4 January 2025, Saturday
KSFE Galaxy Chits Banner 2

ബേത് ലഹേമിൽ നക്ഷത്രോദയം

ഡോ. ജോർജ് ഓണക്കൂർ
December 25, 2022 8:00 am

ഏതു ജീവിയും പ്രാഥമികമായി മോഹിക്കുന്നത് സ്വാതന്ത്ര്യമാണ്. പക്ഷേ അധികാരശക്തികൾ സദാ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. അതിനെ പ്രതിരോധിക്കാനും ജീവിതപഥങ്ങളിൽ മുന്നേറാനും സാധ്യമായിക്കൊള്ളണമെന്നില്ല. അത്തരമൊരു നിസഹായതയിൽ ഒരു സഹായകൻ ആവശ്യമാണ്; രക്ഷകനുവേണ്ടി പ്രാർത്ഥിച്ചുപോകുന്നു. ഇങ്ങനെയൊരു പ്രാർത്ഥനയായിരുന്നു ഇസ്രയേൽ ജനതയുടെ സമർപ്പണം. അവർക്ക് ആശ്വാസമായി, പ്രതീക്ഷയായി പ്രവാചകന്മാരുടെ വാക്കുകൾ. ഒരു രക്ഷകൻ ആഗമിക്കും; അടിമത്തത്തിൽ നിന്ന് മോചനം നൽകും. നഷ്ടപ്പെട്ട പറുദീസയുടെ വീണ്ടെടുപ്പ് സുസാധ്യമാക്കും. അവൻ ആരായിരിക്കും? ഇസ്രയേലിന്റെ ഏത് ഗോത്രത്തിലാവും അവന്റെ അവതാരം? യുഗാന്തരങ്ങളുടെ കാത്തിരിപ്പുകൾ, സഹനബലികൾ… ജനം പിൻവാങ്ങിയില്ല; പ്രത്യാശ വെടിഞ്ഞില്ല. ഓരോരോ പുതിയ ശബ്ദങ്ങൾ മനസ് ഉണർത്തുമ്പോഴും അവർ ആരാഞ്ഞുകൊണ്ടിരുന്നു.

“വരാനിരിക്കുന്നവൻ നീ തന്നെയോ? ”ഒടുവിൽ മരുഭൂമിയിൽ ഉയർന്നുകേട്ട വിപ്ലവാഹ്വാനങ്ങളുടെ ഉടമയോടും അവർ തിരക്കി.
“പ്രവാചകന്മാരിൽ അറിയിക്കപ്പെട്ട വിമോചകൻ നീയോ?”അധികാരസ്ഥാനങ്ങളെ വിറകൊള്ളിച്ച ആ വിപ്ലവകാരി ശാന്തത കൈവരിച്ച് വിനയാന്വിതനായി മൊഴിഞ്ഞു. “എന്നെക്കാൾ ശക്തനായവൻ എന്റെ പിന്നാലെ വരുന്നു. അവന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല. അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങൾക്ക് സ്നാനം നൽകും. വീശുമുറം അവന്റെ കൈയിലുണ്ട്. അവൻ കളം വെടിപ്പാക്കി ഗോതമ്പ് അറപ്പുരയിൽ ശേഖരിക്കും. പതിര് കെടാത്ത തീയിൽ ദഹിപ്പിക്കുകയും ചെയ്യും.”

കാലം കാത്തിരുന്ന ശക്തനും നീതിമാനുമായ വിമോചകൻ രണ്ടായിരം വർഷം മുൻപ് യൂദയാ നാട്ടിലെ ബേത് ലഹേമിൽ അവതീർണനായി എന്ന് ചരിത്രം. ലോകമെങ്ങും നിവസിക്കുന്നവർ തങ്ങളുടെ സ്വന്തം നഗരത്തിൽ പേരു ചാർത്തണമെന്ന രാജകല്പനയുടെ കാലമായിരുന്നു അത്. ഗലീലിയിലെ പട്ടണമായ നസറേത്തുകാരനായ യൗസേപ്പ്. ദാവീദിന്റെ വംശജൻ ആയിരുന്നതുകൊണ്ട് പേരെഴുതിക്കാൻ പൂർവികരുടെ പട്ടണമായ ബേത് ലഹേമിലേക്ക് ഭാര്യ മറിയത്തോടൊത്ത് യാത്രയായി. ദൈവകൃപയാൽ ഗർഭിണിയായിരുന്നു അവൾ.
ബേത് ലഹേമിൽ വച്ച് മറിയത്തിന് പ്രസവസമയം അടുത്തു. ജനത്തിരക്കു നിമിത്തം സത്രത്തിൽ ഇടം കിട്ടായ്കയാൽ കാലിത്തൊഴുത്തിലാണ് അവർക്കു രാപാർക്കേണ്ടിയിരുന്നത്. അവിടെ മറിയം തന്റെ കടിഞ്ഞൂൽ പുത്രനു ജന്മം നല്കി. പിള്ളക്കച്ച കൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി.

