9 January 2026, Friday

Related news

January 2, 2026
December 2, 2025
September 18, 2025
August 26, 2025
July 10, 2025
July 9, 2025
July 9, 2025
April 30, 2025
April 21, 2025
April 19, 2025

ലഹരിയെ ചെറുക്കാൻ ജനകീയ പ്രചരണം

Janayugom Webdesk
തിരുവനന്തപുരം
March 24, 2025 10:36 pm

ലഹരി വിപത്തിനെ ചെറുക്കാൻ എല്ലാവിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ പ്രചരണം നടത്താനൊരുങ്ങി സർക്കാർ. നിലവിലുള്ള എല്ലാ ലഹരിവിരുദ്ധ പ്രചരണങ്ങളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മയക്കുമരുന്നിനെതിരായ പ്രചരണത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

30ന് വിദഗ്ധരുടെയും വിദ്യാർത്ഥി, യുവജന സംഘടനകളുടെയും സിനിമ, സാംസ്കാരിക, മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക — രക്ഷാകർതൃ സംഘടനകളുടെയും യോഗം ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകൾ ചേർന്ന് സമിതി രൂപീകരിക്കും. എൽപി ക്ലാസുകൾ മുതൽ ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കുട്ടികളെ കായിക രംഗത്ത് ആകർഷിക്കാൻ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കണം. 

ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കണം. പരിശോധന കർശനമാക്കണം. പൊലീസിന്റെയും എക്സൈസിന്റെയും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കണം. ലഹരി വിൽക്കുന്ന കടകൾ പൂട്ടാൻ തദ്ദേശസ്വയംഭരണ വകുപ്പ് നടപടിയെടുക്കണം. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങൾ വാങ്ങണം. സ്നിഫർ ഡോഗ് സാന്നിധ്യം വർധിപ്പിക്കണം. ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികളിലേക്കു നീങ്ങണം. 

ഓൺലൈൻ ലഹരി വ്യാപാരം തടയാനുള്ള നടപടികൾ ശക്തമാക്കും. വിമാനത്താവളം, റെയിൽവേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ചും അതിർത്തികളിലെ പൊലീസ് പരിശോധനയും ശക്തമാക്കണം. കൊറിയറുകൾ, പാഴ്സലുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ തുടങ്ങി കേരളത്തിന്റെ അതിർത്തി കടന്നുവരുന്ന വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന ലഹരിവിരുദ്ധ പദ്ധതികൾ മന്ത്രിമാർ വിശദീകരിച്ചു.
മന്ത്രിമാരായ സജി ചെറിയാൻ, എം ബി രാജേഷ്, ഒ ആർ കേളു, ആർ ബിന്ദു, വി അബ്ദുറഹ്‌മാൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ എ ജയതിലക്, കെ ആർ ജ്യോതിലാൽ, സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, പി വിജയൻ, എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് തുടങ്ങിയവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.