ജോമോ കെനിയാത്ത അന്താരാഷ്ട്ര വിമാനത്താവളം 30 വര്‍ഷത്തെ പാട്ടത്തിന് ഏറ്റെടുക്കാനുള്ള അഡാനി ഗ്രൂപ്പിന്റെ പദ്ധതിക്കെതിരെ വന്‍ പ്രതിഷേധം തുടരുന്നു. കെനിയ ഹൈക്കോടതി പദ്ധതി താല്‍ക്കാലികമായി തടഞ്ഞിട്ടും വിമാനത്താവളത്തില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ രണ്ടുദിവസമായി സമരത്തിലാണ്.
ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങിയ തൊഴിലാളി പ്രതിഷേധം മൂലം നിരവധി സര്‍വീസുകള്‍ വൈകിയതായും റദ്ദാക്കിയതായും വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അഡാനി ഗ്രൂപ്പ് വിമാനത്താവള പ്രവര്‍ത്തനം ഏറ്റെടുത്താല്‍ തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുമെന്ന ആശങ്കയാണ് തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പിനു കാരണം. വിദേശത്തു നിന്നുള്ള തൊഴിലാളി നിയമനം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും യൂണിയനുകള്‍ പറയുന്നു.
വിമാനത്താവള നവീകരണത്തിന്റെ പേരിലാണ് കെനിയന്‍ സര്‍ക്കാര്‍ അഡാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചത്. പുതിയ റണ്‍വേ, പാസഞ്ചര്‍ ടെര്‍മിനല്‍ നവീകരണം എന്നിവ പദ്ധതിയുടെ ഭാഗമായിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായി നവീകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. പകരം വിമാനത്താവളം ദീര്‍ഘകാലത്തേക്ക് വീട്ടുനല്‍കുന്നതിനായിരുന്നു പദ്ധതി തയ്യാറാക്കിയത്. ഇതിനെതിരെയാണ് രാജ്യത്ത് വ്യാപകമായി എതിര്‍പ്പ് ഉയര്‍ന്നത്.
വിമാനത്താവള നവീകരണത്തിന് വേണ്ടിവരുന്ന 185 കോടി ഡോളര്‍ സ്വന്തം നിലക്ക് സമാഹരിക്കാന്‍ കെനിയക്ക് ശേഷിയുണ്ടെന്ന് കെനിയ ലോ സൊസൈറ്റി, കെനിയ മനുഷ്യാവകാശ കമ്മിഷന്‍ എന്നിവ ഹർജിയില്‍ ബോധിപ്പിച്ചിരുന്നു. 30 വര്‍ഷത്തെ പാട്ടത്തിന് രാജ്യത്തെ പ്രധാന വിമാനത്താവളം വിട്ടുകൊടുക്കുന്നത് വലിയ തോതില്‍ തൊഴില്‍, സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്ന തീരുമാനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോടതി തടഞ്ഞത്. എന്നാല്‍ പദ്ധതിയെ സര്‍ക്കാര്‍ അനുകൂലിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ്. ഒരു ഇന്ത്യന്‍ സംഘം എയർപോർട്ട് ഉദ്യോഗസ്ഥർക്കൊപ്പം കുറിപ്പുകളും ഫോട്ടോകളും എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കെനിയ എയർപോർട്ട് വർക്കേഴ്സ് യൂണിയൻ ജീവനക്കാർ സമരം പ്രഖ്യാപിക്കുകയായിരുന്നു. സികുമു, മൊംബാസ നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ജീവനക്കാരുടെ സമരം ബാധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.