17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 14, 2025
April 13, 2025
April 8, 2025
April 7, 2025
April 6, 2025
April 3, 2025
March 13, 2025
March 10, 2025
March 5, 2025

മനുഷ്യ- വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റര്‍ പ്ലാൻ

Janayugom Webdesk
തിരുവനന്തപുരം
November 21, 2024 6:26 pm

മനുഷ്യ- വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി വനം വകുപ്പ് പ്രതിരോധ ലഘൂകരണ പ്രവർത്തനങ്ങളടങ്ങിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് വനം, വന്യജീവി മന്ത്രി എ കെ ശശീന്ദ്രൻ.
10 വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ മനുഷ്യ‑വന്യജീവി സംഘർഷങ്ങളെ കുറിച്ച് പഠിച്ചതില്‍ 273 പഞ്ചായത്തുകൾ സംഘർഷ മേഖലകളായും 30 പഞ്ചായത്തുകൾ അതിതീവ്ര സംഘർഷ മേഖലകളായും കണ്ടെത്തി. 273 ഹോട്ട്സ്പോട്ടുകൾ തിരിച്ചറിഞ്ഞ് പ്രതിരോധ ലഘൂകരണ പ്രവർത്തനങ്ങളടങ്ങിയ മാസ്റ്റർ പ്ലാനുകളാകും തയ്യാറാക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മനുഷ്യ‑വന്യജീവി സംഘർഷം കൂടുതലായിട്ടുള്ള പ്രദേശങ്ങളെ 12 ലാൻഡ് സ്കേപ്പുകളായി തിരിച്ചിട്ടുണ്ട്. ലാൻഡ് സ്കേപ്പ് തല മാസ്റ്റർ പ്ലാനുകൾ ക്രോഡീകരിച്ച് സംസ്ഥാനതല കർമ്മപദ്ധതി തയ്യാറാക്കും.
ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹാക്കത്തോണായ സേഫ് ഹാബിറ്റാറ്റ് ഹാക്ക് പോർട്ടലും ബുക്ക് ലെറ്റും മന്ത്രി പ്രകാശനം ചെയ്തു.
മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കാനും ആവാസവ്യവസ്ഥകളുടെ സുസ്ഥിര പരിപാലനത്തിനും നൂതനസാങ്കേതിക പരിഹാരങ്ങൾ കണ്ടെത്താനുമാണ് കെ-ഡിസ്കുമായി സഹകരിച്ച് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. വിവിധ സ്റ്റാർട്ടപ്പുകൾക്കും മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ, ഇന്നൊവേറ്റർമാർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ, ഹാബിറ്റാറ്റ് പരിപാലന മേഖലയിലെ വിദഗ്ധർ തുടങ്ങിയവർക്കു് ഡിസംബർ 20 വരെ ഹാക്കത്തോണിലേക്ക് ആശയങ്ങൾ സമർപ്പിക്കാം.

പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം

പാമ്പുകടിയേറ്റുള്ള മരണനിരക്ക് അടുത്ത അഞ്ചു വർഷംകൊണ്ട് പൂർണമായും ഇല്ലാതാക്കാൻ വനംവകുപ്പ് ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ പദ്ധതി നടപ്പാക്കും. പാമ്പുവിഷബാധയേറ്റുള്ള അപകട സാധ്യതാനിരക്ക് ആദ്യ രണ്ടുവർഷത്തിൽ 50 ശതമാനമാക്കി കുറയ്ക്കുകയാണ് ഒന്നാംഘട്ടത്തിലെ ലക്ഷ്യം. ആദ്യഘട്ട പരിശീലനങ്ങൾ ജനുവരിയില്‍ ആരംഭിക്കും.
സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി, വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യു, മൃഗസംരക്ഷണം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി. ആന്റിവെനം ലഭ്യമല്ലാത്തതാണ് പാമ്പുകടിയേറ്റുള്ള മരണനിരക്ക് ഉയരുന്നതിന് പ്രധാന കാരണമെന്നും ഇത് ഒഴിവാക്കാൻ ആരോഗ്യവകുപ്പുമായി സഹകരിച്ച് എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഒരു വർഷത്തിനുള്ളിൽ ആന്റിവെനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

മിഷൻ ഫെൻസിങ് — 2024

സംസ്ഥാനത്ത് മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനം വകുപ്പ് ‘മിഷൻ ഫെൻസിങ് 2024’ എന്ന പേരില്‍ തീവ്രയജ്ഞ പരിപാടി നടത്തും. സംസ്ഥാനത്തെ 1,400 കിലോമീറ്ററിലായുള്ള സൗരോർജ വേലികളിൽ തകരാറുള്ള ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പൊതുജന പങ്കാളിത്തത്തോടെ പദ്ധതിരേഖ തയ്യാറാക്കും.
ഒരു മാസം നീളുന്ന ക്യാമ്പയിനില്‍ സൗരോർജ വേലികളുടെ തല്‍സ്ഥിതി കണക്കെടുക്കും. തകര്‍ന്ന വേലികളുടെ അറ്റകുറ്റപ്പണികൾ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ നടത്തുന്നതാണ് രണ്ടാംഘട്ടം. അവസാന ഘട്ടത്തില്‍ പ്രവർത്തനക്ഷമമാക്കിയ സൗരോർജ വേലികൾ നാടിനു സമർപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.