
സുഡാനില്‍ അര്‍ധ സെെനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ്(ആര്‍എസ്എഫ്) നടത്തിയ ആക്രമണത്തില്‍ കുട്ടികളും ഗര്‍ഭിണികളുമുള്‍പ്പെടെ 300 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നോർത്ത് കോർഡോഫാനില്‍ ആര്‍എസ്എഫ് നടത്തിയ റെയ്ഡിനിടെയായിരുന്നു ക്രൂരമായ കൊലപാതകം. രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ആർഎസ്‌എഫും സുഡാനീസ് സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നതിനിടെയാണ് പുതിയ സംഭവം.
2023 മുതൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. കിഴക്കന്‍ പ്രദേശങ്ങളിലെ നിയന്ത്രണം സെെന്യം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. നോർത്ത് കോർഡോഫാൻ, ഡാർഫർ എന്നിവയുൾപ്പെടെയുള്ള പടിഞ്ഞാറൻ പ്രദേശങ്ങള്‍ ആര്‍എസ്എഫ് നിയന്ത്രണത്തിലാണ്. ബാര നഗരത്തിന് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളിൽ ശനിയാഴ്ച ആർഎസ്‌എഫ് ആക്രമണം നടത്തിയതായി മനുഷ്യാവകാശ സംഘടനയായ എമർജൻസി ലോയേഴ്‌സ് പറഞ്ഞു. ഷാഗ് അൽനോം എന്ന ഗ്രാമത്തിൽ 200ലധികം പേരെയാണ് കൂട്ടക്കൊല ചെയ്തത്. വെടിവച്ചും വീടുകള്‍ക്ക് തീയിട്ടുമാണ് ആര്‍എസ്എഫ് സാധാരണക്കാര്‍ക്കെതിരായ അക്രമം അഴിച്ചുവിട്ടത്. നിരവധിയാളുകളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹിലാത്ത് ഹമീദ് ഗ്രാമത്തിലും സമാന രീതിയില്‍ ആര്‍എസ്എഫ് കൂട്ടക്കൊല നടത്തി. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 46 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഗ്രാമങ്ങള്‍ യാതൊരു സൈനിക ലക്ഷ്യങ്ങളും ഇല്ലാത്തവയായിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ട് നടത്തിയ കുറ്റകൃത്യങ്ങളുടെ ക്രിമിനൽ സ്വഭാവം വ്യക്തമാക്കുന്നുവെന്ന് എമര്‍ജന്‍സി ലോയേഴ്സ് ചൂണ്ടിക്കാട്ടി.
മേഖലയിലെ രൂക്ഷമായ പോരാട്ടം മൂലം ഷാഗ് അൽനോം, അൽ‑കോർഡി ഗ്രാമങ്ങളിൽ നിന്ന് 3,000 ത്തിലധികം ആളുകൾ പലായനം ചെയ്യേണ്ടി വന്നതായി ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) വ്യക്തമാക്കുന്നു. യുദ്ധക്കുറ്റകൃത്യങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നീ കുറ്റങ്ങൾ ചുമത്തി അമേരിക്കയും മനുഷ്യാവകാശ ഗ്രൂപ്പുകളും ആർഎസ്‌എഫിനെതിരെ കേസെടുത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിച്ച സംഘര്‍ഷങ്ങളിലൊന്നാണ് സുഡാനിലെ ആഭ്യന്തര യുദ്ധം.
ജനസംഖ്യയുടെ പകുതിയിലധികം പേരെയും പട്ടിണിയിലേക്ക് തള്ളിവിടുകയും രാജ്യത്തുടനീളം കോളറ ഉൾപ്പെടെയുള്ള രോഗങ്ങൾ പടർത്തുകയും ചെയ്തു. കുറഞ്ഞത് 40,000 പേർ മരിച്ചതായാണ് കണക്കുകള്‍. 1.3 കോടി പേര്‍ പലായനം ചെയ്തു. പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുതിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവിടെ “യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് സീനിയർ പ്രോസിക്യൂട്ടർ നജ്ഹത് ഷമീം ഖാൻ യുഎൻ സുരക്ഷാ കൗൺസിലിനെ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.