ലോകഫുട്ബോൾ കിരീടം അർജന്റീന എന്ന രാജ്യത്തിലേക്ക് വീണ്ടും കൊണ്ടുവരുന്നതിൽ ഏറ്റവും വലിയ ത്യാഗം അനുഭവിച്ച ഫുട്ബോൾ കളിക്കാരൻ ലയണൽ മെസി തന്നെയായിരുന്നു. കളിയെ ജീവിതമായും രാജ്യത്തിന്റെ അഭിമാനമായും കണ്ട വികാര ജീവിയായിരുന്നു അദ്ദേഹം. ഓരോ കളിയും കഴിയുമ്പോഴും അടുത്ത കളിയെക്കുറിച്ചുള്ള ചിന്തയും ആസക്തിയും മനസിനെ അസ്വസ്ഥമാക്കും. പ്രീ ക്വാർട്ടർ ലീഗിൽ സൗദിയോട് തോറ്റപ്പോൾ മാനസികമായി അനിശ്ചിതത്വം പിടികൂടിയിരുന്നത് മുഖത്ത് പ്രതിഫലിച്ചിരുന്നു. കളിയിൽ കാണുന്ന കണിശതയും എതിരാളിയുടെ കുറവുകൾ കണ്ട് മുതലടുക്കാനുള്ള കൂർമ്മബുദ്ധിയും മെസിയിലെ കളിക്കാരനെ പൂർണനാക്കുന്നു. ഫിഫയുടെ മികച്ച കളിക്കാനുള്ള അവാർഡ് മെസിക്ക് തന്നെയാണ് ലഭിച്ചത്. ഗ്യാലപ്പ്പോളിലൂടെയാണ് താരത്തെ തെരഞ്ഞെടുത്തത്. അതിൽ 52 ശതമാനവും പേരും മെസിയെയാണ് നിർദേശിച്ചത്. രണ്ടാം സ്ഥാനത്ത് ഫ്രാൻസിന്റെ എംബാപ്പെയെത്തി. മൂന്നാം സ്ഥാനത്തുള്ളത് ഫ്രാൻസിന്റെ തന്നെ കരീം ബെൻസേമയാണ്. ക്രൊയേഷ്യയുടെ ലുക്കാ മോഡ്രിച്ച് നാലാം സ്ഥാനത്തുണ്ട്.
ഫിഫാ അവാർഡ് മെസിക്ക് ലഭിക്കുന്നത് ഏഴാംതവണയാണ്. കോപ്പ അമേരിക്ക, ഫൈനലിസിമ എന്നീ ലോക കിരീടങ്ങളും അർജന്റീനക്ക് ഒരുമിച്ചു ലഭിക്കുന്നതിന് നേതൃത്വം നൽകിയ മഹാപ്രതിഭയാണ് മെസി. എല്ലാ തരത്തിലുമുള്ള വിമർശനങ്ങളെയും പക്വതയോടെ നേരിട്ട മെസി, ഇപ്പോൾ അർജന്റീനയുടെ പ്രിയപ്പെട്ട താരമായി. മാത്രമല്ല, ഇനിയും ഒരിക്കൽക്കൂടി ഫിഫകപ്പ് കൊണ്ടുവരാൻ മെസിക്ക് കഴിയുമെന്നും അവർ വിശ്വസിക്കുന്നു.
മെസിക്ക് ലോകതലത്തിൽവരുന്ന വൻ നേട്ടങ്ങൾ അർജന്റീനയിൽ ഇന്നോളം ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലാണ്. ഏതാണ്ട് രണ്ടു വ്യാഴവട്ടക്കാലത്തെ ഫുട്ബോൾ ജീവിതത്തിൽ അർജന്റീനയിലെ എല്ലാ മുൻഗാമികളുടെയും മുന്നിലാണ് മെസി. എട്ട് രാജ്യാന്തര മത്സരപരമ്പരകളിൽ മികച്ച കളിക്കാരനുള്ള അവാർഡ് നേടിയ ഏകതാരം മെസി മാത്രമാണ്. ഫിഫാ വേൾഡ് കപ്പിൽ രണ്ടു തവണയും ചാമ്പ്യൻസ് ലീഗ്, ഫൈനലിസിമ, ക്ലബ്ബ് വേൾഡ് കോപ്പ, കോപ്പ ഡെൽറെ, ഫ്രഞ്ച് സൂപ്പർകപ്പ്, യുവേഫ സൂപ്പർ കപ്പ്, സ്പാനീഷ് സൂപ്പർ കപ്പ് എന്നിവയാണ് മികച്ച താരമെന്ന ബഹുമതി നേടിയ ടൂർണമെന്റുകൾ. മറഡോണയെന്ന മഹാപ്രതിഭ പിറന്ന മണ്ണിൽ, മരിയോ കെംബസ് എന്ന മഹാപ്രതിഭ നിറഞ്ഞാടിയ മണ്ണിൽ മെസി കളിച്ചു നേടിയ മഹാനേട്ടങ്ങൾ അർജന്റീനയുടെ അന്തസ് ലോകത്തോളമുയർത്തി. മികച്ച കളിക്കാരനെന്ന ബഹുമതിക്ക് പുറമെ കളിക്കളത്തിൽ അന്തസോടെ പെരുമാറുന്നതും കൃത്യതയാർന്ന കളിനിലനിർത്തുന്നതുമായ പ്രതിഭയാണ് അദ്ദേഹം. സഹകളിക്കാർ ഏറ്റവുമധികം സ്നേഹിക്കുന്ന താരവും മെസിതന്നെ.
