18 November 2024, Monday
KSFE Galaxy Chits Banner 2

ലക്ഷദ്വീപ് സ്‌കൂളുകളിലെ മാംസാഹാരവിലക്ക്: ന്യായീകരിച്ച് ഭരണകൂടം സുപ്രീം കോടതിയില്‍

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
August 13, 2022 10:43 pm

ലക്ഷദ്വീപില്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ നിന്നും മാംസാഹാരങ്ങള്‍ ഒഴിവാക്കിയത് ഉണങ്ങിയ പഴങ്ങളും മറ്റ് പോഷകാഹാരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനെന്ന വിശദീകരണവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
മാംസാഹാരം കൈകാര്യം ചെയ്യാന്‍ ദ്വീപില്‍ ബുദ്ധിമുട്ടാണ്. മുമ്പുണ്ടായിരുന്ന ഉച്ചഭക്ഷണപട്ടികയില്‍ ഇവയുണ്ടായിരുന്നെങ്കിലും ലഭ്യത കുറവു മൂലം ഇവ കുട്ടികള്‍ക്ക് നല്‍കിയിരുന്നില്ല. പാല്‍, മുട്ട, മീന്‍, ഡ്രൈ ഫ്രൂട്‌സ്, മറ്റ് പഴങ്ങള്‍ എന്നിവ ആവശ്യത്തിന് ലഭ്യമാണ്. അതിനാലാണ് ഇവയെ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തത്. മാംസാഹാരം ഒഴിവാക്കാന്‍ തീരുമാനമെടുത്ത യോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പങ്കെടുത്തിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം സന്നദ്ധ സംഘടനകള്‍ക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.

കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായ സാഹചര്യത്തിലാണ് കവരത്തി, മിനിക്കോയി ദ്വീപുകളിലെ ഡയറി ഫാമുകള്‍ അടച്ചു പൂട്ടിയത്. മൃഗ സംരക്ഷണ നിയന്ത്രണവുമായി ഇതിന് ബന്ധമില്ല. ഫാമുകള്‍ അടച്ചു പൂട്ടി പശുക്കളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. അതിനാല്‍ ഇനി ഫാമുകള്‍ തുറക്കാനാകില്ല. ഖജനാവിന് നഷ്ടം വരുത്തുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഭരണകൂടത്തിന് അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ നിന്നും മാംസാഹാരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ കവരത്തി സ്വദേശി അജ്മല്‍ അഹമ്മദാണ് കോടതിയിലെത്തിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും ലക്ഷദ്വീപ് അഡ്മിസ്‌ട്രേറ്റര്‍ക്കും ഭരണകൂടത്തിനു നോട്ടീസ് അയച്ചു. ഒപ്പം സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്നും നീക്കിയ മാംസാഹാരം പുനഃസ്ഥാപിക്കാനും ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. സുപ്രീം കോടതി നോട്ടീസിനു നല്‍കിയ മറുപടിയിലാണ് ലക്ഷദ്വീപ് ഭരണകൂടം തങ്ങളുടെ തീരുമാനത്തെ ന്യായീകരിക്കുന്ന സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Meat ban in Lak­shad­weep schools: Govt defends in Supreme Court

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.