
സുഡാനിലെ എൽ ഫാഷറിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ നടത്തിയ കൂട്ടക്കൊലയെ ഐക്യരാഷ്ട്ര സഭ ശക്തമായി അപലപിച്ചു. രാജ്യം “ഇരുണ്ട നരകത്തിലേക്ക് അധഃപതിച്ചിരിക്കുന്നു” എന്ന് യുഎൻ സുരക്ഷാ കൗൺസിൽ പ്രസ്താവിച്ചു. എൽ ഫാഷറിലെ സിവിലിയൻമാരെ കൊലപ്പെടുത്തിയതിനെയും, ആർഎസ്എഫിന് പുറത്തുനിന്നും ആയുധ വിതരണം നടത്തുന്നതിനെയും യുഎൻ വിമർശിച്ചു. വ്യാഴാഴ്ച നടന്ന സുരക്ഷാ കൗൺസിലിൻ്റെ യോഗത്തിൽ യുഎന്നിൻ്റെ ആഫ്രിക്കൻ അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ മാർത്ത അമ അക്യ പോബി സ്ഥിതിഗതികൾ ഭയാനകമാണെന്ന് അറിയിച്ചു. കൂട്ടക്കൊലകളുടെയും, പലായനം ചെയ്യാൻ ശ്രമിക്കുന്ന സാധാരണക്കാരുടെ വീടുകൾ പരിശോധിക്കുന്നതിൻ്റെയും റിപ്പോർട്ടുകൾ യുഎൻ മനുഷ്യാവകാശ ഓഫീസിന് ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.
“സ്ഥിതിഗതികൾ കുഴപ്പത്തിലാണ്. കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം കണക്കാക്കാൻ പ്രയാസമാണ്. എൽ ഫാഷറിൽ ആരും സുരക്ഷിതരല്ല, നഗരം വിട്ടുപോകാൻ സാധാരണക്കാർക്ക് സുരക്ഷിതമായ ഒരു വഴിയുമില്ല. നഗരത്തിലെ ജനങ്ങൾ ഭീകരതകൾക്ക് വിധേയരാവുകയാണ്,” യുഎൻ ഹ്യുമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചർ പറഞ്ഞു. ആ നഗരം മനുഷ്യ ദുരിതത്തിൻ്റെ വേദിയായിരുന്നുവെന്നും അത് ഇപ്പോൾ കൂടുതൽ ഇരുണ്ട നരകത്തിലേക്ക് പോയിരിക്കുകയാണെന്നും ഫ്ലെച്ചർ കൂട്ടിച്ചേർത്തു. യോഗം നടക്കുമ്പോഴും ആക്രമണം തുടരുകയാണെന്നും, സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുകയും ആളുകളെ വികൃതമാക്കി കൊല്ലുകയും ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. പടിഞ്ഞാറൻ സുഡാനിലെ പ്രധാന സംസ്ഥാനമായ എൽ ഫാഷർ നഗരം വിമത സൈന്യമായ ആർഎസ്എഫ് പിടിച്ചെടുക്കുകയും ആയിരക്കണക്കിനാളുകളെ കൂട്ടക്കൊല ചെയ്തെന്ന റിപ്പോർട്ടുകളും ദൃശ്യങ്ങളുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.