15 January 2026, Thursday

സമാഗമം

കരവാളൂർ ശിവകുമാർ
May 4, 2025 3:00 am

മാടൻ നടയിൽ ബസ് നിന്നു. ലാസ്റ്റ് സ്റ്റോപ്പ് അതാണ്. ഓരോരുത്തരായി അവർക്ക് പോകേണ്ട സ്ഥലത്തേക്ക് പോയിത്തുടങ്ങി. കഷ്ടിച്ച് പത്തു പതിനഞ്ചു പേർ കാണും. ക്ഷീണം തീർക്കാൻ എന്ന വണ്ണം അല്പനേരം അയാൾ ബസിൽ തന്നെ ഇരുന്നു. പിന്നെ ബാഗുമെടുത്ത് ഇറങ്ങി നടന്നു. ഓലമേഞ്ഞ കടകളും ഓടിട്ട കെട്ടിടങ്ങളും ഉണ്ടായിരുന്ന സ്ഥാനത്ത് പരിഷ്കാരത്തിന്റെ കോൺക്രീറ്റ് കെട്ടിടങ്ങൾ ആൾക്കാരുടെ വേഷവിധാനങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്. ജനിച്ച നാട്ടിൽ നിന്ന് പോയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞുപോയി. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയം അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട സ്ഥലംമാറ്റം നാടുമായി ഉള്ള ബന്ധം എന്നന്നേക്കുമായി വിച്ഛേദിക്കപ്പെട്ടു. വീടും പറമ്പുംകിട്ടിയ വിലയ്ക്ക് കൈമാറി ഞങ്ങൾ തിരക്കേറിയ മദിരാശി പട്ടണത്തിലേക്ക് പറിച്ചു നടപ്പെട്ടു.”അല്ല, ഇവിടെ പുതിയ ആളാണ് അല്ലേ? ആരെ കാണാനാ…?” ആ ചോദ്യം കേട്ട് അയാൾ തിരിഞ്ഞു നോക്കി അടുത്തുള്ള പീടികക്കാരന്റെ ചോദ്യമായിരുന്നു. “ഗോവിന്ദൻ മാഷിന്റെ വീട്” അയാൾ തിരിച്ചു ചോദിച്ചു. പീടികക്കാരൻ അടിമുടി നോക്കി എന്നിട്ട് പറഞ്ഞു, ”കുറച്ചുകൂടി മുന്നോട്ടു നടന്നോ സൊസൈറ്റി ജങ്ഷനിൽ എത്തും. അവിടെനിന്ന് ഇടത്തോട്ട് അഞ്ചാമത്തെ വീടാ. മാഷിന്റെ ശിഷ്യനാവും അല്ലേ?”  ചെറുതായെന്ന് തലകുലുക്കി നന്ദി സൂചകമായി ഒന്ന് നോക്കിയിട്ട് അയാൾ നടന്നു. ഇംഗ്ലീഷ് ഭാഷയിൽ പരാജിതനായിരുന്ന തന്നെ ആ ഭാഷ വശത്താക്കാൻ പ്രേരിപ്പിച്ചതും പഠിപ്പിച്ചു തന്നതും ഏറ്റവും നല്ല മാർക്ക് ഇംഗ്ലീഷ് ഭാഷയിൽ നേടാൻ ആയതും പിന്നെ പിജി എടുത്ത് വലിയ ഉദ്യോഗസ്ഥൻ ആകാൻ കഴിഞ്ഞതും ഗോവിന്ദൻ മാഷിന്റെ ആത്മാർത്ഥമായ സ്നേഹവും മിടുക്കും കൊണ്ടാണ്. വൈകുന്നേരങ്ങളിൽ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി ട്യൂഷൻ എടുത്തു തന്നിരുന്നു. അയാൾ സൊസൈറ്റി ജങ്ഷനിൽ എത്തി. ഓർത്തെടുക്കാൻ ആവാത്ത പരിചിത മുഖങ്ങൾ അഞ്ചാമത്തെ വീടിനടുത്ത് എത്തി, ഗേറ്റിന്റെ സാക്ഷ നീക്കി. മുറ്റത്ത് ആരുമില്ല. പരിഷ്കാരം ഒട്ടും തൊട്ട് തീണ്ടാത്ത ഓടിട്ട വീട്.

