17 January 2026, Saturday

Related news

January 1, 2026
December 19, 2025
December 11, 2025
October 25, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
August 5, 2025
July 20, 2025

ശാന്തി പുലരണം; സുതാര്യമാകണം

Janayugom Webdesk
May 12, 2025 5:00 am

ഇന്ത്യ — പാക് അതിര്‍ത്തി ശാന്തിയിലേക്ക് നീങ്ങുകയാണ്. ശനിയാഴ്ച വെെകിട്ട് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയില്‍ അയവുവന്നത്. വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് ശേഷവും ജമ്മു കശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും പാകിസ്ഥാൻ ഡ്രോൺ — ഷെല്ലാക്രമണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇന്ത്യന്‍ സെെന്യം ശക്തമായി തിരിച്ചടിച്ചു. ഇന്നലെ പുലര്‍ച്ചെ മുതൽ അതിർത്തിയിലെവിടെയും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ല. അതിര്‍ത്തി കടന്നെത്തുന്ന പാക് ഭീകരരെ തുരത്താനായി മേയ് ഏഴിന് പുലർച്ചെ ഇന്ത്യന്‍ സെെന്യം ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ വെടിനിർത്തൽ കരാർ ലംഘിച്ച് നാല് ദിവസങ്ങളില്‍ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 25 പേർക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിലവില്‍ ജമ്മുവടക്കമുള്ള അതിർത്തി മേഖലകൾ സാധാരണ നിലയിലേക്ക് പോവുകയാണ്. വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കാൻ പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രസ്താവിച്ചിട്ടുണ്ട്. അത് ആത്മാര്‍ത്ഥതയോടെയാണെന്ന് പ്രത്യാശിക്കാം. ഭീകരരുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇതുവരെയുള്ള പ്രസ്താവനകളൊന്നും പാകിസ്ഥാന്‍ നടപ്പാക്കിയിട്ടില്ല എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ ശക്തമായ സെെനിക നടപടിയും ദൃഢനിശ്ചയവും അവരെ പാഠം പഠിപ്പിച്ചിട്ടുണ്ടാകണം. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടി നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണെന്ന് ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. പഹല്‍ഗാമിന് തിരിച്ചടിയായി പാകിസ്ഥാനിലെ പലയിടങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയെന്നും ഇത് ഭീകരര്‍ക്കുള്ള ശക്തമായ താക്കീതാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. റാവല്‍പിണ്ടിയില്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച പ്രതിരോധമന്ത്രി, സിവിലിയന്‍ മേഖലകളെ ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യയുടെ സൈനിക ശക്തിയുടെ ക്ഷമത ലോകം കണ്ടുവെന്നും പറഞ്ഞു. പാകിസ്ഥാന്റെ തുടർനീക്കം നിരീക്ഷിക്കുകയാണെന്നും ഭീകരതയ്ക്കെതിരെ ശക്തമായ നിലപാട് തുടരുമെന്നുമാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി പറയുന്നു.

അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിർത്തല്‍ ധാരണയില്‍ കേന്ദ്രസര്‍ക്കര്‍ തുടരുന്ന മൗനത്തില്‍ ഗുരുതരമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വെടിനിർത്തലിന് അമേരിക്ക ഇടപെട്ടുവെന്ന വാര്‍ത്തകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും പ്രതികരിച്ചിട്ടില്ല. പാകിസ്ഥാന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ശനിയാഴ്ച രണ്ടുതവണ ഇന്ത്യയുമായി ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനെ വിശ്വസിക്കേണ്ടെന്നാണ് ഉച്ചയ്ക്ക് ചേർന്ന യോഗം തീരുമാനിച്ചത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ സംഭാഷണത്തിൽ ഇന്ത്യൻ സേനകൾ നേടിയ ആധിപത്യം മോഡി ചൂണ്ടിക്കാട്ടുകയും ചെയ്തു. പാകിസ്ഥാൻ ആണവായുധം ഉപയോഗിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎസ് ഇടപെടലുണ്ടായതെന്നും പാക് ഡിജിഎംഒ രണ്ടാമതും വിളിച്ചശേഷമാണ് വെടിനിർത്തൽ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തിലെ ദുരൂഹത നീക്കണമെന്ന് സിപിഐ ഉള്‍പ്പെടെ പ്രതിപക്ഷം ആവശ്യപ്പട്ടു.

അമേരിക്കയുടെ പങ്കാളിത്തം സംബന്ധിച്ച റിപ്പോര്‍‍ട്ടുകള്‍ കടുത്ത ആശങ്കയുയര്‍ത്തുന്നതാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. ആഗോള സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തുന്നതിന് ചരിത്രപരമായി ഉത്തരവാദികളായ യുഎസിനെ മധ്യസ്ഥത വഹിക്കാന്‍ അനുവദിക്കുന്നത് അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കും മുമ്പ് യുഎസ് പ്രസിഡന്റ് എങ്ങനെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടി സമഗ്രവും സുതാര്യവുമായ ചര്‍ച്ചകള്‍ നടത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു. ‘ഷിംല കരാർ ഉപേക്ഷിച്ചോ? മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകൾ തുറന്നിട്ടുണ്ടോ? നിഷ്പക്ഷ ചർച്ച നടത്താമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പരാമർശം എന്താണ് അര്‍ത്ഥമാക്കുന്നത്?’ തുടങ്ങിയ ചോദ്യങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിച്ചു. സമാജ്‌വാദി പാർട്ടി, ഉദ്ധവ് ശിവസേന വിഭാഗം തുടങ്ങിയവരും യുഎസ് മധ്യസ്ഥതയെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്. പ്രത്യേക പാർലമെന്റ് സമ്മേളനവും സർവകക്ഷി യോഗവും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ആവശ്യങ്ങളെല്ലാം ന്യായമാണ്. രാജ്യത്തും ലോകത്തും സമാധാനം പുലരേണ്ടത് അത്യാവശ്യമാണ്. അതുപോലെ ഗൗരവമുള്ളതാണ് രാജ്യത്തിന്റെ പരമാധികാരവും ഭരണപരമായ സുതാര്യതയും. ബാഹ്യഇടപെടലല്ല, ഇന്ത്യ — പാക് ഉഭയകക്ഷി ചര്‍ച്ചയിലൂടെ വേണം അയല്‍ബന്ധങ്ങളില്‍ ശാശ്വത സമാധാനമുണ്ടാകേണ്ടത്. നിലവില്‍ മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടായോ എന്ന കാര്യത്തില്‍ കേന്ദ്രം വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കാം. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.