23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 10, 2024
March 28, 2024
February 11, 2024
December 17, 2023
October 16, 2023
October 10, 2023
October 6, 2023
September 29, 2023
July 28, 2023

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഇനിയും പുറത്താക്കും

ഹാജര്‍ രേഖപ്പെടുത്താന്‍ മുഖം തിരിച്ചറിയല്‍ സംവിധാനം 
കോടിക്കണക്കിനുപേര്‍ക്ക് തൊഴില്‍ നഷ്ടമാകും
Janayugom Webdesk
ന്യൂഡല്‍ഹി
December 17, 2023 10:54 pm

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് കൂടുതല്‍ പേരെ പുറത്താക്കുന്നതിനുള്ള തുഗ്ലക് പരിഷ്കാരവുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയില്‍ അംഗങ്ങളായവരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ മുഖം തിരിച്ചറിയല്‍ സംവിധാനം (ഫേസ് ഓതന്റിക്കേഷൻ) ഏര്‍പ്പെടുത്താനാണ് ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ തീരുമാനം. വ്യാജ തൊഴില്‍ കാര്‍ഡ് കരസ്ഥമാക്കി വേതനം കൈപ്പറ്റുന്നവരെ ഒഴിവാക്കാനും, സാമ്പത്തിക തട്ടിപ്പ് ഇല്ലാതാക്കാനുമാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.

എന്നാല്‍ പദ്ധതിയുടെ ഭാഗമായി മോഡി സര്‍ക്കാര്‍ കൊണ്ട് വന്ന എല്ലാ പരിഷ്കാരങ്ങളുടെയും ആത്യന്തിക ഫലം തൊഴിലാളികളുടെ പുറത്താകല്‍ മാത്രമായിരിക്കുമ്പോഴാണ് പുതിയ നീക്കം. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. മുഖം തിരിച്ചറിയല്‍ സംവിധാനം വഴി ശേഖരിക്കുന്ന വിവരം ആധാറുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഭരണാധികാരികളോട് സംവിധാനം നടപ്പിലാക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നിര്‍ദേശിച്ചു.

അനധികൃത പണം കൈപ്പറ്റുന്നവരെ തിരിച്ചറിയാനും സാമ്പത്തിക ക്രമക്കേടുകള്‍ കുറയ്ക്കാനും, പദ്ധതി കൂടുതല്‍ സുതാര്യമാക്കാനും ഇതുവഴി സാധിക്കുമെന്നാണ് ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ വിശദീകരണം. കേന്ദ്ര സര്‍ക്കാരിന്റെ ആപ്പായ മൊബൈല്‍ മോണിറ്ററിങ് സിസ്റ്റത്തിലും ഈ സംവിധാനം ഏര്‍പ്പെടുത്തും. പാര്‍ലമെന്റിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ രാജ്യത്തിന്റെ വിദുര മേഖലകളിലെ തൊഴിലാളികള്‍ക്ക് പുതിയ പരിഷ്കാരം ദോഷകരമാകുമെന്ന ആശങ്ക ഇതിനകം പല കോണുകളില്‍ നിന്നും ഉയര്‍ന്ന് കഴിഞ്ഞു.

ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത ഇടങ്ങളിലും സാങ്കേതിക തടസങ്ങളും തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക. മോഡി സര്‍ക്കാര്‍ തൊഴിലുറപ്പ് മേഖലയില്‍ നടത്തിയ അശാസ്ത്രീയ പരിഷ്കാരത്തിന്റെ ഭാഗമായി കോടിക്കണക്കിന് പേര്‍ പദ്ധതിയില്‍ നിന്ന് പുറത്തായ സാഹചര്യത്തിലാണ് മുഖം തിരിച്ചറിയല്‍ സംവിധാനം കൂടി വരുന്നതെന്ന് തൊഴിലാളി സംഘടനകളും കുറ്റപ്പെടുത്തുന്നു.

ബജറ്റ് വിഹിതം വെട്ടിക്കുറച്ചും തൊഴില്‍ ദിനങ്ങളില്‍ കുറവ് വരുത്തിയും പദ്ധതിയെ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യാനുള്ള മോഡി സര്‍ക്കാരിന്റെ മറ്റൊരു തന്ത്രമാണ് മുഖം തിരിച്ചറിയല്‍ സംവിധാനമെന്ന് തൊഴിലാളി സംഘടനകള്‍ പറഞ്ഞു. സാധാരണ ജനങ്ങള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന പദ്ധതിയെ ജനകീയമാക്കുന്നതിന് പകരം ജനവിരുദ്ധ സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ച് ജനങ്ങളില്‍ നിന്നും അകറ്റുന്ന സമീപനമാണ് മോഡി സര്‍ക്കാര്‍ നടത്തിവരുന്നതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ഇതിനകം പുറത്താക്കിയത് എട്ടു കോടി പേരെ

ആപ്ലിക്കേഷന്‍ അടിസ്ഥാനത്തില്‍ ഹാജറും ആധാറുമായി ബന്ധിപ്പിച്ച് വേതന വിതരണവും ഏര്‍പ്പെടുത്തി രണ്ടുവര്‍ഷത്തിനിടെ പദ്ധതിയില്‍ നിന്ന് പുറത്തായത് എട്ടു കോടിയോളം പേര്‍. കഴിഞ്ഞ ജനുവരിയില്‍ കാര്‍ഡുള്ള 27.5 കോടി പേരില്‍ 18.3 ശതമാനത്തിന് വേതന ലഭ്യതയ്ക്ക് വിഘാതമുണ്ടായെന്നും 1.2 കോടി തൊഴിലാളികള്‍ പുറത്തായെന്നുമാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്. ഇതിന് പുറമേ വ്യാജ തൊഴില്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വേതനം കൈപ്പറ്റിയെന്നും മറ്റുമുള്ള ആരോപണമുന്നയിച്ച് 5.48 കോടി പേരുകള്‍ നീക്കിയതായും 7.34 ലക്ഷം വ്യാജ തൊഴില്‍ കാര്‍ഡുകള്‍ നശിപ്പിച്ചുവെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry: MGNREGA workers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.