
വെനസ്വേലയില്‍ യുഎസ് സായുധ സേനയെ ഉപയോഗിച്ചേക്കാമെന്ന സൂചന ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോര്‍ഡ് കരീബിയന്‍ മേഖലയിലെത്തി ദിവസങ്ങള്‍ക്കുശേഷമാണ് ട്രംപിന്റെ പ്രസ്താവന. അന്തർദേശീയ ഭീഷണികളെ ചെറുക്കാനാണ് സെെനിക സന്നാഹം നടത്തുന്നതെന്ന് പെന്റഗണ്‍ വാദിക്കുന്നു. അമേരിക്കയിലേക്ക് പ്രവേശിക്കുന്ന മയക്കുമരുന്നിന്റെ വലിയൊരു ഭാഗം വെനസ്വേയില്‍ നിന്നാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ “കാർട്ടൽ ഓഫ് ദി സൺസ്” എന്ന ക്രിമിനൽ ഘടനയുടെ ഭാഗമാണെന്നും യുഎസ് ആരോപിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം നിയന്ത്രിക്കുന്ന വെനസ്വേലന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനും അതുവഴി യുഎസിന്റെ സാമ്പത്തിക, ഭൗമരാഷ്ട്രീയ താല്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഭരണനേതൃത്വത്തെ രാജ്യത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആരോപണങ്ങളെന്ന് മഡുറോ ചൂണ്ടിക്കാട്ടുന്നു. നവംബർ 16 ന്, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കാർട്ടൽ ഓഫ് ദി സൺസിനെ (കാർട്ടൽ ഡി ലോസ് സോൾസ്) വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. അരഗ്വ ട്രെയിൻ, സിനലോവ കാർട്ടൽ എന്നിവയുൾപ്പെടെ മറ്റ് നിയുക്ത വിദേശ ഭീകര സംഘടനകളോടൊപ്പം കാർട്ടൽ ഓഫ് ദി സൺസും തീവ്രവാദ അക്രമങ്ങൾക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കും മയക്കുമരുന്ന് കടത്തിനും ഉത്തരവാദികളാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ഭീകരപദവി നല്‍കിയതിലൂടെ കാർട്ടൽ ഓഫ് ദി സൺസിന്റെ ആസ്തികളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കാൻ അധികാരം നല്‍കുന്നു. എന്നാല്‍ വെനസ്വേലയ്ക്കെതിരായ ആക്രമണങ്ങളെ നിയമപരമായി ന്യായീകരിക്കാന്‍ ഇത് പര്യാപ്തമല്ലെന്ന് അന്താരാഷ്ട്ര നിയമ വിദ‍്ഗധര്‍ ചൂണ്ടിക്കാട്ടുന്നു. സായുധ സേനയെ വിന്യസിക്കുമെന്ന് പ്രസ്താവിച്ചെങ്കിലും മഡുറോയുമായുള്ള സംഭാഷണത്തിന്റെ സാധ്യതയും ട്രംപ് തള്ളിക്കളയുന്നില്ല. ചര്‍ച്ച നടത്തുമെന്ന് തന്നെയാണ് മഡുറോയുടെയും പ്രതികരണം. നയതന്ത്രത്തിലൂടെ മാത്രമേ വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയൂ. വെനസ്വേലയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും മുഖാമുഖം സംസാരിക്കാം, പക്ഷേ വെനസ്വേലൻ ജനതയെ കൂട്ടക്കൊല ചെയ്യാൻ അനുവദിക്കാനാവില്ലെന്നാണ് മഡുറോ പറഞ്ഞത്. വെനിസ്വേലയിൽ ഒരു സൈനിക ആക്രമണം ഉണ്ടായാൽ ട്രംപ് ഭരണകൂടത്തിന്റെ നിയമസാധുത നഷ്ടപ്പെടുമെന്ന് മഡുറോ മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.