
ലാ ലിഗ കിരീടപ്പോരാട്ടത്തിന് ചൂടുപിടിപ്പിച്ചു കൊണ്ട് റയൽ മാഡ്രിഡിന് തകർപ്പൻ ജയം. അത്‌ലറ്റികോ ബിൽബാവോയെ തങ്ങളുടെ തട്ടകത്തിൽ നേരിട്ട റയൽ, എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ മികവാണ് റയലിന് അനായാസ ജയം സമ്മാനിച്ചത്. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്‌സലോണയുമായുള്ള അകലം വെറും ഒരു പോയിന്റായി കുറയ്ക്കാനും റയലിനായി. മത്സരം ആരംഭിച്ച് ഏഴാം മിനിറ്റിൽ തന്നെ റയൽ മാഡ്രിഡ് ഗോളടിച്ചു. ട്രെന്റ് അലക്സാണ്ടർ ആർനോൾഡ് നൽകിയ തകർപ്പൻ പാസ് സ്വീകരിച്ച് എംബാപ്പെ ബിൽബാവോയുടെ വല കുലുക്കിയത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ റയൽ ലീഡ് ഉയർത്തി. 42-ാം മിനിറ്റിൽ എംബാപ്പെ എടുത്ത കോർണർ കിക്കിൽ നിന്ന് ഉയർന്നുചാടി ഹെഡ് ചെയ്ത് എഡ്വാർഡോ കാമവിംഗയാണ് സ്കോർ 2–0 ആക്കിയത്.
രണ്ടാം പകുതിയിലും റയൽ ആധിപത്യം തുടർന്നു. 59-ാം മിനിറ്റിൽ അൽവാരോ കരേരാസിന്റെ അസിസ്റ്റിൽ നിന്ന് എംബാപ്പെ തന്റെ രണ്ടാം ഗോളും റയലിന്റെ മൂന്നാം ഗോളും നേടി പട്ടിക തികച്ചു. ഗോൾകീപ്പറെ നിസ്സഹായനാക്കിയായിരുന്നു എംബാപ്പെയുടെ ഫിനിഷിംഗ്. ജയത്തോടെ റയൽ മാഡ്രിഡ് ലീഗ് ടേബിളിൽ ബാഴ്‌സലോണയ്ക്ക് തൊട്ടരികിലെത്തി കിരീടസാധ്യത സജീവമാക്കി. നിലവിലെ കണക്കുകൾ പ്രകാരം 15 മത്സരങ്ങളിൽ നിന്ന് 12 ജയവും ഒരു സമനിലയും രണ്ട് തോൽവിയുമുള്ള ബാഴ്‌സയ്ക്ക് 47 പോയിന്റാണുള്ളത്. 15 മത്സരങ്ങളിൽ നിന്ന് 11 ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമുള്ള റയലിനാകട്ടെ 46 പോയിന്റും. സീസൺ പകുതിയോട് അടുക്കുമ്പോൾ ഇരു ടീമുകളും തമ്മിലുള്ള ഈ നേരിയ വ്യത്യാസം വരും മത്സരങ്ങളെ കൂടുതൽ ആവേശകരമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.