്രധാന വില്ലന്‍ വേഷത്തില്‍. കൂടെ അപ്പാനി ശരത്തിന്റെ കീച്ചേരി സൈമണ്‍ ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുണ്ട്. 

ആന്റണിയുടെ ആക്രമണത്തിനിടയില്‍ കൊല്ലപ്പെട്ടുപോകുന്ന വെടക്ക് സേവ്യറിന്റെ (ടിനി ടോം) കുടുംബത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വം ആന്റണി കാണിക്കുന്നു. അമ്മയായ ജെസിയെയും (ആശാശരത്) നഷ്ടപ്പെടുന്നതോടെ ആന്‍മരിയയുടെ രക്ഷകര്‍ത്തൃത്വം ആന്റണിയിലേക്കെത്തുന്നു. ഇവിടെയാണ് പരസ്പരം പരിചയമില്ലാത്ത രക്തബന്ധമില്ലാത്ത രണ്ടുപേര്‍ ഒരു ഉടമ്പടിയുടെയും ബലമില്ലാതെ ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്നത്. 71 -ാം വയസിലും തന്റെ സിനിമാ ജീവിതത്തിന്റെ 45-ാം വര്‍ഷത്തിലും ജോഷിയെന്ന ബ്രാന്‍ഡിന് ജോഷിയുടെ ആദ്യ സിനിമ റിലീസായ സമയത്ത് മാതാപിതാക്കള്‍ പോലും റിലീസാവാത്ത യുവതലമുറയെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നതാണ് ഇന്നലെ തിയേറ്ററുകളില്‍ കണ്ട യുവപ്രേക്ഷകരുടെ സാന്നിധ്യം സൂചിപ്പിക്കുന്നത്. തിരക്കഥാകൃത്തായ രാജേഷ് വര്‍മ്മ കണ്ട ആന്റണിയെ മികച്ച രീതിയില്‍ പ്രേക്ഷകരിലെത്തിക്കാന്‍ ക്യാമറാാമാനായ രണദിവെയ്ക്കായി. ജെയ്സ്ക് ബിജോയിയുടെ പശ്ചാത്തല സംഗീതം സിനിമയുടെ ത്രില്ലര്‍ മൂഡ് കൊണ്ടുപോകുന്നുണ്ട്. ചിത്രം വെട്ടിക്കൂട്ടിയ എഡിറ്റര്‍ ശ്യാം ശശിധരനെ കൊണ്ട് അല്‍പ്പം കൂടി പണിയെടുപ്പിച്ച് രണ്ടേ കാല്‍ മണിക്കൂറിനുള്ളില്‍ ചിത്രമെത്തിച്ചിരുന്നെങ്കില്‍ സ്വല്‍പ്പം കൂടി ആസ്വാദ്യകരമായേനേ. 

തിയേറ്റില്‍ എണീറ്റ് നിന്ന് കയ്യടിക്കാന്‍ തോന്നുന്ന മാസ് രംഗങ്ങള്‍ ചിത്രത്തില്‍ വളരെ കുറച്ചേയുള്ളു. മാസ് പ്രതീക്ഷിച്ചുവരുന്ന പ്രേക്ഷകര്‍ നിരാശരാവുമെങ്കിലും കാശ് നഷ്ടപ്പെട്ടുവെന്ന തോന്നലുണ്ടാവില്ലെന്നുറപ്പാണ് ജോജുവിന്റെ മാസ് രംഗങ്ങള്‍ക്കും കല്യാണിയുടെ ഗ്രെയ്സിനും നൈല ഉഷയുടെയും ചെമ്പന്റെയും സ്ക്രീന്‍ പ്രസിന്‍സിനും ജോഷിയെന്ന സംവിധായകന്റെ മികച്ച മേക്കിംഗിനുമപ്പുറം ആന്റണിയെന്ന ചിത്രം പറഞ്ഞുവയ്ക്കുന്നത് ആദ്യം പറഞ്ഞ എന്റെ സുഹൃത്തും അയാളുടെ രക്തബന്ധമില്ലാത്ത സഹോദരിയെയുമൊക്കെ പോലുള്ളവര്‍ അനുഭവിച്ച ബന്ധങ്ങളിലെ തീവ്രതയാണ്. ഒരുമിച്ച് ജീവിക്കുന്ന അല്ലെങ്കില്‍ ജീവിക്കേണ്ടി വരുന്ന രക്തബന്ധമില്ലാത്ത ആണും പെണ്ണും പലപ്പോഴും പങ്ക് വയ്ക്കുന്നത് പ്രണയത്തിനും കാമത്തിനുമപ്പുറം മറ്റു ചില വികാരങ്ങളാണെന്ന സത്യമാണ്.

Eng­lish Summary:Mass Antony Class is…
You may also like this video

YouTube video player

TOP NEWS

April 1, 2025
March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.