23 January 2026, Friday

ആഴക്കടല്‍ ദൗത്യത്തിനൊരുങ്ങി ‘മത്സ്യ’

എവിന്‍ പോള്‍
കൊച്ചി
May 13, 2025 10:26 pm

ആഴക്കടല്‍ പര്യവേക്ഷണത്തിന് അനന്തമായ സാധ്യതകള്‍ തുറക്കാന്‍ ഇന്ത്യയുടെ ”മത്സ്യ” ഒരുങ്ങുന്നു. ഇതുവരെ മറ്റ് ലോക രാജ്യങ്ങള്‍ നേരിട്ടെത്താത്ത സമുദ്രാന്തർഭാഗങ്ങളിലെ സകല ജീവജാലങ്ങളുടെയും സമുദ്രാടിത്തട്ടിലെ ജലത്തിന്റെയും സവിശേഷതകൾ മനസിലാക്കാനും അവസരമൊരുക്കുകയാണ് മത്സ്യയുടെ ലക്ഷ്യം. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (എൻഐഒടി) യാണ് നാലാം തലമുറയിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയോടെ മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്‌മെഴ്‌സിബിൾ വാഹനമായ ‘മത്സ്യ’ വികസിപ്പിക്കുന്നത്. ഇന്ത്യയുടെ സമുദ്രപഠന മേഖലയിൽ വലിയ വഴിത്തിരിവാകുന്ന മത്സ്യയുടെ 6000 മീറ്റർ സമുദ്രയാൻ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് എൻഐഒടി ഡയറക്ടർ ഡോ. ബാലാജി രാമകൃഷ്ണൻ ജനയുഗത്തോട് പറഞ്ഞു. മൂന്ന് ശാസ്ത്രജ്ഞരെ വഹിച്ചുള്ള ആഴക്കടൽ പര്യവേക്ഷണത്തിനാണ് ‘മത്സ്യ’ തയ്യാറെടുക്കുന്നത്. പൂര്‍ണമായും സീല്‍ ചെയ്ത് ഗോളാകൃതിയിലുള്ളതും ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചതുമായ ഈ നാലാം തലമുറ സബ്മെഴ്‌സിബിൾ വാഹനത്തിന് 25 ടൺ ആണ് ഭാരം. സമുദ്രത്തിനടിയിലെ അതിതീവ്ര മർദത്തെയും മറ്റ് പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ പാകത്തിലാണ് ഇതിന്റെ രൂപകല്പന. 

ആഴക്കടലിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളുടെ വിലയിരുത്തൽ, സമഗ്രമായ സമുദ്ര നിരീക്ഷണം, ആഴക്കടൽ ടൂറിസത്തിന്റെ സാധ്യതകൾ തുടങ്ങിയവക്ക് വഴിതുറക്കുന്നതാണ് സമുദ്രയാൻ ദൗത്യം. വിവിധ ഘട്ടങ്ങളിലായാണ് ഇതിന്റെ ലോഞ്ചിങ് നടത്താൻ ഉദ്ദേശിക്കുന്നത്. മൂന്ന് ശാസ്ത്രജ്ഞരെ 6,000 മീറ്റര്‍ സമുദ്രത്തിന്റെ ആഴത്തിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നത്. ആകെ 96 മണിക്കൂർ ഓക്സിജൻ പ്രദാനം ചെയ്യുന്ന രീതിയിലാണ് രൂപകല്പന. കടലിനുള്ളില്‍ 6,000 മീറ്റര്‍ ആഴത്തില്‍ ഏതാണ്ട് 600 മടങ്ങ് സമ്മര്‍ദമുണ്ട്. മുന്‍കാലങ്ങളില്‍ ഇത്തരം ആഴക്കടല്‍ പര്യവേഷണങ്ങളില്‍ സംഭവിച്ചിട്ടുള്ള ചില പരാജയങ്ങളില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ടാണ് പത്തോളം വ്യത്യസ്തവും സവിശേഷവുമായ എന്‍ജിനീയറിങ് സവിശേഷതകളോടെ മത്സ്യ വികസിപ്പിച്ചിരിക്കുന്നതെന്നും എന്‍ഐഒടി ഡയറക്ടര്‍ വ്യക്തമാക്കി. എന്‍ഐഒടിയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മത്സ്യക്ക് നാലാം തലമുറയിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണുള്ളത്. ഈ വർഷം അവസാനത്തോടെ 500 മീറ്റർ ആഴത്തിലേക്കുള്ള പരീക്ഷണം നടത്തും. നാല് മണിക്കൂർ വീതം ആഴക്കടലിലേക്കും തിരിച്ചുവരാനുമായി എടുക്കുമെന്നാണ് കണക്കുകൂട്ടൽ. ആഴക്കടൽ മേഖലയിൽ നിന്ന് നിർണായക സാമ്പിളുകൾ ശേഖരിക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.