സ്വന്തം കുടുംബാംഗങ്ങളെയും പെണ്‍സുഹൃത്തിനെയുമുള്‍പ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവിന്റെ ക്രൂരതയില്‍ നടുങ്ങി കേരളം. തിരുവനന്തപുരം പേരുമലയിലും ആർഎൽ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളില്‍ അഞ്ച് പേരെയാണ് അഫാൻ എന്ന 23 കാരൻ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം എലിവിഷം കഴിച്ച പ്രതി വെഞ്ഞാറന്മൂട് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സഹോദരന്‍ അഫ്‍സാന്‍ (14), പിതൃമാതാവ് സല്‍മബീവി (88), പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ ലത്തീഫ്(63), ഭാര്യ ഷാഹിന (53) എന്നിവരെയാണ് കൊലപ്പെടുത്തിയത്. കാന്‍സര്‍ ബാധിതയായ അഫാന്റെ മാതാവ് ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലയ്ക്ക് ശേഷം വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പ്രതി തുറന്നിട്ടിരുന്നു. ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ബിസിനസ് തകര്‍ച്ച മൂലമുണ്ടായിരുന്ന സമ്പത്തിക പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.
പെണ്‍സുഹൃത്തിനെ രണ്ട് ദിവസം മുമ്പാണ് അഫാന്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇതിന് പിന്നാലെ ചില പ്രശ്നങ്ങള്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. അമ്മയെയും സഹോദരനെയും പെണ്‍സുഹൃത്തിനെയുമാണ് ആദ്യം കൊലപ്പെടുത്തിയത്. ശേഷം പിതാവിന്റെ സഹോദരനെയും ഭാര്യയെയും അവരുടെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നീടാണ് പിതാവിന്റെ അമ്മയെ പാങ്ങോട്ടെ വീട്ടിലെത്തി കൊലചെയ്തതെന്നുമാണ് വിവരം. അഫാന്റെ പിതാവ് വിദേശത്താണ്. പ്രതി ലഹരിക്കടിമയാണെന്നാണ് സൂചന. എന്താണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.