വയലുകളിൽ ആടുകളെ കാത്ത് രാത്രി കഴിച്ചിരുന്ന ആട്ടിടയന്മാരിലേക്ക് ആദ്യം ആ സന്ദേശമെത്തി. എങ്ങും ശക്തമായ പ്രകാശം. “ഭയപ്പെടേണ്ട; ഇതാ, സകല ജനത്തിനു വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത. ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു പിറന്നിരിക്കുന്നു. പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ശിശുവിനെ ചെന്നു കണ്ടാലും.”
ആകാശത്തിൽ ഹൃദ്യമായ സംഗീതം മാറ്റൊലിക്കൊള്ളുന്നു. “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം!”ആട്ടിടയന്മാർ വേഗത്തിൽ പുറപ്പെട്ടു സത്രത്തിലെത്തി. പുൽത്തൊട്ടിയിൽ ശിശുവിനെയും അമ്മയായ മറിയത്തെയും യൗസേപ്പിനെയും ദർശിച്ചു.

കിഴക്ക് ഉദയം ചെയ്ത അപൂർവ നക്ഷ്രത്രം പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്നു. ഇത് കാലം കൊണ്ടാടുന്ന ക്രിസ്മസ് രാത്രി. യുഗങ്ങളായി അടിമത്തത്തിൽ കഴിഞ്ഞ, പീഡകൾ ഏറ്റുവാങ്ങേണ്ടിവന്ന ജനതയ്ക്ക് വിമോചകൻ. യൂദയാ നാട്ടിൽ ആശ്വാസത്തിന്റെ അലയൊലികൾ. ആഹ്ലാദത്തിന്റെ നക്ഷത്രത്തിളക്കം. ശിശിര രാത്രിയിൽ മഞ്ഞ് പെയ്തുകൊണ്ടിരുന്നു. നനുത്ത തൂവൽ സ്പർശം പോലെ ശരീരവും മനസും തണുപ്പിക്കുന്ന ആർദ്ര സുന്ദരമായ കാലപ്പകർച്ച. ചരിത്രത്തിന്റെ പേജുകളിൽ ഒതുങ്ങാതെ നിത്യാനുഭവമായി, രക്ഷയുടെ സുവിശേഷമായി ക്രിസ്മസ് എന്നും നിലനിൽക്കുന്നത് എന്തുകൊണ്ടാണ്? ഒരു ചെറിയ ഭൂവിസ്തൃതിക്കുള്ളിൽ ആ മഹത്വം മറയുന്നില്ല. പീഡിതരും ദുഃഖിതരുമായ മനുഷ്യർക്ക് എക്കാലവും അത് രക്ഷയുടെ സന്ദേശമാണ്’ സ്വാതന്ത്ര്യത്തിന്റെ രക്ഷാമന്ത്രമാണ്.

റോമൻ സാമ്രാജ്യത്തിന്റെ അധിനിവേശവും മതപുരോഹിതന്മാരുടെ നിരന്തര ചൂഷണങ്ങളും സ്വത്വബോധം നഷ്ടപ്പെടുത്തി നിന്ദിതരും പീഡിതരുമാക്കിയ യൂദവാ ജനത. പാപബോധം അവരെ വേട്ടയാടി. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിലവിളി ഞെരിഞ്ഞ കണ്ഠങ്ങളിൽ അമർന്നൊതുങ്ങി. എന്നെങ്കിലുമൊരിക്കൽ രക്ഷകൻ അവതരിക്കും; അടിമത്തത്തിന്റെ നുകക്കീഴിൽ നിന്ന് വിമോചനം നൽകും.
പ്രതീക്ഷകൾക്ക് നിറം മങ്ങിയ കാലത്താണ് ബേത് ലഹേമിൽ പുതിയ നക്ഷത്രോദയം. അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് ‘ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്’ മരണത്തിൽ നിന്ന് ജീവനിലേക്ക്-

-ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ അതെ; ക്രിസ്മസ് ശാന്തിയുടെ സന്ദേശമാണ്. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ നിശബ്ദ പ്രഖ്യാപനമാണ് മനുഷ്യൻ മനുഷ്യനെ വെറുക്കാതെ, സമ്പത്തോ സാമൂഹികപദവികളോ ഭിന്നത വളർത്താതെ സർവരും ദൈവമക്കളായി ഒരുമിക്കുന്നതിനുള്ള ആഹ്വാനം. രക്ഷകൻ പിറവികൊണ്ട സമയം ആകാശത്തിൽ അപൂർവ തേജസാർന്ന നക്ഷത്രം ഉദയം ചെയ്തതായി വേദങ്ങൾ ഉദ്ഘാഷിക്കുന്നു. ആ പ്രകാശധാര പിൻതുടർന്നാണ് കിഴക്കു നിന്നുള്ള ജ്ഞാനികൾ ബേത് ലഹേമിൽ എത്തിച്ചേർന്നത്; ശിശുവിനെ ദർശിച്ച് അനുഗ്രഹം പ്രാപിച്ചത്.
കാലികൾക്ക് ഭക്ഷണമൊരുക്കാൻ നിർമ്മിച്ച പുൽത്തൊട്ടിയിൽ മനുഷ്യരാശിയുടെ രക്ഷകൻ! രാജാവായ ഹേറോദേശിന്റെ കൊട്ടാരത്തിൽ ശിശുവിനെത്തേടിയവരാണ് ജ്ഞാനികൾ. പക്ഷേ ആ ദിവ്യശിശുവിനെ അവിടെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. രാജകൊട്ടാരത്തിലോ പ്രഭുമന്ദിരങ്ങളിലോ അല്ല, ഈ ഭൂമിയിൽ ഏറ്റവും നിസാരമായ ഒരിടത്താണ് അവതാരം! ആ സുവിശേഷം ആദ്യം അറിയിക്കപ്പെട്ടത് കേവലം ആട്ടിടയർക്കാണ് എന്ന പരാമർശവും ഓർമ്മിക്കുക. എളിയ മനുഷ്യർക്ക് ആശ്വാസദായകനായി പിറക്കുന്ന ദൈവപുത്രൻ. റോമൻ അധീശശക്തിയുടെ വേട്ടയാടലുകളിൽ നിന്നാണ് വിടുതൽ. അതിനോടൊത്തു നിന്ന് പാവപ്പെട്ട ജനങ്ങളെ പാപികളായി മുദ്രകുത്തി പീഡിപ്പിച്ചു പോന്ന മതമേധാവിത്തത്തിനെതിരെ നീതിയുടെ ശബ്ദം! കാലങ്ങളായി രക്ഷയുടെ മാർഗം തേടിപ്പോന്ന ജനസമൂഹം.

പ്രാർത്ഥനയുടെ കണ്ണുനീർകൊണ്ട് അവർ ബലിപീഠങ്ങൾ കഴുകി ശുദ്ധമാക്കി ആത്മബലികൾ അർപ്പിച്ചു. ദുഃഖിതർക്കാണ് മനുഷ്യപുത്രൻ രക്ഷയുടെ കുളിർധാരയാകുന്നത്. അധ്വാനിച്ച് നെറ്റിയിലെ വിയർപ്പുകൊണ്ട് നിത്യവൃത്തി കഴിക്കുന്നവർക്കാണ് ആശ്വാസത്തിന്റെ തണൽമരമാകുന്നത്. യഥാർത്ഥത്തിൽ ക്രിസ്മസ് വിളംബരം ചെയ്യുന്നത് ഈ മാനവികത, കരുണയുടെ സന്ദേശം. അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും ചേർത്തുപിടിക്കുന്നു. ആരും ആരെയും ഭയപ്പെടാതെ നിത്യസമാധാനത്തിൽ ഒരുമിക്കുന്ന മഹനീയമായ കാലപ്പിറവി. അവിടെ അധികാരത്തിന്റെ അട്ടഹാസങ്ങളില്ല; വിശ്വാസവഞ്ചനകളും ചൂഷണങ്ങളും അകലെ. കലഹങ്ങൾ ഒഴിഞ്ഞ് ഹൃദയസമാധാനം പുലരുന്ന ദിനരാത്രങ്ങൾ. സ്നേഹസംഗീതം മനോവീണയിൽ. വാക്കുകളിൽ കിനിയുന്ന മാധുര്യം. നക്ഷത്ര ദീപവുമേന്തി, കരോൾ ഗീതികൾ പാടി സ്വാതന്ത്ര്യത്തിന്റെ നവവിഭാതത്തിലേക്കു യാത്ര ചെയ്യാൻ പ്രചോദനം. സമാധാനത്തിന്റെ പൂക്കൾ വിടരുകയും സന്തോഷത്തിന്റെ സുഗന്ധം പ്രസരിക്കുകയും ചെയ്യുന്ന യുഗപ്പുലരിയാണ് ക്രിസ്മസ്. ശിക്ഷയുടെ കാലം അവസാനിക്കുന്നു. നിത്യരക്ഷയുടെ യുഗപ്പിറവി സംഭവിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.