എത്രയോ തവണ താൻ വന്നിട്ടുള്ളതാണ്. നിറം അവിടവിടെ മങ്ങിയിട്ടുണ്ട്. ചുമരിലെ കോളിങ് ബെല്ലിൽ വിരൽ അമർത്തി. ”ആരാ, എവിടുന്നാ? വലത്തെ ജനാലയിൽ നിന്നാണ് ഒരു സ്ത്രീ സ്വരം കേട്ടത്. നോക്കുമ്പോൾ നരച്ച ജനാലവിരി മാറ്റി തന്നെ നോക്കുന്ന മാഷിന്റെ ഭാര്യ സൗദാമിനി വാർധക്യം വല്ലാതെ അവരെ വിഴുങ്ങിയിരിക്കുന്നു. ദൈന്യത പടർന്ന മുഖം ”വിശ്വൻ. വിശ്വനാഥൻ മദ്രാസിൽ നിന്നാ…” അയാൾ അത് മുഴുമിപ്പിക്കും മുമ്പേ അവർ മറഞ്ഞു. അല്പം കഴിഞ്ഞ് മുൻ വാതിൽ തുറന്ന്, “ഉം വരൂ മാഷ് അകത്തെ മുറിയിൽ ഉണ്ട്.”അവരുടെ പിന്നാലെ അനുസരണയുള്ള കുട്ടിയെ പോലെ നടന്നു. അവിടെ എല്ലാം ചിരപരിചിതമായിരുന്നുവെങ്കിലും എന്തോ ഒരു മടുപ്പ് അയാൾക്ക് അനുഭവപ്പെട്ടു. തൈലത്തിന്റെയും മരുന്നിന്റെയും ഗന്ധം മൂക്കിൽ അരിച്ചുകയറുന്നു. മാഷ് കട്ടിലിൽ കിടക്കുകയാണ്. വളരെ ക്ഷീണിതനായിരിക്കുന്നു. ജുബ്ബയും മുണ്ടും ഉടുത്ത് പ്രസരിപ്പാർന്ന മുഖത്തോടെ ക്ലാസ് മുറിയിലേക്ക് കടന്നുവരുന്ന ഗോവിന്ദൻ മാഷിന്റെ മുഖം അയാളുടെ മനസിൽ മിന്നായം പോലെ മാഞ്ഞു. എല്ലാദിവസവും പകർത്തെഴുത്തുണ്ട്. ക്ലാസിൽ ഒരു ദിവസം താൻ പകർത്ത് എഴുത്ത് എഴുതാതെ ചെന്നു. തലേദിവസം മാഷ് ഇട്ട ഒപ്പ് മായിച്ചിട്ട് അന്നത്തെ പകർത്തെഴുത്ത് ആണെന്ന് പറഞ്ഞു മുന്നിൽവച്ചു.