ഫുട്ബോൾ കോടികൾ വാരിയെറിയുന്ന കളിയാണ്. അറിയപ്പെടുന്ന താരങ്ങൾക്ക് വിവിധയിനങ്ങളിലായി കോടികൾ വന്നുകൊണ്ടിരിക്കും. കണ്ണുതള്ളുന്ന വരുമാനം പരസ്യം വഴി ലഭിക്കും. കണക്കെടുത്താൽ അന്തംവിട്ടുപോകും. ഇപ്പോൾ സഹകളിക്കാർക്ക് സ്വർണക്കട്ടി പതിച്ച ഐ ഫോൺ നൽകിക്കൊണ്ട് കളിക്കാരോടുള്ള കൂറു പ്രഖ്യാപിക്കുകയാണ് ലയണൽ മെസി. കളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫിനും ഉൾപ്പെടെ 35 പേർക്കാണ് സമ്മാനം നൽകുന്നത്. കപ്പ് നേടിയാൽ കളിക്കാർക്ക് രാജ്യങ്ങൾ നൽകുന്നത് വാച്ചായിരുന്നു. മെസി ഈ കാര്യത്തിൽ ധാരാളിത്തം കാട്ടുകയാണ്. 24 കാരറ്റ് സ്വർണം പൂശി സ്വർണം പതിച്ച് പേരും ജഴ്സി നമ്പറും അർജന്റീനയുടെ ഒഫീഷ്യൽ എംബ്ലവും ഫോണിനൊപ്പം ഉണ്ടാകും. പ്രത്യേകം നിർമ്മിക്കുന്ന ഫോണിന് ഒരെണ്ണത്തിന് ഒരു കോടി എഴുപത്തിമൂന്ന് ലക്ഷമാണ് വില. ഇത് ഒരു ചരിത്ര സംഭവമാവുകയാണ് അർജന്റീനയിൽ.
പണം ധാരാളമായി വന്നു കുന്നുകൂടി വലിയ ബിസിനസുകാരായി വരുന്നവരും ജീവകാരുണ്യ പ്രവർത്തനത്തിൽ പണം ഒഴുക്കുന്നവരും ഉണ്ട്. ആഫ്രിക്കൻ താരങ്ങളാണ് ധനം ദാനമായി നൽകുന്നതിൽ മുന്നിലുള്ളവർ. സെനഗൽ താരവും ആഫ്രിക്കൻ ബെസ്റ്റ് ഫുട്ബോളറുമായ സാദിയാ മാനെ തന്റെ വരുമാനം ദരിദ്രരായ കറുത്തമനുഷ്യര്‍ക്ക് നൽകുന്നതിൽ മുന്നിലാണ്. ബ്രസീൽ നായകൻ നെയ്മർ സ്വന്തം വരുമാനം പാവപ്പെട്ട കുട്ടികൾക്ക് പഠനത്തിനും ഭക്ഷണത്തിനും ഫുട്ബോൾ പരിശീലനത്തിനും നൽകുന്നു. അവിടെ സ്വന്തം സ്റ്റേഡിയവും സൗജന്യ ബോർഡിങ് സ്കൂളും നടത്തുന്നുണ്ട്. ജീവകാരുണ്യത്തിൽ നെയ്മർ മുന്നിലാണ്. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയതാണ്. മിക്കവാറും പ്രമുഖ താരങ്ങൾ വിവിധയിനങ്ങളിൽ ജനങ്ങളെയും സഹായിക്കുന്നുണ്ട്.
