ബ്രസീലുമായി ചെന്നൈയിൽ നടന്ന സൗഹൃദമത്സരം ഇന്ത്യൻ ഫുട്‌ബോളിന് ഒരു വലിയ ആശ്വാസമായിരുന്നു. ബ്രസീലിയൻ ടീം ലോകപരിചയമുള്ളവരും ഫുട്‌ബോളിന്റെ മർമ്മം അറിയുന്നവരുമാണ്. റൊണാൾഡീഞ്ഞോ എന്ന അറ്റാക്കിങ് മിഡ് ഫീല്‍ഡറുടെ മഞ്ഞപ്പടയിൽ 2002ൽ ലോകകപ്പ് വാരിപ്പുണർന്ന മിക്കതാരങ്ങളുമുണ്ടായിരുന്നു. അന്ന് ശക്തരായ ജർമ്മനിയെ കശക്കിയെറിഞ്ഞ ലോകതാരങ്ങളുടെ കളി വൈദഗ്‌ധ്യം രണ്ട് ദശകം കൊണ്ട് ചോർന്നു പോയില്ലെന്ന് ചെന്നൈയിൽ ജനങ്ങൾ നേരിൽകണ്ടു. അന്നത്തെ മനോഹരമായ ഫ്രീകിക്ക് ഐ എം വിജയൻ ഓർത്തെടുത്തത് പുതിയ കാലത്തും ആവേശം ഉണർത്തി. ബ്രസീൽ ജയന്റ്സും ഇന്ത്യൻ ഓൾസ്റ്റാറും ഏതാണ്ട് ഒപ്പത്തിനൊപ്പം കളിച്ചു. ബ്രസീലിന്റെ കളിശൈലി ആസ്വദിക്കുകയും അവരുടെ തട്ടകത്തിൽ കയറി ഒരു ഗോൾ നേടുകയും ചെയ്തു. ലോക ഫുട്ബാളിന് നിരവധി താരങ്ങളെ ഒരുക്കി അയച്ച രാജ്യമാണ് ബ്രസീൽ. അഞ്ച് തവണ ലോക ചാമ്പ്യന്മാരായവർ. എന്നും കളിയെയും ദൈവത്തേയും ചേർന്ന് സ്നേഹിക്കുന്നവർ. ലോക ഫുട്ബാളിലെ എല്ലാം തികഞ്ഞ ഏകരാജാവായ പെലെയുടെ നാട്ടുകാർ. ഒരിക്കൽ പെലെപറഞ്ഞു വിശന്ന് വലയുന്ന സമയത്ത് ഒരു പന്ത് കിട്ടിയാൽ മതി. വിശപ്പ് പറന്നൊളിക്കും. സാമ്രാജ്യത്വ രാജ്യങ്ങളുടെ അടിമരാജ്യങ്ങളായിരുന്ന ലാറ്റിനമേരിക്കക്കാർ വിമോചനത്തിന്റെ കൊടിയുയർത്തിയത് ഫുട്‌ബോൾ കളിയിലൂടെയാണ്. അതെ, ഫുട്‌ബോളിന് ഒരു രാഷ്ട്രീയമുണ്ട്. അത് സാമ്രാജ്യത്വ വിരുദ്ധമാണ്. യുദ്ധവിരുദ്ധമാണ്. അങ്ങിനെ തലങ്ങും വിലങ്ങും പോരാടുന്ന കറുത്തമനുഷ്യരുടെ നാട്ടുകാർ ഇന്ത്യയുടെ ഫുട്‌ബോൾ ബന്ധത്തിൽ ദൃഢത കൈവരുത്താനും. നമ്മുടെ സൗഹൃദമേഖല കൂടുതൽ ദൃഢമാക്കാനും വന്നവരാണ്.
പഴയ കാലത്ത് തിളങ്ങിയ താരങ്ങൾ ഇരുഭാഗത്തും അണിനിരന്നപ്പോൾ ഐ എം വിജയനും പ്രദീപും മലയാളി പ്രാതിനിധ്യമായി മാറി. ഫുട്‌ബോളിന്റെ അലകും പിടിയും ഒരു പാട് മാറിയ ഇന്നത്തെ കാലവും രണ്ട് പതിറ്റാണ്ടു മുമ്പുള്ള ഫുട്‌ബോൾ കളിയുമായി മാറ്റങ്ങൾ പലതുമുണ്ട്. നിയമങ്ങളിൽ വന്നമാറ്റവും ശൈലിയിൽ വന്നമാറ്റങ്ങളും മൈതാനത്ത് ജനങ്ങൾ നേരിട്ട് കണ്ടു. ഇന്ത്യൻ ഫുട്‌ബോളിനെ ബാധിച്ചിരിക്കുന്ന രോഗത്തെകുറിച്ച് എല്ലാവരും ദുഃഖിതരാണ്. ഏഷ്യൻ യോഗ്യതയിൽ നമ്മൂടെ ബലഹീനത നേരിട്ടറിഞ്ഞു. ലോക കപ്പ് വരുമ്പോൾ നമ്മുടെ മനസിൽ വല്ലാത്ത നിരാശയാണ്. ഇന്ത്യ എന്നാണ് ലോകകപ്പ് കളിക്കുക. ഇപ്പോളാണെങ്കിൽ പ്രീക്വാർട്ടർ ഫൈനലിലും ഗ്രൂപ്പുമത്സരങ്ങളിലുമായി എത്തുന്ന ടീമുകളുടെ എണ്ണം വര്‍ധിച്ചു 48 ആയി. എന്നിട്ടും നമ്മുടെ ആശയുടെ അടുത്തെങ്ങും എത്തുന്നില്ല. ഏഷ്യയിൽ നിന്നും കരകയറി എത്തണമല്ലോ. 48ൽ നിന്നും 64ലേക്ക് ടീമുകള്‍ വര്‍ധിപ്പിക്കുവാനാണ് ആലോചന. അപ്പോഴും നമുക്ക് രക്ഷയുണ്ടാകുമെന്ന് ഉറപ്പില്ല.
