
‘മെഡിസെപ്പ് ’ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്റ്റ്‌വേർ ഡിവിഷൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം ആറിന് തിരുവനന്തപുരം ഐഎംജിയിലെ ‘പദ്മം’ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്പ് ഉദ്ഘാടനം ചെയ്യുന്നത്.
സർക്കാർ ജീവനക്കാർ, പെൻഷൻകാർ, അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്പ്. രാജ്യത്ത് തന്നെ മാതൃകയായ പദ്ധതിയുടെ സ്വീകാര്യത വർധിച്ചു വരുന്ന സാഹചര്യത്തിലും പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായും പദ്ധതിയുടെ വിശദാംശങ്ങൾ ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് മൊബൈൽ ആപ്ലിക്കേഷൻ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയെക്കുറിച്ച് മെച്ചപ്പെട്ട അവഗാഹം നൽകുന്നതിന്റെ ഭാഗമായി ഇതിനുമുമ്പ് മെഡിസെപ് വെബ് പോർട്ടൽ ആരംഭിക്കുകയും ഹാൻഡ് ബുക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിന്റെ തുടർച്ചയായിട്ടാണ് മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നത്. ചടങ്ങില്‍ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. നാളിതുവരെ പദ്ധതിയുമായി സഹകരിച്ച സംസ്ഥാനത്തെ ആശുപത്രികളിൽ മികച്ച സേവന ദാതാക്കളായ സർക്കാർ / സ്വകാര്യ/ സഹകരണ/സ്വയംഭരണ മേഖലയിലെ ആശുപത്രികൾക്കും പദ്ധതി നടപ്പിലാക്കുന്ന ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കും പദ്ധതിയുടെ ജില്ലാതല പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി മികച്ച സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥർക്കുമുള്ള അഭിനന്ദനപത്രം വിതരണം ചെയ്യും.
മെഡിസെപ്പില്‍ ഇതുവരെ നല്‍കിയത് 591 കോടി രൂപ
മെഡിസെപ്പില്‍ ഇതുവരെ ആകെ 2,20,860 ക്ലെയിമുകളിലായി 591,42,70,739 രൂപയുടെ പരിരക്ഷ അംഗീകരിച്ചു. ഇതിൽ സർക്കാർ മേഖലയിലെ ക്ലെയിമുകൾ 18,153 എണ്ണവും അംഗീകരിച്ച തുക 39,52,04,198 രൂപയുമാണ്. സ്വകാര്യമേഖലയിൽ 202,707 ക്ലെയിമുകളിലായി 551,90,66,541 രൂപ അംഗീകരിച്ചു. ഗുരുതര രോഗങ്ങൾക്കുള്ള പാക്കേജ് വിഭാഗത്തിൽ 1853 ക്ലെയിമുകളിലായി 38,18,06,928 രൂപയാണ് അംഗീകരിച്ചത്. ഇതിൽ സർക്കാർ മേഖലയിലെ ക്ലെയിമുകൾ 110 എണ്ണവും ( 1,43,84,497 രൂപ), സ്വകാര്യ മേഖലയിൽ 1743 ക്ലെയിമുകളുമാണുള്ളത് (36,74,22,431 രൂപയുമാണ്).
സ്വകാര്യമേഖലയിലെ ആശുപത്രികളിൽ തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 7943 ക്ലെയിമുകളിലായി 22,71,92,939 രൂപ അംഗീകരിച്ചു. കോഴിക്കോട് എംവിആർ കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 4771 ക്ലെയിമുകളിലായി 14,27,98,201 രൂപ അംഗീകരിച്ചു. കണ്ണൂർ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 4260 ക്ലയിമുകളിലായി 14,46,98,777 രൂപയും തിരുവല്ല ബിലീവേഴ്സ് ചർച്ച മെഡിക്കൽ കോളജ് 3945 ക്ലെയിമുകളിലായി 8,18,46,661 രൂപയും എറണാകുളം അപ്പോളോ അടൂലക്‌സ് ഹോസ്പിറ്റൽ 3741 ക്ലെയിമുകളിലായി 8,79,13,475 രൂപയും അംഗീകരിച്ചു.
സഹകരണ മേഖലയിലെ ആശുപത്രികളിൽ കൊല്ലം എൻഎസ് ഹോസ്പിറ്റൽ 6218 ക്ലെയിമുകളിലായി 21,37,23,473 രൂപയും കണ്ണൂർ എകെജി ഹോസ്പിറ്റൽ 5301 ക്ലെയിമുകളിലായി 11,97,98,226 രൂപയും അംഗീകരിച്ചു.
സർക്കാർ മേഖലയിലെ ആശുപത്രികളിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി 2300 ക്ലെയിമുകളിലായി 6,00,56,400 രൂപയും തിരുവനന്തപുരം ജനറൽ ആശുപത്രി 740 ക്ലെയിമുകളിലായി 1,55,67,905 രൂപയുമാണ് അംഗീകരിച്ചത്. സ്വയംഭരണ മേഖലയിലെ ആശുപത്രികളിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ 3041 ക്ലെയിമുകളിലായി 7,10,14,724 രൂപയാണ് അംഗീകരിച്ചത്.
English Sammury: Medisep mobile application launch today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.