ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഘട്ടനങ്ങളിൽ ഒന്നാമതായി നിൽക്കുന്ന പലസ്തീൻ — ഇസ്രയേൽ സംഘട്ടനം എന്നു തീരുമെന്നോ എങ്ങനെ തീരുമെന്നോ ആർക്കും പ്രവചിക്കാൻ കഴിയില്ല. പലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേലിന്റെ സൈനിക അധിനിവേശത്തോടുകൂടിയാണ് നിലവിലുള്ള സംഘർഷം രൂക്ഷമായിത്തുടങ്ങിയത്. 1993–95ലെ ഓസ്‌ലോ ഉടമ്പടി പ്രകാരമുള്ള ദ്വിരാഷ്ട്ര പരിഹാരത്തിൽ ഇസ്രയേലിനൊപ്പം സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഉൾപ്പെട്ടിരുന്നു.
യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടി നടത്തിയ പോരാട്ടങ്ങളും സമാധാന ചർച്ചകളും ഇന്ന് ചരിത്രത്തിന്റെ അനശ്വര ഏടുകളാണ്. അമേരിക്കയുടെ സഹായത്തോടെ ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന കൂട്ടക്കൊലകളും പൈശാചികമായ മിലിട്ടറി അധിനിവേശവും ആക്രമണങ്ങളും മാനവ ചരിത്രത്തിലെ കറുത്ത പൊട്ടുകളുമാണ്. ഇതവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ പാസാക്കിയ നിരവധി പ്രമേയങ്ങളെ തുടർച്ചയായി തള്ളിക്കളയുകയും പരിഹസിക്കുകയുമാണ് ഇസ്രയേൽ ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നത്.
പിഎൽഒയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പലസ്തീൻ നാഷണൽ അതോറിട്ടിയെ ദുർബലമാക്കിക്കൊണ്ട് ‘ഹമാസ്’ ശക്തമായത് ആരുടെ സഹായത്താൽ എന്നത് യുഎസ് സൗകര്യപൂർവം മറക്കുന്നു. വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേൽ സൈനികാധിനിവേശം എല്ലാ അന്താരാഷ്ട്ര മര്യാദകളെയും ലംഘിക്കുന്നതായിരുന്നു. 2008ൽ ഹമാസും ഇസ്രയേലുമായി ഉണ്ടാക്കിയ സന്ധിക്കും അല്പായുസായിരുന്നു. യുഎസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമ 2009ൽ ഈജിപ്റ്റ് സന്ദർശന വേളയിൽ കെയ്റോയിൽ നടത്തിയ പ്രസംഗത്തിന് തിരിച്ചടികൊടുത്തുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗം അതുവരെയുള്ള എല്ലാ സമാധാന ഉടമ്പടികളെയും അട്ടിമറിക്കുന്നതായിരുന്നു.
പരസ്പരമുള്ള നീണ്ട സംഘർഷത്തിനൊടുവിൽ ഇപ്പോൾ ഒരു വെടിനിർത്തൽ കരാർ ഉണ്ടാകുന്നു എന്നത് ആശ്വാസകരം തന്നെ. 2023 ഒക്ടോബറിൽ ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഏറ്റവും ഒടുവിലത്തെ സംഘർഷം തുടങ്ങിയത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന താൽക്കാലിക ഒത്തുതീർപ്പിൽ 50 ഇസ്രയേലി തടവുകാരുടെയും 150 പലസ്തീൻ തടവുകാരുടെയും മോചനം പ്രഖ്യാപിച്ചിരുന്നെങ്കിലും പരസ്പരം പഴിചാരി കരാർ ലംഘനം നടത്തുകയായിരുന്നു ഇരുകൂട്ടരും. ഹമാസ് വീണ്ടും മിസൈലാക്രമണവും നടത്തി. ഇസ്രയേൽ കണ്ണിൽച്ചോരയില്ലാതെ ആശുപത്രികള്‍ക്കു നേരെയുള്ള ബോംബേറും നടത്തി. അവിടെയും അമേരിക്ക ഹമാസിൽ മാത്രമേ കുറ്റം കണ്ടെത്തിയുള്ളു.
