
അഴിമതിക്ക് നിയമപ്രാബല്യം നൽകുന്നതായിരുന്നു നരേന്ദ്ര മോഡി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സംവിധാനം. വൻകിട കമ്പനികൾക്കും കടലാസ് സ്ഥാപനങ്ങൾക്കും കോർപറേറ്റുകൾക്കും വഴിവിട്ട നിലയിൽ സഹായങ്ങൾ നൽകി, പ്രതിഫലം പറ്റുന്നതിനുള്ള എളുപ്പവഴിയായാണ് അതിനെ ഉപയോഗിച്ചതെന്ന് തെളിയുന്നതിന് ഇലക്ടറൽ ബോണ്ട് നിയമവിരുദ്ധമാക്കിയുള്ള സുപ്രീം കോടതി വിധി ഉണ്ടാകേണ്ടിവന്നു. കരിമ്പട്ടികയിൽപ്പെട്ടവ ഉൾപ്പെടെ വൻകിട സ്ഥാപനങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ലാഭം കൊയ്യുന്നതിന് അവസരം ലഭിച്ച സംരംഭങ്ങളും അതിന്റെ മറവിൽ ശതകോടിക്കണക്കിന് രൂപയാണ് ബിജെപിയുടെ ഖജനാവിലേക്ക് സംഭാവനയായി ഒഴുക്കിയത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി തിരിച്ചടിയായെങ്കിലും അതിനകം തന്നെ ബിജെപി തങ്ങൾക്കാവശ്യമുള്ള ധനസമാഹരണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ ധനധൂർത്തിന് അവർക്ക് ഒരു തടസവുമുണ്ടായില്ല. എന്നാൽ ഇലക്ടറൽ ബോണ്ടിന് നിയമപരിരക്ഷ ഇല്ലാതായതിനുശേഷവും ബിജെപി കോഴപ്പണം കൈപ്പറ്റിയെന്നതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സെമി കണ്ടക്ടർ നിർമ്മാണത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയതിലൂടെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നൂറുകണക്കിന് കോടി രൂപയാണ് ബിജെപി സമാഹരിച്ചതെന്നാണ് പുറത്തുവന്നിരിക്കുന്ന വാർത്തകൾ. 2024 ഫെബ്രുവരി 29ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് മൂന്ന് സെമി കണ്ടക്ടർ യൂണിറ്റുകൾക്ക് അനുമതി നൽകുന്നതിന് തീരുമാനിച്ചത്. അതിൽ രണ്ടും ടാറ്റ ഗ്രൂപ്പിനായിരുന്നു. മൂന്നാമത്തെ യൂണിറ്റ് അനുവദിച്ചത് തമിഴ്‌നാട്ടിലെ മുരുഗപ്പ ഗ്രൂപ്പിനും. തദ്ദേശീയതയെ പ്രോത്സാഹിപ്പിക്കുക എന്ന പ്രചരണത്തോടെയാണ് രണ്ട് ഇന്ത്യൻ വ്യവസായ ഭീമൻ കമ്പനികൾക്ക് അനുമതി നൽകിയത്. യൂണിറ്റുകളുടെ നിർമ്മാണത്തുകയുടെ പകുതി കേന്ദ്ര സബ്സിഡിയായി നൽകുന്നതായിരുന്നു പദ്ധതി. ഇതുവഴി ടാറ്റയുടെ രണ്ട് പദ്ധതികൾക്ക് ലഭിച്ച സബ്സിഡി തുക 44,203 കോടി രൂപയായിരുന്നു. മുരുഗപ്പയ്ക്ക് ലഭിച്ച സബ്സിഡി 3,501 കോടി രൂപ. ഈ രണ്ട് കമ്പനികളും അതുവരെയില്ലാത്ത തോതിൽ ബിജെപിക്ക് വൻ തുക സംഭാവന നൽകിയെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച് ഒരുമാസത്തിനിടെയാണ് ടാറ്റ് ഗ്രൂപ്പ് ബിജെപിക്ക് 758 കോടി രൂപ നൽകിയത്. ലോക്‌സഭാ വോട്ടെടുപ്പിന് തലേന്നാണ് ഇത്രയും തുക കൈമാറ്റം നടന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച വിവരങ്ങൾ പ്രകാരം 2023 — 24 സാമ്പത്തിക വർഷം ബിജെപിക്ക് ലഭിച്ച ഏറ്റവും വലിയ സംഭാവനയാണിത്. ഗ്രൂപ്പിന്റെ പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് വഴിയാണ് സംഭാവന നൽകിയത്. പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് 2001 മുതൽ 24 വരെ ഒരു രാഷ്ട്രീയ പാർട്ടിക്കും സംഭാവന നൽകിയിരുന്നില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. മുരുഗപ്പ ഗ്രൂപ്പ് ബിജെപിക്ക് സംഭാവനയായി നൽകിയത് 125 കോടി രൂപയാണ്.
