21 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 19, 2025
March 19, 2025
March 18, 2025
March 18, 2025
March 17, 2025
March 14, 2025
March 13, 2025
March 8, 2025
March 6, 2025

നാഗ്പൂരില്‍ വന്‍ സംഘര്‍ഷം; ഔറംഗസേബിന്റെ ശവകുടീരം പൊളിക്കാന്‍ ഹിന്ദുസംഘടനകള്‍, 65 പേര്‍ അറസ്റ്റില്‍

നിരോധനാജ്ഞ പ്രഖ്യാപിച്ചു
Janayugom Webdesk
നാഗ്പൂര്‍
March 18, 2025 10:18 pm

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഹിന്ദു സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. 30 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മഹൽ മേഖലയിൽ വലിയ തോതിൽ കല്ലേറുണ്ടായി. 25 ഓളം വാഹനങ്ങൾക്ക് തീയിട്ടു. നാഗ്പൂരിലെ പല പ്രദേശങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 65 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറാത്ത ചക്രവർത്തിയായ ശിവജിയുടെ ജന്മദിനമായ തിങ്കളാഴ്ച മഹലിലെ ശിവജി ചൗക്കിൽ ഹിന്ദുത്വ സംഘടനകള്‍ യോഗം നടത്തിയിരുന്നു. ഛത്രപതി സാംബാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ് ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തിൽ പ്രതിഷേധവും അരങ്ങേറി. ഇതിനിടെ ഖുര്‍ ആന്‍ കത്തിച്ചുവെന്ന് അഭ്യൂഹം പടര്‍ന്നതോടെ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു. 

പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങൾ നേർക്കുനേർ കല്ലെറിയുകയായിരുന്നു. പിന്നീടുണ്ടായ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി വീടുകൾ തകര്‍ക്കപ്പെട്ടു. ഒരു ക്ലിനിക്കും നിരവധി വാഹനങ്ങളും കത്തിച്ചു. നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോട്വാലി, ഗണേശ്പേട്ട്, തഹസിൽ, ലകദ്ഗഞ്ച്, പച്ച്പയോളി, ശാന്തിനഗർ, സക്കാർദാര, നന്ദൻവൻ, ഇമാംവാദ, യശോധരനഗർ, കപിൽനഗർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കർഫ്യൂ. പ്രദേശത്ത് വൻതോതിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിശാന്തമായതായി നാഗ്പൂർ പൊലീസ് കമ്മിഷണർ രവീന്ദർ സിംഗാള്‍ പറഞ്ഞു. അക്രമികളെ കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
ജനങ്ങൾ സംയമനം പാലിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ഭരണകൂടവുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും അഭ്യർത്ഥിച്ചു. അതിനിടെ സംഘർഷത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ആഭ്യന്തര വകുപ്പിന് സംഭവിച്ച വീഴ്ചയാണ് സംഘർഷത്തിന് കാരണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർധൻ സപ്കൽ ആരോപിച്ചു. വിദ്വേഷ പ്രസംഗം നടത്തുന്ന മന്ത്രിമാരാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.