23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം; കംഭമേള ദുരന്തം-കേന്ദ്രമന്ത്രിമാരുടെ വിവാദ പ്രസ്താവന

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2025 11:04 pm

കുംഭമേള ദുരന്തവും കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരുടെ വിവാദ പ്രസ്താവനകളും ആയുധമാക്കി പ്രതിപക്ഷം. ബജറ്റ് സമ്മേളനത്തിന്റെ മൂന്നാം ദിനം പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെ പ്രക്ഷുബ്ധമായി.ലോക്‌സഭയില്‍ പ്രതിഷേധത്തോടെയാണ് സഭാ നടപടികള്‍ക്ക് തുടക്കമായത്. ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധിപേര്‍ മരിക്കാനിടയായ വിഷയം സഭ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്രതിപക്ഷ ആവശ്യം നിരാകരിച്ചതോടെ ചോദ്യവേള പ്രക്ഷുബ്ധമായി. സീറ്റുകളിലേക്ക് മടങ്ങാനുള്ള സ്പീക്കര്‍ ഓം ബിര്‍ളയുടെ ആവശ്യം അംഗീകരിക്കാന്‍ അംഗങ്ങള്‍ കൂട്ടാക്കാഞ്ഞത് സ്പീക്കറെ ചൊടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ച് ശൂന്യവേളയില്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

രാജ്യസഭയില്‍ കുംഭമേള അപകടം, ഭരണഘടനയെയും അംബേദ്കറിനെയും അവഹേളിച്ചുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി സന്തോഷ്‌കുമാര്‍ ഉള്‍പ്പെടെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആമുഖമായുള്ള അഭിസംബോധനയ്ക്കു ശേഷം നോട്ടീസുകള്‍ക്ക് രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖര്‍ അനുമതി നിഷേധിച്ച കാര്യം വ്യക്തമാക്കിയതോടെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. തുടര്‍ന്ന് അവര്‍ സഭവിട്ട് ഇറങ്ങിപ്പോകുകയും ചെയ്തു.
ലോക്‌സഭയിലും രാജ്യസഭയിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. ചര്‍ച്ചകള്‍ ഇന്നും തുടരും. ഭരണപ്രതിപക്ഷ ആരോപണ പ്രത്യാരോപണങ്ങള്‍ക്കാണ് ചര്‍ച്ചകളിലൂടനീളം ഇരുസഭകളും വേദിയായത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.