മന്ത്രിസഭാ തീരുമാനമനുസരിച്ചുള്ള ഈ മൂന്ന് സെമി കണ്ടക്ടർ യൂണിറ്റുകളിൽ രണ്ടെണ്ണം ബിജെപി ഭരിക്കുന്ന ഗുജറാത്തിലും ഒന്ന് അസമിലുമാണ് അനുവദിച്ചത്. ഇതിനുശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 2024 സെപ്റ്റംബറിൽ കേൻസ് ടെക്നോളജി ഗ്രൂപ്പിന്റെ കേൻസ് സെമികോൺ പ്രൈവറ്റ് ലിമിറ്റഡിന് ഗുജറാത്തിലെ സനന്ദിൽ ഒരു സെമി കണ്ടക്ടർ യൂണിറ്റ് കൂടി അനുവദിച്ചു. ഈ സ്ഥാപനത്തിന്റെ മേധാവി 2023 — 24ൽ ബിജെപിക്ക് നൽകിയ സംഭാവന 12 കോടി രൂപയായിരുന്നു. ഫലത്തിൽ സർക്കാർ ആനുകൂല്യങ്ങൾ അനുവദിക്കുകയും സംഭാവനയെന്ന പേരിൽ കോഴ കൈപ്പറ്റുകയുമാണ് ബിജെപി ചെയ്തതെന്നർത്ഥം. 2024–25 വർഷത്തിൽ ബിജെപി, വിവിധ ഇലക്ടറൽ ട്രസ്റ്റുകളിൽ നിന്ന് സംഭാവനയായി 959 കോടി രൂപ സ്വീകരിച്ചതിൽ, 758 കോടി അതായത് മൊത്തം സംഭാവനയുടെ 83%, ടാറ്റ ഗ്രൂപ്പ് നിയന്ത്രിത പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റിൽ (പിഇടി) നിന്നാണ് ലഭിച്ചിരിക്കുന്നത്. 2024 ഫെബ്രുവരിയിൽ, സുപ്രീം കോടതി, രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കുന്നതിനുള്ള ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധവും സുതാര്യമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കി. എന്നാൽ ഇലക്ടറൽ ട്രസ്റ്റുകളുടെ (ഇടി) സംവിധാനമുപയോഗിച്ച് സംഭാവനകൾ സ്വീകരിക്കുന്ന പ്രക്രിയ ബിജെപി തുടരുകയായിരുന്നു.
സുപ്രീം കോടതി റദ്ദാക്കുന്നതിന് മുമ്പ് 2023 — 24ൽ ഇലക്ടറൽ ബോണ്ടുകളിലൂടെ ബിജെപി 1,685 കോടി രൂപ സമാഹരിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസി) രേഖകൾ തെളിയിച്ചിരുന്നു. ഹാർമണി ഇടിയിൽ നിന്ന് 30.1 കോടി, ട്രയംഫ് ഇടിയിൽ നിന്ന് 21 കോടി, ജാൻ കല്യാണിൽ നിന്ന് 9.5 ലക്ഷം, ഐൻസിഗാർട്ടിക് ഇടിയിൽ നിന്ന് 7.75 ലക്ഷം രൂപ വീതം ബിജെപിക്ക് കിട്ടിയെന്നാണ് ഇസി രേഖകളിലുള്ളത്. മറ്റൊന്നുകൂടിയുണ്ട്; അത് ഇലക്ടറൽ ട്രസ്റ്റുമായി ബന്ധപ്പെട്ടതാണ്. 2013ൽ കോൺഗ്രസ് സർക്കാരാണ് ഇലക്ടറൽ ട്രസ്റ്റ് നിയമ ഭേദഗതി പ്രാബല്യത്തിൽ വരുത്തിയത്. 1956ലെ കമ്പനീസ് എട്ടാം വകുപ്പ് ഉൾച്ചേർത്ത് ഭേദഗതി വരുത്തിയാണ് 2013ലെ നിയമം ഉണ്ടാക്കിയത്. വിവിധ വൻകിട കമ്പനികളുമായി ബന്ധപ്പെട്ട് ട്രസ്റ്റ് രൂപീകരിക്കുകയും സംഭാവനകൾ സ്വരൂപിച്ച് പാർട്ടികൾക്ക് സംഭാവന നൽകുകയും ചെയ്യുന്നതിന് സാഹചര്യമൊരുക്കുകയായിരുന്നു ഇതിലൂടെ. ഇത് അഴിമതിയാണെന്ന് അന്ന് ബിജെപി ഉൾപ്പെടെ ആരോപണമുന്നയിച്ചിരുന്നതാണ്. കൂടാതെ 2014ൽ അധികാരത്തിലേറിയ ബിജെപി കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സംവിധാനം സുപ്രീം കോടതി റദ്ദാക്കിയപ്പോൾ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നതിന് ഇലക്ടറൽ ട്രസ്റ്റ് കൊണ്ടുവന്നവർക്ക് ബിജെപിയെ വിമർശിക്കാൻ അവകാശമില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അതേ ബിജെപി, ഇലക്ടറൽ ബോണ്ട് റദ്ദാക്കിയപ്പോൾ കോൺഗ്രസ് കൊണ്ടുവന്ന ഇലക്ടറൽ ട്രസ്റ്റ് സംവിധാനമുപയോഗിച്ച് സംഭാവനയെന്ന പേരിൽ കോഴ വാങ്ങിക്കൂട്ടിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ചക്കരക്കുടത്തിൽ കയ്യിട്ട് രുചിച്ചാൽ പിന്നെ അതിൽ നിന്ന് മുക്തിയില്ലെന്ന പഴഞ്ചൊല്ല് അർത്ഥവത്താക്കുക മാത്രമല്ല, മറിച്ച് അഴിമതിക്കുള്ള ഒരവസരവും പാഴാക്കില്ലെന്ന ബിജെപിയുടെ ദുഷ്ടചിന്തയാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്. എന്തുകൊണ്ടാണ് ബിജെപിക്ക് അധികാരദുര മൂത്ത് നില്‍ക്കുന്നതെന്ന ചോദ്യത്തിന് അഴിമതിതന്നെ എന്നാണ് ഈ സാഹചര്യങ്ങള്‍ തെളിയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.