15 January 2026, Thursday

എഫ്‌സിഐയില്‍ വന്‍ അഴിമതി; പതിവായി കോഴ കൈമാറുന്നു, ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രതികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 14, 2023 11:19 pm

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്‌സിഐ) സ്വകാര്യ അരി മില്ലുകാരുടെയും ധാന്യ വിതരണക്കാരുടെയും ഒത്താശയോടെ നടന്നത് വന്‍ അഴിമതിയെന്ന് കണ്ടെത്തല്‍. മൂന്നു ഘട്ടങ്ങളിലായി 90 സ്ഥലങ്ങളിൽ നടന്ന റെയ്ഡിലാണ് അഴിമതി വന്‍തോതിലുള്ളതാണെന്ന് വ്യക്തമായത്. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചെന്നൈ, കർണാടക എന്നിവിടങ്ങളിൽ നടത്തിയ തെരച്ചിലിൽ 1.03 കോടി രൂപയും പിടിച്ചെടുത്തു. സർവീസിലുള്ള 34 എഫ്‌സിഐ ഉദ്യോഗസ്ഥർക്കും മൂന്ന് വിരമിച്ച അംഗങ്ങൾക്കും അരി മില്ലുടമകളും ധാന്യ വിതരണക്കാരും ഉൾപ്പെടെ 17 സ്വകാര്യ വ്യക്തികൾക്കുമെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. 

ചണ്ഡീഗഡിലെ എഫ്‌സിഐ മാനേജരായ സതീഷ് വർമ, ഡെപ്യൂട്ടി മാനേജരായ രാജീവ് കുമാർ മിശ്ര എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. സതീഷിന്റെ മൂന്ന് കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും കണ്ടെത്തി. വ്യാപാരികള്‍ക്ക് അനുകൂലമായി നടപടികളും ക്രമക്കേടുകളും നടത്തുന്നതിന് വ്യാപാരികളില്‍ നിന്ന് വ്യാപകമായി കോഴവാങ്ങുന്നുവെന്നാണ് കണ്ടെത്തല്‍.
എഫ്‌സിഐ ഡിപ്പോകളില്‍ ഇറക്കുന്ന ട്രക്കുകള്‍ക്കായി വ്യാപാരികളില്‍ നിന്ന് കെെക്കൂലി വാങ്ങാന്‍ ടെക്‌നിക്കൽ അസിസ്റ്റന്റ് ഓഫിസറോട് സതീഷ് വർമ നിര്‍ദേശിച്ചതായി എഫ്ഐആറില്‍ പറയുന്നു. ഒരു ട്രക്കിന് 1050 രൂപയാണ് ഈടാക്കിയിരുന്നത്. ജനറൽ മാനേജർക്ക് 200, നാല് ഡെപ്യൂട്ടി ജനറൽ മാനേജർമാർക്ക് 50വീതം, റീജിയണൽ ഓഫീസ് ലബോറട്ടറികൾക്ക് 20, എക്സിക്യൂട്ടീവിന് 100 രൂപ വീതിച്ചു നല്‍കും. പ്രതികളിൽ എഫ്‌സിഐ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുദീപ് സിങ്ങും ഉള്‍പ്പെട്ടിട്ടുണ്ട്. 10 ലക്ഷം രൂപയും സുദീപിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. സിങ്ങിന്റെ ഭാര്യ അമൃത്പ്രീത് കൗറിന്റെ അക്കൗണ്ടിലേക്ക് സ്വകാര്യ മില്ലുടമ അഞ്ച് ലക്ഷം രൂപ കെെമാറിയതിന്റെ രേഖകളും സിബിഐ കണ്ടെടുത്തു. കോഴയായി നല്കിവന്നിരുന്ന തുക ആകെ കണക്കാക്കിയാല്‍ അനവധി കോടികളായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. 

ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി പ്രവര്‍ത്തനങ്ങളുടെ അപാകതകൾ, വിവിധ ക്രമക്കേടുകൾക്കെതിരായ അന്വേഷണങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയവയ്ക്കായി സ്വകാര്യ അരിമില്ലുകാരും ധാന്യ വ്യാപാരികളും എഫ്‌സിഐ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാണ് എഫ്ഐആറിലുള്ളത്. അരി മില്ലുകാരുമായി ഗൂഢാലോചന നടത്തി സ്റ്റോക്കിലെ കുറവ് ഉദ്യോഗസ്ഥർ മറച്ചുവച്ചതായും സിബിഐ എഫ്ഐആറില്‍ പറയുന്നു.
കഴിഞ്ഞ വർഷം മേയിലാണ് എഫ്‌സിഐയിലെ അഴിമതി സംബന്ധിച്ച പരാതികളെ തുടര്‍ന്ന് രഹസ്യനീക്കം ‘കനക്‘ആരംഭിച്ചത്.

Eng­lish Sum­ma­ry: Mas­sive cor­rup­tion in FCI; Reg­u­lar bribes are exchanged, the accused, includ­ing top officials

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.