ഏകദേശം പതിനായിരത്തിലധികം പലസ്തീൻകാർ ഇസ്രയേലിന്റെ തടവറയിൽ കഴിയുന്നു എന്നാണ് യുദ്ധം തുടങ്ങുന്നതിനു മുമ്പ് കണക്കാക്കിയിട്ടുള്ളത്. ഹമാസ് ബന്ദികളാക്കി വച്ചിട്ടുള്ളവരെ മോചിപ്പിച്ചതിനുശേഷമേ സംഭാഷണമുള്ളു എന്ന് 2023 നവംബറിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. യുകെ പ്രധാനമന്ത്രി ഋഷി സുനകും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ജോ ബൈഡന്റെ പ്രഖ്യാപനത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ബന്ദി മോചനവും സന്ധിസംഭാഷണവും പ്രതിസന്ധിയിലായി. വെടിനിർത്തൽ നാമമാത്രമായ അഭയാർത്ഥി കൈമാറ്റത്തോടെ വ്യാപകമായി ലംഘിക്കപ്പെട്ടു.
ഉദേശം 50,000 പാലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലധികം പേർക്ക് സാരമായ പരിക്കുകൾ സംഭവിക്കുകയും അൽഷിഫ ആശുപത്രി പോലെയുള്ള അതിപ്രധാന ആതുരാലയങ്ങൾ തകർക്കപ്പെടുകയും ചെയ്ത യുദ്ധത്തിന് ഒരു വിരാമം ഉണ്ടാകുന്നു എന്നത് തികച്ചും സ്വാഗതാർഹമാണ്. 460 ദിവസം നീണ്ടു നിന്ന സംഘർഷഭരിതമായ ദിവസങ്ങൾക്കാണ് സമാപനം ഇപ്പോൾ ഉണ്ടാകുന്നത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലി മന്ത്രിസഭ ഗാസയിൽ വെടിനിർത്തലിനുള്ള കരാർ അംഗീകരിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. തടവിൽ കഴിയുന്ന അഭയാർത്ഥികളുടെ കൈമാറ്റവും ഇതിനോടനുബന്ധമായി നടക്കുമെന്നുള്ളതും ആശ്വാസകരം തന്നെ.
737 പലസ്തീൻകാരുടെ പട്ടികയാണ് ഒന്നാമത്തെ ആഴ്ചയിലെ കൈമാറ്റത്തിനായി ഇസ്രയേലി അധികാരികൾ ഇപ്പോൾ അംഗീകരിച്ചിട്ടുള്ളത്. ഖത്തറിന്റെയും ഈജിപ്റ്റിന്റെയും മധ്യസ്ഥതയിൽ ഒരു സമാധാന കരാര്‍ രൂപം കൊണ്ടിട്ടും ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തി 120 പലസ്തീൻകാർ കൊല്ലപ്പെട്ടത് നീചവും ക്രൂരവുമായ നടപടിയാണ്. കരാർ നിലവിൽവരുന്ന സമയം മുതലെങ്കിലും പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താനും പലസ്തീൻ ജനതയോട് മാനുഷികമായ സമീപനം കൈക്കൊള്ളാനും സയണിസ്റ്റുകളും അവരെ സഹായിക്കുന്ന അമേരിക്കൻ ഭരണകൂടവും ആത്മാർത്ഥമായി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.
യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വീണ്ടും ചുമതലയെടുക്കുന്ന ജനുവരി 20ന് മുമ്പ് ഈ സമാധാന കരാർ പ്രയോഗത്തിൽ വരുമെന്നുള്ളതും ലോകസമാധാനം കാംക്ഷിക്കുന്നവർക്ക് ആശ്വാസം പകരുന്ന ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.