
കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക കാർബൺ സന്തുലിത ഭവനമായി കോഴിക്കോട് വേങ്ങേരിയിലെ ‘മേട’. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രാദേശിക പ്രവർത്തനത്തിൽ പുതിയ ചുവടുവയ്പ്പായാണ് ‘മേട’ എന്ന വീടിന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) കാർബൺ സന്തുലിത ഭവന പദവി നൽകിയത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ ഡോ. ബാബു പറമ്പത്തിന്റേതാണ് ഈ വീട്. 15 വർഷങ്ങൾക്ക് മുമ്പ് ഒരു മരവും ഇല്ലാത്ത പത്ത് സെന്റ് വാങ്ങിയാണ് നിർമ്മാണം. പിന്നീട് നൂറു കണക്കിന് മരങ്ങൾ നട്ട് സ്ഥലം പച്ചപ്പാക്കുകയായിരുന്നു. ആധുനിക മാലിന്യ സംസ്കരണരീതിയും ബയോഗ്യാസും സോളാർ വൈദ്യുതിയുമെല്ലാം ഒരുക്കിയാണ് മേട കാർബൺ സന്തുലിതമായത്. മേൽക്കൂരയിൽ സ്ഥാപിച്ച സൗരോർജ്ജ പാനൽ ഉപയോഗത്തിലൂടെ പരമ്പരാഗത വൈദ്യുതി ഉപയോഗത്തിൽ നിന്നുള്ള കാർബൺ പുറംതള്ളൽ ഒഴിവാക്കി.
വീട്ടിലെ ബയോഗ്യാസ് കമ്പോസിറ്റ് സംവിധാനത്തിലൂടെ അയൽപക്കത്തെ മൂന്ന് വീടുകളിൽ നിന്നുള്ള ജൈവമാലിന്യവും സംസ്കരിച്ചുവരുന്നു. ഇതുവഴി മാലിന്യത്തിൽ നിന്നുള്ള 2.74 ടൺ കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കാൻ സാധിച്ചു. ഇതിൽ നിന്ന് ലഭിക്കുന്ന ജൈവവളം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. വീട്ടുവളപ്പിലെ മരങ്ങൾ 0. 25 ടൺ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതായും പഠനം കാണിക്കുന്നു. മേടയുടെ കാർബൺ ബഹിർഗമനവും ആഗിരണവും സന്തുലിതമായ അവസ്ഥയിലാണ് എന്നതാണ് കാർബൺ സന്തുലിത ഭവന പദവിയിൽ എത്തിച്ചത്.
2050ഓടെ സംസ്ഥാനത്തെ കാർബൺ സന്തുലിതമാക്കാനുള്ള സംസ്ഥാന സർക്കാർ പ്രവർത്തനങ്ങളുടെ ഭാഗമായി സിഡബ്ല്യുആർഡിഎമ്മിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സെക്ടറൽ കാർബൺ റിഡക്ഷൻ പദ്ധതി പ്രകാരമാണ് പഠനം നടന്നത്. കാലാവസ്ഥാ വ്യതിയാനമെന്ന ആഗോള പ്രശ്നത്തിന് വ്യക്തിഗത സംരംഭങ്ങളിലൂടെ തീർക്കുന്ന പ്രതിരോധം എന്ന നിലയിലാണ് ‘മേട’ സിഡബ്ല്യുആർഡിഎം പഠന വിഷയമാക്കുന്നതും അംഗീകാരം നൽകുന്നതും.
ഐപിസിസി 2006ലെ ഹരിതഗൃഹ വാതക മാർഗനിർദേശങ്ങൾ പാലിച്ചാണ് പഠനം നടത്തിയത്. 2024 ജനുവരിയിൽ ആരംഭിച്ച പഠനം ഡിസംബറിൽ പൂർത്തിയാക്കി. വീടിന്റെ ഊർജ ഉപയോഗം, ജലനിർഗമനം, മാലിന്യ നിർമ്മാർജനം ഭൂവിനിയോഗം, വാഹന ഉപയോഗം എന്നീ പ്രധാന മേഖലകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. തിരുവനന്തപുരത്ത് നടന്ന വൃത്തി കോൺക്ലേവിൽ ഏറ്റവും നല്ല ഹരിത ഭവനത്തിനുള്ള പുരസ്കാരവും ‘മേട’ നേടിയിട്ടുണ്ട്. സിഡബ്ല്യുആർഡിഎം കാമ്പസിൽ നടന്ന ചടങ്ങിൽ ‘മേട കാർബൺ സന്തുലിത ഭവന റിപ്പോർട്ടി‘ന്റെ പ്രകാശനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.