5 January 2026, Monday

Related news

January 4, 2026
January 4, 2026
December 28, 2025
December 28, 2025
December 27, 2025
December 23, 2025
December 13, 2025
December 13, 2025
December 12, 2025
December 10, 2025

ലോസ് ആഞ്ചല്‍സില്‍ കൂട്ട അറസ്റ്റ്; ഫെഡറല്‍— സംസ്ഥാന സര്‍ക്കാര്‍ പോര് കടുക്കുന്നു

കലാപ നിയമം നടപ്പിലാക്കിയേക്കും 
Janayugom Webdesk
കാലിഫോര്‍ണിയ
June 11, 2025 10:56 pm

കര്‍ഫ്യു ലംഘിച്ചെന്നാരോപിച്ച് ലോസ്‍ ആഞ്ചല്‍സില്‍ കൂട്ട അറസ്റ്റ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനും സൈനിക വിന്യാസത്തിനുമെതിരെ നാല് ദിവസമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ലോസ് ആഞ്ചല്‍സ് നഗരത്തില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു.
നിയന്ത്രണം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 300ലധികം പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലുടനീളമുള്ള റെയ്ഡുകളില്‍ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐഎസ്) ഉദ്യോഗസ്ഥരെ സെെനികമായി ഉപയോഗിക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ തടയണമെന്ന് ആവശ്യപ്പെട്ട് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടികളാരംഭിച്ചത്. 

വസ്ത്ര തൊഴിലാളികൾ, ദിവസവേതനക്കാർ, കുടിയേറ്റ സമൂഹങ്ങൾ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണാത്മകമായ റെയ്ഡുകളെത്തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധ പ്രകടനങ്ങള്‍ അടിച്ചമര്‍ത്താന്‍ 4000 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെയും 700 മറെെന്‍ സെെനികരെയുമാണ് ലോസ് ആഞ്ചല്‍സില്‍ വിന്യസിച്ചിട്ടുള്ളത്. മറൈൻ സൈനികർക്കും നാഷണൽ ഗാർഡിനും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള അധികാരമില്ല. ഫെഡറൽ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇരുവിഭാഗത്തെയും വിന്യസിച്ചിട്ടുള്ളത്. 34 മില്യൺ ഡോളർ ചെലവിൽ 60 ദിവസം സൈന്യം നഗരത്തിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. കലാപ നിയമം നടപ്പിലാക്കുന്നത് പരിഗണിക്കുമെന്നും സൂചനയുണ്ട്.
ഗവര്‍ണറുമായി കൂടിയാലോചിക്കാതെ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ന്യൂസോം ചൂണ്ടിക്കാട്ടി. അതേസമയം, കാലിഫോര്‍ണിയ സംസ്ഥാന ഭരണകൂടം നല്‍കിയ കേസില്‍ ഇന്ന് വാദം കേള്‍ക്കും. കഠിനാധ്വാനികളായ കുടിയേറ്റ കുടുംബങ്ങളെ വിവേചനരഹിതമായി ലക്ഷ്യം വച്ചതിനും ലോസ് ആഞ്ചല്‍സ് തെരുവുകള്‍ സെെനികവല്‍ക്കരിച്ചതിനും ട്രംപിനെതിരെ രൂക്ഷ വിമര്‍ശനമാണ് ന്യൂസോം ഉയര്‍ത്തുന്നത്. സംശയത്തിന്റെയോ നിറത്തിന്റെയോ അടിസ്ഥാനത്തിൽ വാറണ്ടില്ലാതെ നമ്മളിൽ ചിലരെ തെരുവുകളിൽ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകാന്‍ കഴിയുമെങ്കില്‍ നമ്മളാരും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. 

ലോസ് ആഞ്ചല്‍സില്‍ പ്രതിഷേധം നടത്തുന്നവരെ മൃഗങ്ങളെന്നാണ് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത്. നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വിദേശ ആക്രമണം തുടരുക എന്ന ലക്ഷ്യത്തോടെ അവരില്‍ നിന്ന് പ്രതിഫലം വാങ്ങുന്ന കലാപകാരികളാണ് പ്രകടനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും ട്രംപ് ആരോപിച്ചു.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ പ്രതിഷേധക്കാര്‍ക്ക് ഇഷ്ടികകള്‍ വിതരണം ചെയ്തിരുന്നുവെന്ന ഗൂഢാലോചനാ സിദ്ധാന്തവും അദ്ദേഹം ആവർത്തിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.