
കിഴക്കൻ ഇറാഖിലെ അൽ‑കുട് നഗരത്തിലെ ഒരു ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ കുറഞ്ഞത് 61 പേർ വെന്തുമരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. സംഭവ സ്ഥലത്ത് കുതിച്ചെത്തിയ അഗ്നിരക്ഷാ സേന 45 പേരെ കെട്ടിടത്തിനുള്ളിൽ നിന്നും രക്ഷിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരാഴ്ച മുമ്പാണ് മാൾ ജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഒരു റസ്റ്റോറന്റും സൂപ്പർമാർക്കറ്റും അടക്കമുണ്ടായിരുന്ന അഞ്ചുനില കെട്ടിടത്തിൽ കൃത്യമായി എത്ര ആളുകൾ ഉണ്ടായിരുന്നു എന്ന് അധികൃതർക്ക് കണ്ടെത്താനായിട്ടില്ല.
തീപിടിത്തം ഉണ്ടായ സ്ഥലത്തേക്ക് നേരിട്ട് പോയി അന്വേഷണം നടത്താനും വീണ്ടും അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ആഭ്യന്തര മന്ത്രിയോട് നിർദ്ദേശിച്ചതായി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ‑സുഡാനി പ്രസ്താവനയിൽ പറഞ്ഞു.
അഞ്ചുനില കെട്ടിടം തീ വിഴുങ്ങുന്നതിന്‍റെയും അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹൈപ്പർമാർക്കറ്റിലും ഒരു റസ്റ്റോറന്റിലും തീപിടിത്തമുണ്ടായതായി വാസിത് പ്രവിശ്യാ ഗവർണർ മുഹമ്മദ് അൽ‑മായാഹി പറഞ്ഞു. കുടുംബങ്ങൾ അത്താഴം കഴിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. നിരവധി പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തിയതായും ഗവർണർ വ്യക്തമാക്കി. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.