ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത നൂഹ് ഗ്രാമത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വന്‍ സംഘര്‍ഷം. ഒരാള്‍ മരിക്കുകയും രണ്ട് പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബജ്രംഗ്‌ദള്‍, വിശ്വ ഹിന്ദു പരിഷത്ത് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ബ്രിജ് മണ്ഡല്‍ ജല ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് കല്ലേറും വെടിവയ്പുമുണ്ടായി. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. സംഘര്‍ഷം തൊട്ടടുത്ത സോഹ്ന ചൗക്കിലേയ്ക്കും വ്യാപിച്ചു.
കലാപകാരികളെ തുരത്താൻ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പ്രദേശത്ത് ഇന്റര്‍നെറ്റ് ഉപയോഗം തടയുകയും വലിയ ആള്‍കൂട്ടങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
ഗുരുഗ്രാം-ആല്‍വാര്‍ ദേശീയ പാതയില്‍ കലാപം രൂക്ഷമായതോടെ പൊതു-സ്വകാര്യ വാഹനങ്ങളുടെ നേര്‍ക്ക് ആക്രമണങ്ങളുണ്ടായി. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 3000 ത്തിലധികം പേര്‍ ഒരു ക്ഷേത്രത്തില്‍ അഭയം തേടി.
ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകൻ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വീഡിയോയാണ് പ്രകോപനകാരണമെന്നാണ് റിപ്പോര്‍ട്ട്. ഗോരക്ഷാ കേസുകളില്‍ പ്രതിയായ ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകൻ മോനു മനേസറും കൂട്ടാളികളുമാണ് പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചതെന്നും യാത്രക്കിടെ താൻ അവിടെയുണ്ടാകുമെന്ന് വെല്ലുവിളിച്ചതായും പറയപ്പെടുന്നു. ഇയാളെ യാത്രയില്‍ കണ്ടതിന് പിന്നാലെ കല്ലേറുണ്ടാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
English Summary: Massive clash in Gurugram, stone pelting, firing; a death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.