എന്താണ് കാരണം, നമ്മുടെ കളിശൈലിയാണോ, അല്ല. എന്നതാണ് ശരി. മുമ്പുണ്ടായിരുന്ന നിലയിൽ നിന്നും നമുക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പഴയകാലത്ത്, ഐഎഫ്എ ഷീൽഡ്, ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഡിസിഎം എന്നിങ്ങിനെയുള്ള പ്രസ്റ്റീജ് ടൂർണമെന്റുകളും സന്തോഷ് ട്രോഫിയുമാണ് ബലം. ഇവിടങ്ങളിൽ കളിക്കുന്ന ടീമുകളിൽ കൽക്കട്ടയാണ് മുന്നിൽ, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, എന്നിവയാണ് പഴയകാലത്തെ ശക്തർ. ഇതിന് പുറമെ പട്ടാള ടീമുകളും, ആന്ധ്ര ഇലവൻ, ഇഎംഇ സെക്കന്തരാബാദ് എന്നിവയും ആർഎസി ബീക്കാനീറും ശക്തരായിരുന്നു. കേരള പൊലീസ്, ട്രാൻസ്‌പോർട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ ടീമുകളും വിവിധ ടൂർണമെന്റുകളിൽ കരുത്ത് കാട്ടിയ കാലം. അന്ന് സന്തോഷ് ട്രോഫിയിൽ സ്റ്റേറ്റ് ടീമുകളും, സർവീസസ്, റെയിൽവെ ടീമുകളുമാണ് പങ്കെടുക്കുക. അന്ന് നമ്മുടെ ഫിഫ റാങ്കിങ് 79വരെ മാത്രമെ ഉയർന്നുള്ളൂ.
ഇപ്പോൾ വിവിധതലങ്ങളിൽ കളിശൈലി മാറ്റി നമുക്ക് സെമി പ്രൊഫഷണൽ തലത്തിലേക്ക് പുരോഗതിയുണ്ടായി. ലോകതലങ്ങളിലുള്ള കളിക്കാരും നമ്മുടെ കളിക്കാരും ചേർന്ന ടീമുകൾ ഉദയം കൊണ്ടു. കേരള ബ്ലാസ്റ്റേഴ്സ് നമ്മുടെ നാടിന്റെ ആവേശമായി. എന്നിട്ടും പുതിയ വർഷത്തെ റാങ്കിങ്ങിൽ ഇന്ത്യ 127-ാം സ്ഥാനത്താണ്. ഓരോവർഷം കഴിയും തോറും നമ്മുടെ കളിനിലവാരം താഴുകയാണ്. കാരണമെന്തെന്ന് പരിശോധിക്കണം. നിരന്തരമായ കോച്ചിങ് വേണം. ഏജ് തലത്തിൽ ടീമുകൾ പരിശീലിക്കണം. കൃത്യമായി കളിക്കാരുടെ കാര്യങ്ങൾ നോക്കുന്നതിന് സ്ഥിരം സംവിധാനങ്ങൾ വേണം. നിരന്തരം പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ നിലനിർത്തണം.
ഐ എം വിജയൻ ഈ മാസം അവസാനം പൊലീസ് സർവീസിൽ നിന്നും പിരിയുകയാണ്. സ്വന്തം ജീവിതം മുഴുവൻ കാൽപ്പന്തിന് വേണ്ടി മാറ്റിവച്ച വിജയൻ സ്വന്തം നേട്ടങ്ങളെക്കാൾ പ്രധാനമായി രാജ്യത്തിന് വേണ്ടി കളിച്ച ആത്മാർത്ഥതയുള്ള കളിക്കാരനാണ്. ഇന്ത്യക്ക് പുറത്ത് റെക്കോഡ് സൃഷ്ടിച്ച ഏക ഇന്ത്യൻ താരം വിജയൻ മാത്രമാണ്. ഏഷ്യയിൽ ഏറ്റവും വേഗതയുള്ള ഗോൾ സ്കോറർ. ഇന്നേവരെ ആർക്കും തകർക്കാൻ കഴിയാതെ ആ റെക്കോഡ് നിലനിൽക്കുകയാണ്. ഫുട്‌ബോൾ കളിയോട് ഒഫീഷ്യലായി വിടപറഞ്ഞു മൈതാനം വിട്ടുവെങ്കിലും വിജയൻ കളിക്കളത്തോടൊപ്പമുണ്ട്. പുതിയ തലമുറയെ ഫുട്‌ബോളിലേക്ക് ആകർഷിക്കാനും അവർക്ക് പുത്തൻ അടവുകൾ പകരാനും പറ്റിയ സംരംഭം സ്വന്തമായി തൃശൂരിൽ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 30ന് ഔദ്യോഗിക ചുമതലകൾ വിട്ടൊഴിയുമ്പോൾ പൂര്‍ണമായും അർപ്പിതജീവിതം ഫുട്‌ബോൾ കുടുബത്തിൽ നിലനിൽക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.