22 January 2026, Thursday

Related news

January 14, 2026
January 8, 2026
January 5, 2026
December 27, 2025
December 21, 2025
December 20, 2025
December 18, 2025
December 8, 2025
December 1, 2025
November 30, 2025

ഉച്ചഭക്ഷണം: 84,000 വിദ്യാലയങ്ങളെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി

Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2025 9:48 pm

പ്രധാനമന്ത്രി പോഷണ്‍ പദ്ധതി (പിഎം പോഷണ്‍) ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുറത്തായത് 84,000 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. 2020–21 ല്‍ 11.19 ലക്ഷം വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയിരുന്ന പദ്ധതി 2024–25ല്‍ 10.45. ലക്ഷം വിദ്യാലയങ്ങളിലേക്ക് ചുരുങ്ങി. അഞ്ചുവര്‍ഷത്തിനിടെ 84,435 വിദ്യാലയങ്ങളിലാണ് സൗജന്യ ഉച്ചഭക്ഷണ പദ്ധതി മോഡി സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ലോക്‌സഭയില്‍ എഎപി എംപി സഞ്ജയ് സിങ്ങിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നല്‍കിയ മറുപടിയാണ് പിഎം പോഷണ്‍ പദ്ധതിയുടെ ദുരവസ്ഥ വെളിപ്പെടുത്തിയത്. കണക്കുകൾ പ്രകാരം, 2020നും 22നും ഇടയിലാണ് ഏറ്റവും വലിയ പുറന്തള്ളല്‍ നടന്നത്. ഒരു വർഷത്തിനുള്ളിൽ 35,574 സ്കൂളുകൾ പദ്ധതിയുടെ പരിധിയിൽ നിന്ന് പുറത്തായി. 

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും അധികം വിദ്യാലയങ്ങള്‍ പദ്ധതിയില്‍ നിന്ന് പുറത്തായത്-25,361. മധ്യപ്രദേശ് 24,704, അസം 9,321 വിദ്യാലയങ്ങളും സമാന കാലയളവില്‍ പിഎം പോഷണ്‍ പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പുറത്തായി. ഇത്രയും വിദ്യാലയങ്ങള്‍ പുറത്തായത് സംബന്ധിച്ച കാരണങ്ങള്‍ വിദ്യാഭ്യാസ സഹമന്ത്രി വ്യക്തമാക്കിയില്ല. പകരം അര്‍ഹതയുള്ള കുട്ടികൾക്ക് ചൂടുള്ളതും പാകം ചെയ്തതും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകുന്നതിനുള്ള മൊത്തത്തിലുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളുടെ ചുമതലയാണ് എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ജയന്ത് ചൗധരി നല്‍കിയത്.

പദ്ധതി ഇല്ലാതായതോടെ ഗ്രാമീണ മേഖലയിലെ പാര്‍ശ്വവല്‍കൃത വിഭാഗം വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായത്. കൊടും പട്ടിണിയും ദാരിദ്ര്യവും അലട്ടുന്ന ഉത്തരേന്ത്യന്‍ ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിയ ആശ്വാസം നല്‍കിയിരുന്ന പിഎം പോഷണ്‍ പദ്ധതി മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയത് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.