29 September 2024, Sunday
KSFE Galaxy Chits Banner 2

നാളെ പെസഹ വ്യാഴം; മലയാറ്റൂരിൽ ഭക്തജന പ്രവാഹം

Janayugom Webdesk
കാലടി
April 5, 2023 9:22 pm

” പൊന്നിൻ കുരിശു മുത്തപ്പോ പൊൻ മല കേറ്റം“എന്ന മന്ത്രം ഉരുവിട്ട് ലക്ഷ കണക്കിന് ഭക്തർ ഈ ദിവസങ്ങളിൽ കുരിശുകളുമായി മലയാറ്റൂർ മല കയറും. ക്രൈസ്ത വിശ്വാസികളുടെ വിശുദ്ധ വാരത്തിലെ പ്രാധാന ദിവസമാണ് പെസഹ വ്യാഴവും,ദുഃഖവെള്ളിയും. യേശു കുരിശു മരണം വരിക്കുന്നതിനു മുൻപായി തന്റെ  ശിഷ്യന്മാരുടെ  ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുൻപായി ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കലാണ് പെസഹ വ്യാഴം.

യേശുവിനെ ക്രൂശിലേറ്റിയ ദിവസമാണ് ദുഃഖവെള്ളി. ഈ ദിവസങ്ങളുടെ ഓർമ്മ പുതുക്കിയാണ് ഭക്തർ മല കയറുന്നത്. ക്രൂശിലേറ്റാൻ കൊണ്ട് പോകുന്ന വഴിയിൽ 14 സ്ഥലങ്ങളിൽ യേശു നിന്നു എന്നാണ് വിശ്വാസം. ഈ വിശ്വാസത്തിന്റെ ഭാഗമായി കുരിശുമുടി പള്ളിയിൽ എത്തുന്നതിന് മുൻപ് 14 സ്ഥലങ്ങളും മലയാറ്റൂരിൽ ഉണ്ട്. പെസഹ ദിനത്തിൽ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും , പൂർണ്ണ ദിന ആരാധനയും അപ്പം മുറിക്കൽ ശുശ്രഷയും നടക്കുന്നു.

വിശുദ്ധ വാരത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശു മുടിയിലേക്ക് വൻ ഭക്തജനപ്രവാഹമാണ്. ക്രിസ്തുവിന്റെ പീഢാനുഭവങ്ങളുടെ ഓർമ്മ പുതുക്കി കുരിശുമായിട്ടാണ് ഭക്തർ മല കയറുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം വരുന്ന തീർത്ഥാടന കാലമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പടെ അഭൂതപൂർവ്വമായ തിരക്കാണ് മലയാറ്റൂരിൽ അനുഭവപ്പെടുന്നത്.

പെസഹാ വ്യാഴം ക്രൈസ്തവര്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്ന ദിവസമാണ്

ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ വാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും. അവസാന അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ ഭവനങ്ങളില്‍ ഇന്ന് പെസഹ അപ്പവും പാലും  ഉണ്ടാക്കും. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ എന്നു കൂടി പെസഹയ്ക്ക് പേരുണ്ട്. ഇണ്ട്രിയപ്പം എന്ന പേരിലും പെസഹ അപ്പം അറിയപ്പെടുന്നുണ്ട്. ഇന്നും നാളെയുമായി ലക്ഷകണക്കിന് ഭക്തർ മലയാറ്റൂരിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെ ഓർമ്മ പുതുക്കി ഭക്തർ മല കയറും.ആയിരക്കണക്കിന് ഭക്തരാണ് കിലോമീറ്ററുകളോളം നടന്ന് മല കയറാൻ എത്തുന്നത്.

ഓശാന ദിവസം പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിനു മുകളില്‍ വച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് പെസഹ പാലില്‍ മുക്കി ഏറ്റവും പ്രായം കൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു. കുരുശിനു മുകളില്‍ ( ഐഎൻ ആർ ഐ) എന്നെഴുതുന്നതിനെ ( മലയാളത്തില്‍ ഇന്രി ) അപ്പവുമായി കൂട്ടി വായിച്ച് ഇന്രി അപ്പമെന്നും കാലക്രമേണ ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേരു വന്നെന്നാണ് വിശ്വസിക്കപ്പെടുന്നത്.

തേങ്ങാപ്പാലും, ശർക്കരയും അരിപ്പൊടിയും പ്രത്യേക അളവിൽ ചേർത്ത് യോജിപ്പിച്ച് വേവിച്ചാണ് പെസഹാ പാൽ ഉണ്ടാക്കുന്നത്. കടന്നുപോകല്‍’ എന്നാണ് പെസഹ എന്ന വാക്കിന് അർത്ഥം. വിശുദ്ധ കുർബാനയുടെ സ്ഥാപന ദിനമാണ് പെസഹ വ്യാഴം. അതിനാൽ ക്രൈസ്തവരെ സംബന്ധിച്ച് പെസഹാ വ്യാഴം പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈസ്റ്റർ കഴിഞ്ഞ് വരുന്ന ഞായറാഴ്ച പുതു ഞായർ ആഘോഷവും മലയാറ്റൂരിൽ നടക്കും. ഈ ദിവസമാണ് മലയാറ്റൂരിലെ പ്രധാന തിരുന്നാൾ ദിനം.

Eng­lish Sum­ma­ry: maun­dy thurs­day 2023
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.