മാഷ് തെറ്റ് കണ്ടുപിടിക്കുകയും നാളെ അച്ഛനെ കൂട്ടി വന്നിട്ട് ക്ലാസിൽ കയറിയാൽ മതിയെന്നും പറഞ്ഞു. ഇക്കാര്യം അച്ഛനോട് പറയുക പോലും ചെയ്യാതെ, ഒടുവിൽ മാഷ് ക്ലാസിൽ കയറ്റി. അത്രയ്ക്ക് തന്നോട് സ്നേഹമായിരുന്നു. അയാൾ കൈകൂപ്പി മാഷ് ഇരിക്കാൻ ആംഗ്യം കാട്ടി. തൊട്ടടുത്ത് കസേര ഉണ്ടായിരുന്നിട്ടും കട്ടിലിന്റെ ഓരത്ത് അയാൾ പതുക്കെ ഇരുന്നു. മാഷിന്റെ കണ്ണുകളിലെ കരുണാർദ്ര ഭാവം ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നത് അയാൾക്ക് അനുഭവപ്പെട്ടു. “മറക്കുന്നവരാ ഏറെയും… പരാതിയില്ല.ഓരോരുത്തർക്കും ഓരോ കാര്യങ്ങൾ അല്ലേ… എന്നാലും നീ എന്നെ കാണാൻ വന്നല്ലോ. നന്നായി.” ഇത്രയും പറഞ്ഞ് മാഷ് അകലേക്ക് നോക്കി.  മാഷിന്റെ ഭാര്യകട്ടൻ ചായ കൊണ്ടുവന്നു. അയാൾ ഒരു കവിൾ കുടിച്ചു. ”സാർ, കൃഷ്ണനുണ്ണി?” അയാൾ തിരക്കി. പെട്ടെന്ന് മാഷിന്റെ കണ്ണുകളിൽ ദൈന്യത പടരുന്നത് അയാൾ കണ്ടു. കൃഷ്ണനുണ്ണി മാഷിന്റെ ഏക മകനാണ്. തന്നിൽ നിന്നും ഒരു വയസിന് ഇളപ്പം. വലിയ സ്നേഹമായിരുന്നു. മാഷ് ഇടറുന്നസ്വരത്തിൽ പറഞ്ഞു. “അവൻ ഡിഗ്രി പഠനം കഴിഞ്ഞ് പട്ടാളത്തിൽ ചേർന്നു. ജമ്മുവിൽ വച്ച് തീവ്രവാദികളുമായുള്ള ആക്രമണത്തിൽ…” മാഷിന്റെ തൊണ്ടയിടറി. എന്തു പറയണമെന്നറിയാതെ അയാൾ കുഴങ്ങി. എന്ത് ആശ്വസിപ്പിക്കാൻ? “നിന്റെ അച്ഛനും അമ്മയ്ക്കും സുഖമല്ലേ? നിന്റെ വിവാഹം…?” മാഷിന്റെ വാക്കുകൾ അയാളെ ഉണർത്തി. ”അച്ഛൻ കഴിഞ്ഞമാസം മരിച്ചു എനിക്കൊരു മകനുണ്ട്. ഞങ്ങളോടൊപ്പം ആണ് അമ്മ താമസിക്കുന്നത്…” ഇത്രയും പറഞ്ഞ് ബാഗ് തുറന്നു ഒരു വലിയ പൊതി മാഷിന്റെ മുന്നിൽ വച്ചു. ജുബ്ബയും മുണ്ടും ആണ്.  അയാൾ പറഞ്ഞു, “വേണ്ടായിരുന്നു. വന്നു കണ്ടില്ലേ… എന്നാലും നിരസിക്കുന്നില്ല. ഇനി നമ്മൾ തമ്മിൽ കാണുമെന്ന്…” മാഷിന്റെ വാക്കുകൾ പാതിവഴിയിൽ മുറിഞ്ഞു പോയി. തന്റെ ജീവിതത്തിന് അർത്ഥസമ്പുഷ്ടമാക്കിയ മാഷിന്റെ കാലിൽ തൊട്ട് നമസ്കരിച്ചു. മാഷ് അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി. അയാളുടെ ശിരസിൽ വിറയ്ക്കുന്ന കൈവച്ച് അനുഗ്രഹിച്ചു. എന്തോ ഒരു ഊർജ്ജം തന്നിലേക്ക് പ്രവഹിക്കുന്നതുപോലെ തോന്നി. ബസിൽ ഇരിക്കുമ്പോൾ ഏതോ ഒരു വലിയ കാര്യം ചെയ്ത തൃപ്തി അയാളുടെ മനസിനെ സാന്ത്വനപ്പെടുത്തുമ്പോഴും എവിടെയോ ഒരു നീറ്റൽ അയാൾക്ക് അനുഭവപ്പെട്ടു.

 

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.