
ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി പോലുള്ള രേഖകൾ കൈവശം വെക്കുന്നതുകൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാകില്ലെന്ന് ബോംബെ ഹൈകോടതി. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്നാരോപിച്ച് പിടികൂടിയ ബംഗ്ലാദേശിൽ നിന്നുള്ള ഒരാൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. വ്യാജമായ രേഖകൾ ഉപയോഗിച്ച് പത്തു വർഷത്തിലേറെ ഇന്ത്യയിൽ താമസിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. പൗരത്വ നിയമത്തിലെ വ്യവസ്ഥകൾ ആർക്കൊക്കെ ഇന്ത്യൻ പൗരനാകാമെന്നും പൗരത്വം എങ്ങനെ നേടാമെന്നും വ്യക്തമാക്കുന്നുവെന്നും രേഖകൾ തിരിച്ചറിയൽ രേഖക്കോ സേവനങ്ങൾക്കോ മാത്രമാണെന്നും ജസ്റ്റിസ് അമിത് ബോർക്കറുടെ ബെഞ്ച് പറഞ്ഞു.
സാധുവായ പാസ്‌പോർട്ടോ യാത്രാ രേഖകളോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി പൗരനെന്ന് ആരോപിക്കപ്പെടുന്ന ബാബു അബ്ദുൽ റഊഫ് സർദാറിന് കോടതി ജാമ്യം നിഷേധിച്ചത്. ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ഇന്ത്യൻ പാസ്‌പോർട്ട് തുടങ്ങിയയുടെ വ്യാജ പതിപ്പുകൾ അദ്ദേഹം സ്വന്തമാക്കിയതായി ആരോപിക്കപ്പെടുന്നു.
1955ൽ പാർലമെന്റ് പൗരത്വ നിയമം പാസാക്കിയിട്ടുണ്ട്. അത് പൗരത്വം നേടുന്നതിനുള്ള സ്ഥിരവും സമ്പൂർണ്ണവുമായ ഒരു സംവിധാനം സൃഷ്ടിച്ചുവെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് ബോർക്കർ ചൂണ്ടിക്കാട്ടി. ‘എന്റെ അഭിപ്രായത്തിൽ, 1955ലെ പൗരത്വ നിയമമാണ് ഇന്ന് ഇന്ത്യയിൽ ദേശീയതയെക്കുറിച്ചുള്ള ചോദ്യങ്ങൾ തീരുമാനിക്കുന്നതിനുള്ള പ്രധാനവും നിയന്ത്രിക്കുന്നതുമായ നിയമം. ആർക്കൊക്കെ പൗരനാകാം, എങ്ങനെ പൗരത്വം നേടാം, ഏതൊക്കെ സാഹചര്യങ്ങളിൽ അത് നഷ്ടപ്പെടാം എന്നിവ വ്യവസ്ഥ ചെയ്യുന്ന നിയമമാണത്’ അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപ്രകാരമുള്ള പൗരന്മാർക്കും അനധികൃത കുടിയേറ്റക്കാർക്കും ഇടയിൽ നിയമം വ്യക്തമായ ഒരു രേഖ വരക്കുന്നുവെന്നും ബെഞ്ച് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.