ഐഎസ്എൽ മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിപ്പോയെന്ന വാർത്ത ഫുട്ബോൾ പ്രേമികളെ ആശങ്കയിലാഴ്ത്തൂന്നതായിരുന്നു. ലോകം ശ്രദ്ധിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബായി ആരാധകലോകത്തെ സ്വാധീനിച്ചിരുന്നതാണ് ബ്ലാസ്റ്റേഴ്സ്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അധികം ജനങ്ങൾ ശ്രദ്ധിക്കുന്ന ഏഷ്യൻ ക്ലബ്ബാണ് മഞ്ഞപ്പട. ബാംഗ്ലൂർ എഫ്‌സിയുമായുള്ള നിർണായക മത്സരത്തിലാണ് ഒരു ഗോൾ സ്കോറിങ്ങുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയും ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തത്. പരിചയസമ്പന്നനായ വിദേശ കോച്ച് വുകാനോവിച്ച് കളിക്കാരെ ഗ്രൗണ്ടിൽ നിന്നും തിരിച്ചു വിളിക്കുകയായിരുന്നു. കളിയിൽ ബാംഗ്ലൂർ ജയിച്ചതായി റഫറി പ്രഖ്യാപിച്ചു. ഈ സംഭവത്തെകുറിച്ച് വ്യത്യസ്തമായ ചർച്ചകൾ നടന്നു വരികയാണ്.
ഇവിടെ പ്രസക്തമായ കാര്യം, കളിക്കളത്തിൽ നിന്നുള്ള ബഹിഷ്കരണമാണ്. ഒരിക്കലും ചെയ്തുകൂടാത്തതാണ് ഇറങ്ങിപ്പോക്ക്. കളി നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമെ പരാതി ഉന്നയിച്ച് ബോധ്യപ്പെടുത്താൻ കഴിയു. റഫറിയുടെ പക്ഷപാതം ആണെങ്കിലും അതിനെതിരെ പരാതി ഉന്നയിച്ച് പരിഹാരം തേടാം. വികാരത്തിന്റെ വഴി ഫുട്ബോളിൽ ഒരിക്കലും അനുവദനീയമല്ല.ജയവും തോൽവിയും സർവ സാധാരണമാണ്. ഇന്നാണെങ്കിൽ നിയമപരമായ മാർഗങ്ങൾ നിരവധിയുണ്ട്. അതനുസരിച്ചു അസോസിയേഷനുകളെ സമീപിക്കാനും നിരവധി വഴികളുണ്ട്. വികാരം കൊണ്ട് പ്രശ്നപരിഹാരം ഒരിക്കലും ഫുട്ബോളിൽ അനുവദനീയമല്ല. ജനപിന്തുണയുള്ള മഞ്ഞപ്പടയെ വികാരത്തിന്റെ വഴിയെ നയിച്ചു ഇത്തരമൊരു ദുരവസ്ഥയിൽ ചാടിച്ചത് തികഞ്ഞ അവിവേകമാണ്.
റഫറിമാർ പക്ഷപാതം കാണിച്ചാൽ പരിശോധിക്കാൻ സംവിധാനമുണ്ട്. ഗ്രൗണ്ടിൽ പ്രശ്നം പരിഹരിക്കാൻ ഉത്തരവാദിത്തം റഫറിമാർക്കാണ്. കളികാണാൻ എത്തിയവർക്ക് ഫുൾടൈം കളി കാണാൻ അവസരം വേണ്ടേ. ഈ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് പിഴവാണ് കാണിച്ചത്. കളിയിൽ തോൽവി സ്വാഭാവികമാണ്. ഇത്തവണ ടീമിന്റെ പ്രകടനം വേണ്ടത്ര നന്നായില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. ഓരോകളിയും എങ്ങനെ നേരിടണമെന്ന് നന്നായി ഗൃഹപാഠം ചെയ്ത്കളിക്കണം. ഇത്തവണ സ്ഥിരതയില്ലാത്ത മത്സരങ്ങളാണ് കേരളത്തെ പ്ലേ ഓഫിൽ എത്തിച്ചത്.
ബാഴ്സലോണയും റയലും പിഎസ്ജിയും ബയേണുമൊക്കെ ഓരോകളിയും ഗൃഹപാഠത്തിലൂടെയാണ് നേരിടുന്നത്. ഒരിക്കൽ കൂടി പറയാം, വികാരം കളിയെ തടസപ്പെടുത്താനും പുറത്തിറങ്ങാനും വേണ്ടിയല്ല. ഗ്രൗണ്ടിൽ നന്നായി കളിച്ചു ജയിക്കാനാണ്. ആരാധക ലോകത്തിന്റെ ആത്മാർത്ഥത ആവേശത്തിൽ കൂടിയാണ്. അതിൽ വികാരത്തിന്റെ ആധിക്യം കാണാം. എന്നാൽ ടീമിന് പട്ടാളച്ചിട്ടയും നിയമങ്ങളും അനിവാര്യമാണ്.
English Summary;Messi; The best talent in football
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.